യുവാവിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. റോഡിന്റെ മോശം അവസ്ഥയിലുള്ള തങ്ങളുടെ അമർഷം പലരും കമന്റിൽ രേഖപ്പെടുത്തി.

വലിയ ജനത്തിരക്കും ട്രാഫിക്കും ഒക്കെ ഉള്ള ന​ഗരമാണ് ബെം​ഗളൂരുവെങ്കിലും ഇവിടെയുള്ള റോഡുകളെ കുറിച്ച് വലിയ പരാതികളാണ് ആളുകൾക്ക്. സോഷ്യൽ മീഡിയയിലും പലരും ഇതേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, 23,000 രൂപ മുടക്കി വാഹനം സർവീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, കുഴിയിൽ വീണ് വീണ്ടും അതുപോലെ പണം ചെലവാക്കി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നു എന്നാണ്. കാറിന്റെ സസ്‌പെൻഷൻ മാറ്റി നല്ല കണ്ടീഷണിലാണ് എന്നുറപ്പിക്കുന്നതിനായി 23,000 ചെലവഴിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു.

എന്നാൽ, ഔട്ടർ റിംഗ് റോഡിലൂടെയും വർത്തൂരിലൂടെയും ദിവസേനയുള്ള യാത്രയ്ക്കിടെ ആഴത്തിലുള്ള ഒരു കുഴിയിൽ വീണ് വണ്ടിയുടെ എക്‌സ്‌ഹോസ്റ്റ് പൈപ്പിന് കേടുപാടുകൾ സംഭവിക്കുകയും 5000 രൂപയുടെ പണി വീണ്ടും എടുപ്പിക്കേണ്ടിയും വന്നു എന്നാണ് പറയുന്നത്. 'സർക്കാരിലേക്ക് റോഡ് നികുതി അടയ്ക്കുന്നതിന് പകരം റോഡിലെ കുഴികൾ നികത്താനും ടാർ ചെയ്യാനും നേരിട്ട് ആരെയെങ്കിലും പണം ഏൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ നിങ്ങളുടെ കാർ നന്നായി നോക്കുന്നു, ശ്രദ്ധാപൂർവ്വം വാഹനമോടിക്കുന്നു, എല്ലാം ശരിയായി ചെയ്യുന്നു, പക്ഷേ ഒരൊറ്റ കുഴി മതി, നിങ്ങളുടെ സമാധാനവും (നിങ്ങളുടെ വാലറ്റും) നശിപ്പിക്കാൻ' എന്നും യുവാവ് നിരാശയോടെ തന്റെ പോസ്റ്റിൽ കുറിച്ചു.

യുവാവിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. റോഡിന്റെ മോശം അവസ്ഥയിലുള്ള തങ്ങളുടെ അമർഷം പലരും കമന്റിൽ രേഖപ്പെടുത്തി. പലരും പറഞ്ഞത് ബെം​ഗളൂരുവിലെ റോഡിലൂടെ ട്രാക്ടറോ, താറോ ഒക്കെ ഓടിക്കാനെ പറ്റൂ, നല്ല കാറുകളൊന്നും ഓടിക്കാൻ സാധിക്കുന്ന അവസ്ഥയല്ല എന്നാണ്.