ദിനപ്പത്രങ്ങള്‍ കൃഷിയിടങ്ങളില്‍ കമ്പോസ്റ്റായും ചെടികള്‍ക്ക് കീഴില്‍ പുതയിടാനും പല രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഗ്രോബാഗില്‍ ഉപയോഗശൂന്യമായ ദിനപത്രവും ചകിരിച്ചോറും കമ്പോസ്റ്റും ചാണകപ്പൊടിയും വിവിധ അടുക്കുകളായി നിറച്ച് പോട്ടിങ്ങ് മിശ്രിതത്തിലെ അമ്ലഗുണം മാറാനായി ഡോളമൈറ്റ് വിതറി പച്ചക്കറികള്‍ കൃഷി ചെയ്‍ത് വിജയം കൈവരിച്ചവരാണ് കൊല്ലം ജില്ലയിലെയും തിരുവനന്തപുരം ജില്ലയിലെയും മട്ടുപ്പാവ് കര്‍ഷകര്‍. മുളക്, വഴുതന, ചീര, തക്കാളി എന്നിവ ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ വളര്‍ന്ന് വിളവെടുക്കാമെന്ന് ചാത്തന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എന്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ തെളിയിച്ചുകഴിഞ്ഞു. ദിനപ്പത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടിക്കാനുപയോഗിക്കുന്ന മഷിയിലെ വിഷാംശം മനുഷ്യശരീരത്തിന് ഹാനികരമല്ലേയെന്നാണ് കാര്‍ഷികലോകം ഇപ്പോള്‍ സംശയിക്കുന്നത്. ഇതില്‍ വാസ്‍തവമുണ്ടോ?

ഇവിടെ ദിനപ്പത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗില്‍ ജലസേചനത്തിനായി മദ്ധ്യഭാഗത്തുകൂടി തിരികള്‍ കടത്തിവെച്ച് പി.വി.സി പൈപ്പ് ലൈനിലെ സുഷിരങ്ങളിലേയ്ക്ക് ഇറക്കുകയാണ് ചെയ്യുന്നത്. ഈ പി.വി.സി പൈപ്പിന്റെ മുകള്‍ഭാഗത്താണ് ഗ്രോബാഗുകള്‍ വയ്ക്കുന്നത്. പൈപ്പ് ലൈനിന്റെ ഇരുവശങ്ങളിലും ഇഷ്ടികകള്‍ വച്ചാണ് ഗ്രോബാഗുകള്‍ വീഴാതെ സൂക്ഷിക്കുന്നത്. നിങ്ങളുടെ മട്ടുപ്പാവിലെ പൈപ്പ് ലൈന്‍ നേരിട്ട് വെള്ളം ശേഖരിക്കുന്ന സ്രോതസ്സുകളുമായി ഘടിപ്പിക്കാവുന്നതും വാള്‍വുകള്‍ വഴി നിയന്ത്രിക്കാവുന്നതുമാണ്.

 

എല്ലാ ചെടികളും ലോഹങ്ങളുടെ അംശം വേരുകള്‍ വഴി വലിച്ചെടുക്കാന്‍ കഴിവുള്ളവയല്ലെന്നും പച്ചക്കറികള്‍ വന്‍തോതില്‍ വിഷാംശം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതല്ലെന്നും ഈ മണ്ണില്ലാക്കൃഷി വികസിപ്പിച്ചെടുത്ത ഷിബുകുമാറും കൃഷി ഓഫീസര്‍ പ്രമോദും ഓര്‍മപ്പെടുത്തുന്നു. മനുഷ്യര്‍ക്ക് ഹാനികരമായ വിഷാംശം ശരീരത്തിലെത്താന്‍ ദിനപ്പത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കാരണമാകുന്നുവെന്ന് ചിന്തിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് ഇവര്‍ പറയുന്നത്.

ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ 400 ഗ്രോബാഗുകളുടെ പ്രദര്‍ശനത്തോട്ടം സിവില്‍ സ്‌റ്റേഷന്റെ മട്ടുപ്പാവില്‍ ഒരുക്കിയിരുന്നു. ഇവരുടെ ശ്രമഫലമായി ഏകദേശം 50 ഗ്രോബാഗുകളില്‍ നിന്നായി 3 കി.ഗ്രാം മുളകും 10 കി.ഗ്രാം വഴുതനയും 4 കി.ഗ്രാം തക്കാളിയും വിളവെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഏകദേശം 25 ഗ്രോബാഗുകളില്‍ നിന്നായി 1500 രൂപയുടെ ചീരയും ലഭിച്ചിട്ടുണ്ട്.

 

മൂന്ന് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പുകളില്‍ കൃത്യമായ അകലത്തില്‍ ദ്വാരങ്ങളുണ്ടാക്കുകയാണ് ആദ്യപടി. പഴയ സാരികള്‍ പൗച്ച് പോലെ തയ്ക്കണം. അതിനകത്തേക്ക് ഉണങ്ങിയ ചകിരിച്ചോറിന്റെ കമ്പോസ്റ്റ് നല്ല കനത്തില്‍ നിറച്ച് 20-22 സെ.മീ നീളമുള്ള ഒരു മെഴുകുതിരി പോലെയാക്കി തയ്ച്ചെടുക്കുന്നു. അതിനുശേഷം പി.വി.സി പൈപ്പിലെ ദ്വാരത്തിനകത്തേക്ക് ഈ തിരി ഇറക്കിവെക്കും. ഗ്രോബാഗിന്റെ ചുവട്ടിലുള്ള ദ്വാരത്തിലൂടെ ഈ തിരിയുടെ മറ്റേ അറ്റം ചെടികള്‍ക്ക് വെള്ളം കിട്ടാനായി കയറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇനി ഈ ഗ്രോബാഗിലേക്കാണ് ദിനപ്പത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുന്നത്.

സോയാബീനില്‍ നിന്നും അച്ചടിമഷി

അമേരിക്കയിലെ ന്യൂസ് പേപ്പര്‍ പബ്ലിഷേഴ്‌സിന്റെ അസോസിയേഷന്‍ പെട്രോകെമിക്കല്‍ അംശമുള്ള മഷി പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാനും സോയാബീനില്‍ നിന്നുള്ള മഷിയും വെള്ളത്തെ അടിസ്ഥാനമാക്കി വേര്‍തിരിച്ചെടുക്കുന്ന മഷിയും ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സോയാബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മഷി പ്രിന്ററുകളില്‍ ഉപയോഗിക്കാന്‍ നല്ലതാണ്. ഇതില്‍ 20 മുതല്‍ 100 ശതമാനം സോയാബീനില്‍ നിന്നുള്ള എണ്ണയാണ്. പെട്രോളിയം ഉപയോഗിച്ചുള്ള രാസവസ്തുക്കള്‍ പ്രിന്റിങ്ങില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ജൈവ രീതിയില്‍ വിഘടനം സംഭവിച്ച് മണ്ണില്‍ ഇഴുകിച്ചേരാന്‍ സഹായിക്കുന്നതാണ് സോയാബീനില്‍ നിന്നുള്ള മഷി.

അമേരിക്കയിലും ന്യൂയോര്‍ക്കിലുമെല്ലാം ദിനപത്രങ്ങള്‍ ഇപ്പോള്‍ കമ്പോസ്റ്റ് തയ്യാറാക്കാനും പുതയിടാനും ഉപയോഗിക്കുന്നുണ്ട്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ദിനപത്രങ്ങള്‍ വളരെ പതുക്കെ വിഘടിക്കുന്ന സ്വഭാവമുള്ളതാണെങ്കിലും ഇതില്‍ അടങ്ങിയിട്ടുള്ള ചെറിയ അളവിലുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് സൂചിപ്പിക്കുന്നു. ഇവിടെ മൃഗങ്ങള്‍ പത്രങ്ങള്‍ കടിച്ചുകീറി തിന്നാലും അവയുടെ രക്തത്തിലും കരളിലും ഭാരമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടുപിടിച്ചിട്ടില്ല. വിദേശരാജ്യങ്ങളില്‍ സോയാബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മഷി പത്രങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചാല്‍ മനുഷ്യരിലും ആരോഗ്യത്തിന് ഹാനികരമാകുന്നില്ലെന്ന് ഇവര്‍ തെളിയിക്കുന്നു.

കളര്‍ഫുള്‍ ആയിട്ടുള്ളതും മിനുസമുള്ളതുമായ പത്രങ്ങളുടെ പേജുകള്‍ കൂടുതല്‍ പെട്രോകെമിക്കല്‍ അംശമുള്ള മഷിയുപയോഗിച്ചാണ് അച്ചടിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള എല്ലാ പേജുകളും വിഷാംശം പ്രതിഫലിപ്പിക്കുന്നവയല്ല. ചീനക്കളിമണ്ണ് എന്ന ഒരുതരം കളിമണ്ണും ചേര്‍ത്താണ് മിനുസമുള്ള തിളങ്ങുന്ന പത്രങ്ങള്‍ ഇവര്‍ അച്ചടിക്കുന്നത്. അതുകൊണ്ട് മനുഷ്യര്‍ക്ക് ദോഷകരമല്ല.

നിങ്ങള്‍ ദിനപ്പത്രങ്ങള്‍ പ്രകാശത്തിന് നേരെ പിടിച്ചാല്‍ നല്ല തെളിച്ചമുള്ള നിറത്തിലും കറുത്ത അച്ചടിച്ച ഭാഗം വ്യക്തമായും കാണുന്നുണ്ടെങ്കില്‍ സോയാബീന്‍ അടിസ്ഥാനമാക്കിയുള്ള മഷിയാണ് അതില്‍ ഉപയോഗിക്കുന്നത്.

 

യു.എസിലെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്രങ്ങളിലെ ബ്‌ളാക്ക് ആന്റ് വൈറ്റ് അച്ചടിയും കളറില്‍ അച്ചടിച്ച ഭാഗങ്ങളും ഒരിക്കലും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലെന്നും ജൈവകൃഷിരീതിയില്‍ ഉപയോഗിക്കാമെന്നും വിശദമാക്കിയിട്ടുണ്ട്. സോയാബീനില്‍ നിന്നുമുള്ള മഷിയില്‍ കാഡ്മിയത്തിന്റെയും അലുമിനിയത്തിന്റെയും അംശം കലര്‍ന്നിട്ടില്ലെന്നതുകൊണ്ട് നൂറ് ശതമാനം സുരക്ഷിതമാണ്. കളകളെ നിയന്ത്രിക്കാനും നല്ല ഉപാധിയാണ് ദിനപത്രങ്ങള്‍.

ദിനപ്പത്രങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ഗുണം

'മണ്ണു വഴി പകരുന്ന വാട്ടരോഗങ്ങളും അഴുകലും ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഒരു ഗുണം. ഇപ്പോള്‍ മണ്ണ് കിട്ടാനും പ്രയാസമാണ്. തിരിനന കൂടി ഉപയോഗിച്ചുള്ള സംവിധാനമായതുകൊണ്ട് വെള്ളത്തിന്റെ ആവശ്യം കൂടുതല്‍ വേണ്ടിവരുന്നുമില്ല. മണ്ണ് കയറ്റി മട്ടപ്പാവിലെത്തിച്ചാലും ഭാരം കൂടുതലായതിനാല്‍ ബലക്ഷയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതൊക്കെ ഒഴിവാക്കി കൂടുതല്‍ വിളവ് ലഭിക്കുമെന്നതാണ് ഈ മണ്ണില്ലാക്കൃഷിയുടെ പ്രത്യേകത.'  ഷിബുകുമാര്‍ പറയുന്നു.