പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ, 81.3 കോടി രൂപ മുതൽമുടക്കിൽ  പുതുതായി, കൂടുതൽ സൗകര്യങ്ങളോടും അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഒരു ഹൈ ടെക് സ്‌പെഷ്യൽ പ്രിസൺ കോംപ്ലക്സ് തന്നെ പണിയാൻ ഒരുങ്ങുകയാണ് കർണാടക ഗവണ്മെന്റ്. ഇപ്പോൾ ഉള്ള ജയിൽ കെട്ടിടങ്ങളോട് ചേർന്ന് തന്നെയാണ് 1000 പേരെ പുതിയ തടവറസമുച്ചയവും വരിക. അതിനുള്ളിലെ സെല്ലുകളും ടോയ്‌ലറ്റുകളും ഒക്കെ ഇപ്പോൾ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയതാകും. കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്  (KSPH&IDCL) ആണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രവൃത്തിയായി അടിയന്തരമായി ദർഘാസ് ക്ഷണിച്ചിട്ടുള്ളത്. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം എന്നതാണ് ആവശ്യം. 

സ്വജീവന് ജയിലിനുള്ളിൽ മറ്റുള്ള തടവുകാരിൽ നിന്നോ, അല്ലെങ്കിൽ പുറമേ നിന്ന് വന്നെത്തുന്ന ഏതെങ്കിലും വാടകക്കൊലയാളികളിൽ നിന്നോ ഒക്കെ കടുത്ത ഭീഷണിയുള്ളവർക്കു വേണ്ടിയാണ് ഇങ്ങനെ ഒരു പുതിയ സംവിധാനമൊരുക്കാൻ സർക്കാർ നിർബന്ധിതമായത്.  നിലവിൽ സുരക്ഷാ ഭീഷണിയുള്ള ഹൈപ്രൊഫൈൽ പ്രിസണേഴ്സിന്റെ ലിസ്റ്റിൽ ഗാങ് ലീഡർമാർ, വിവിഐപി രാഷ്ട്രീയ തടവുകാർ, അതിക്രൂരമായ കൊലപാതകം, ബലാത്സംഗം എന്നിവയിൽ ഏർപ്പെട്ടതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു വന്നവർ, സീരിയൽ കില്ലർമാർ, ഗുരുതരമായ ജയിൽ ചട്ട ലംഘനങ്ങൾ ചെയ്തിട്ടുള്ളവർ, കടുത്ത അക്രമവാസനയുള്ള തടവുപുള്ളികൾ എന്നിവരാണ് ഉൾപ്പെടുക എന്ന് ബെംഗളൂരു ജയിൽ സൂപ്രണ്ട് ശിവകുമാർ ബാംഗ്ലൂർ മിററിനോട് പറഞ്ഞു. 

സാധാരണ ജയിലിലേതിന്റെ പത്തിരട്ടി സുരക്ഷാ സംവിധാനങ്ങൾ ഈ പുതിയ അതീവ സുരക്ഷാ ജയിലിൽ കാണും. ഈ ജയിലിനുള്ളിൽ ഓരോ മുക്കും മൂലയും സിസിടിവി കവറേജ് ഉണ്ടായിരിക്കും. എല്ലായിടവും തുടർച്ചയായി നിരീക്ഷിച്ചുകൊണ്ട് 24x7 സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും കൺട്രോൾ റൂമിൽ. ഈ കോംപ്ലക്‌സിലെ സുരക്ഷാ നിയങ്ങളിലെ കണിശത കാരണം സന്ദർശകരെയും അനുവദിക്കുവന്നതല്ല. ഇതിലെ തടവുപുള്ളികൾക്ക് സെല്ലുകളിൽ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദമുണ്ടാവുകയില്ല. ഭക്ഷണം ഇവരുടെ സെല്ലുകളിലേക്ക് എത്തിക്കുന്നതായിരിക്കും. 

ഈ പ്രിസൺ കോംപ്ലക്‌സിലെ സെല്ലുകളിൽ തടവുകാരെ അവർ ചെയ്ത കുറ്റങ്ങളുടെ കാർക്കശ്യത്തിനനുസരിച്ചാകും ഒന്നിച്ച് പാർപ്പിക്കുക. ഭീകരവാദികൾക്ക് ഇവിടെ ഏകാന്ത തടവായിരിക്കും കിട്ടുക. 3000 തടവുപുള്ളികളെ പാർപ്പിക്കാൻ കപ്പാസിറ്റിയുള്ള  പരപ്പന അഗ്രഹാര ജയിലിൽ   ഇപ്പോൾ തന്നെ മേൽപ്പറഞ്ഞ ഗണത്തിൽ പെട്ട അഞ്ഞൂറോളം തടവുപുള്ളികൾ ഉണ്ട്. കെട്ടിടം പണിഞ്ഞു തീർന്നാൽ ഉടൻ തന്നെ അവരെ ഈ ഹൈ സെക്യൂരിറ്റി പ്രിസണിലേക്ക് മാറ്റും. അതോടെ ഇപ്പോഴത്തെ കോംപ്ലക്സിൽ തിരക്ക് അല്പമെങ്കിലും കുറയുമെന്ന് അധികാരികൾ പ്രതീക്ഷിക്കുന്നു.