കഴിഞ്ഞ 18 വർഷമായി പ്രൊഫഷണൽ നർത്തകനായി പ്രവർത്തിക്കുന്ന ബെഞ്ചമിൻ, ഈ നേട്ടം ആഫ്രിക്കൻ നൃത്തകലയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും കൂടുതൽ സമയം നൃത്തം ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള കഠിനമായ ദൗത്യത്തിൽ നൈജീരിയൻ നർത്തകൻ. 'ബെൻഡാൻസർ' എന്ന പേരിൽ പ്രശസ്തനായ 33-കാരൻ ബെഞ്ചമിൻ ഡാനിയൽ ഗബ്രിയേലാണ് ഏഴു ദിവസം (168 മണിക്കൂർ) ഇടതടവില്ലാതെ നൃത്തം ചെയ്ത് ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്. സെപ്റ്റംബർ 21-ന് നൈജീരിയയിലെ ലാഗോസിലുള്ള ഫ്രീഡം പാർക്കിലാണ് ഈ നൃത്ത മാരത്തോൺ ആരംഭിച്ചത്.
2023-ൽ ഇന്ത്യക്കാരിയായ സൃഷ്ടി സുധീർ ജഗ്താപ് തന്റെ പതിനാറാം വയസ്സിൽ 127 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് സ്ഥാപിച്ച ലോക റെക്കോർഡ് തകർക്കാനാണ് ബെഞ്ചമിൻ ലക്ഷ്യമിടുന്നത്. സൃഷ്ടിയുടെ പ്രകടനം ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ കഥകിനെ ആസ്പദമാക്കിയുള്ളതായിരുന്നുവെങ്കിൽ, നൈജീരിയൻ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാർന്ന താളങ്ങളുമാണ് ബെഞ്ചമിൻ തന്റെ ദൗത്യത്തിലുടനീളം പുറത്തെടുത്തത്.
പിന്തുണയുമായി ആയിരങ്ങൾ
റെക്കോർഡ് ശ്രമം ഔദ്യോഗികമായി അംഗീകരിച്ചതായി ഗിന്നസ് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആഫ്രിക്കൻ രാജ്യങ്ങളിലുടനീളം വലിയ തരംഗമാണ് ഈ പ്രകടനം സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് യുവാക്കൾ നൃത്തം ചെയ്തും ദൃശ്യങ്ങൾ പകർത്തിയും ബെഞ്ചമിന് പിന്തുണയേകി.
18 വർഷത്തെ പ്രൊഫഷണൽ പരിചയം
കഴിഞ്ഞ 18 വർഷമായി പ്രൊഫഷണൽ നർത്തകനായി പ്രവർത്തിക്കുന്ന ബെഞ്ചമിൻ, ഈ നേട്ടം ആഫ്രിക്കൻ നൃത്തകലയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 250-ലധികം വംശീയ വിഭാഗങ്ങൾ വസിക്കുന്ന നൈജീരിയയിലെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിവിധ വസ്ത്രങ്ങളണിഞ്ഞാണ് അദ്ദേഹം പ്രകടനം നടത്തിയത്.
168 മണിക്കൂർ പൂർണ്ണ സജ്ജനായി നിൽക്കാൻ കഠിനമായ ശാരീരിക പരിശീലനങ്ങളും പ്രത്യേക ഭക്ഷണക്രമവുമാണ് തങ്ങൾ പിൻതുടർന്നതെന്ന് ബെഞ്ചമിൻ്റെ സംഘം വ്യക്തമാക്കി. കേവലം ശാരീരികക്ഷമത പ്രകടിപ്പിക്കുന്നതിനപ്പുറം നൈജീരിയൻ സംസ്കാരത്തിന്റെ വൈവിധ്യം ലോകത്തിന് കാട്ടിക്കൊടുക്കാനാണ് ഈ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു
