ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോയ ബെംഗളൂരുവിലെ യുവാവിന് വ്യാജ പാക്കേജിന്‍റെ പേരിൽ പണം നഷ്ടമായി. യുവതിയും കൂട്ടാളിയും ചേർന്ന് ആസൂത്രിതമായി നടത്തിയ തട്ടിപ്പായിരുന്നു ഇതെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. സമാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഈ അനുഭവം മുന്നറിയിപ്പ് നൽകുന്നു.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോകുന്നതിനിടെ വ്യാജ പാക്കേജിന്‍റെ പേരിൽ പണം നഷ്ടപ്പെട്ടതായി ബെംഗളൂരുവിൽ നിന്നുള്ള യുവാവിന്‍റെ വെളിപ്പെടുത്തൽ. ‘ബാംഗ്ലൂർ ഡേറ്റിങ് സ്കാം അലർട്ട്’ എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവത്തിന് പിന്നിൽ യുവതിയും കൂട്ടാളിയും ചേർന്നുള്ള ആസൂത്രിത തട്ടിപ്പാണെന്നാണ് യുവാവിന്‍റെ ആരോപണം.
ഷെല്ലി എന്ന അക്കൗണ്ട്
ഡേറ്റിങ് ആപ്പിൽ ‘ഷെല്ലി’ എന്ന പേരിലുള്ള യുവതിയുമായി പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു. ഏതാനും ദിവസങ്ങളായി ഇരുവരും സംസാരിച്ചിരുന്നെങ്കിലും തിരക്കേറിയ ജോലി കാരണം നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ജോലിയിൽ നിന്ന് ഒഴിവ് സമയം ലഭിച്ചതോടെ യുവതിയെ നേരിൽ കാണാൻ തീരുമാനിച്ചതെന്ന് യുവാവ് എഴുതി.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഷെല്ലി മറ്റൊരാളിൽ നിന്ന് ഒരു പാക്കേജ് വാങ്ങണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ‘റോൺ’ എന്നയാളുടെ കൈവശമാണ് പാക്കേജുള്ളതെന്നും പണം ഓൺലൈനായി നൽകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പകരം തുക പണമായി നൽകാമെന്നും അവൾ ഉറപ്പ് നൽകിയെന്നും യുവാവ് എഴുതുന്നു. അമ്മയ്ക്ക് ബിസിനസുണ്ടെന്നും ഓൺലൈൻ പണത്തേക്കാൾ കൈവശമാണ് പണമുള്ളതെന്നും അവർ പറഞ്ഞതായി യുവാവ് എഴുതി.
പാക്കേജിന് പണം നൽകണം, പിന്നാലെ തട്ടിപ്പ്
യുവതി പറഞ്ഞത് പ്രകാരം റോണിന്‍റെ സ്ഥലത്തെത്തിയപ്പോൾ പാക്കേജ് തയ്യാറാക്കുകയാണെന്നും അതിനിടെ ഓൺലൈൻ പേയ്മെന്‍റ് നടത്താമെന്നും ഇയാൾ ആവശ്യപ്പെട്ടു. ആദ്യം സംശയം തോന്നിയെങ്കിലും യുവാവ് ഒടുവിൽ പണം കൈമാറി. ഇതിനിടെ മറ്റൊരു സ്ഥലത്തായിരുന്ന ഷെല്ലിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ സിഗരറ്റ് വാങ്ങിക്കൊണ്ടുവരാൻ യുവതി ആവശ്യപ്പെട്ടു. സിരഗറ്റുമായി തിരിച്ചെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന അന്തരീക്ഷം മാറി. ഷെല്ലിയുടെയും റോണിന്‍റെയും ഫോണുകളിൽ തന്‍റെ നമ്പർ അപ്പോഴേക്കും ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് യുവതി എഴുതുന്നു. ഇരുവരും തമ്മിൽ നേരത്തെ ബന്ധപ്പെടുകയും തട്ടിപ്പ് ആസൂത്രണം ചെയ്യുകയും ചെയ്തതാണെന്ന് യുവാവ് ആരോപിച്ചു. യുവാവ് തന്‍റെ അനുഭവം പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. സമാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.


