Asianet News MalayalamAsianet News Malayalam

പുലികളും പുലികളെ സ്നേഹിക്കുന്ന മനുഷ്യരുമുള്ള ​ഗ്രാമം!

റബാരി ഗോത്രവർഗക്കാരാണ് അവിടെ കൂടുതലും ഉള്ളത്. ശിവന്റെ നേരിട്ടുള്ള പിൻഗാമികളാണ് അവരെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് വന്യജീവികളെ സംരക്ഷിക്കുന്നത് അവരുടെ മതപരമായ കടമയാണെന്ന് അവർ കരുതുന്നു. 

bera village and leopard
Author
Rajasthan, First Published Jul 10, 2021, 3:59 PM IST

ഉദയ്പൂരിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് ബേര. അവിടെ 55 പുള്ളിപ്പുലികൾക്കൊപ്പമാണ് ഗ്രാമീണർ കഴിയുന്നത്. ജവായ് ബന്ദിക്കടുത്തുള്ള ഈ പ്രദേശം ഒരു തുറന്ന സങ്കേതമാണ്. പുള്ളിപ്പുലികളും ഗ്രാമവാസികളും കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി അവിടെ സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കുന്നു. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നതായി റിപ്പോർട്ടുകൾ രാജസ്ഥാനിലെ പല ഭാഗങ്ങളിൽ നിന്നും വരുന്നുണ്ടെങ്കിലും, കഴിഞ്ഞ 150 വർഷത്തിനിടയിൽ ഒരു പുള്ളിപ്പുലി പോലും ഇവിടത്തെ ഒരു മനുഷ്യനെയും കൊന്നിട്ടില്ല.

bera village and leopard

ആഗോള യാത്രകൾക്ക് പേരുകേട്ട സുന്ദീപ് ഭൂട്ടോറിയ അദ്ദേഹത്തിന്റെ 'ബെറാ ബോണ്ട്' എന്ന പുസ്തകത്തിൽ പുള്ളിപ്പുലിയും ബെറയിലെ മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നു. പ്രദേശത്തെ കുന്നുകളിലാണ് പുള്ളിപ്പുലിയെ കൂടുതലായി കാണുന്നത്. കുന്നിന്റെ ഉയരം രണ്ട് ലോകങ്ങളും തമ്മിലുള്ള പ്രകൃതിദത്ത അതിർത്തിയായി മാറുന്നു. മുകളിലുള്ള പുലികളും, താഴ്വാരത്തുള്ള മനുഷ്യരും അവരുടേതായ ലോകങ്ങളിൽ സ്വസ്ഥമായി കഴിയുന്നു. ജവായ് കുന്നുകളിലാണ് ദേവ്ഗിരി ഗുഹാക്ഷേത്രമുള്ളത്. അവിടത്തെ ആശാപുര മാതാ ദേവി ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കുമെന്നാണ് ആളുകളുടെ വിശ്വാസം. കുന്നുകളിൽ നിരവധി ചെറിയ ക്ഷേത്രങ്ങളുമുണ്ട്. അതിന് ചുറ്റും പുള്ളിപ്പുലികളെ കാണാം. പുരോഹിതൻ ക്ഷേത്രത്തിന് പുറത്ത് അവയ്ക്കായി ഒരു ബക്കറ്റിൽ വെള്ളവും പാലും വയ്ക്കുന്നു.  

bera village and leopard

റബാരി ഗോത്രവർഗക്കാരാണ് അവിടെ കൂടുതലും ഉള്ളത്. ശിവന്റെ നേരിട്ടുള്ള പിൻഗാമികളാണ് അവരെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് വന്യജീവികളെ സംരക്ഷിക്കുന്നത് അവരുടെ മതപരമായ കടമയാണെന്ന് അവർ കരുതുന്നു. മാത്രമല്ല മറ്റ് മൃഗങ്ങളെ വിളകൾ നശിപ്പിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുമ്പോൾ, പുലികളെ അവർ സ്വാഗതം ചെയ്യുന്നു. അതേസമയം പുള്ളിപ്പുലികൾ ഒറ്റപ്പെട്ട മൃഗങ്ങളാണ്, അതിനാൽ അവയെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. സിംഹങ്ങൾ എപ്പോഴും കൂട്ടമായി സഞ്ചരിക്കുമ്പോൾ, പുള്ളിപ്പുലികൾ പാറകൾക്കടിയിലോ ഗുഹകളിലോ മരങ്ങളിലോ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നു. അവിടേയ്ക്കുള്ള യാത്രയിൽ നാട്ടുകാരുടെ അഭ്യർഥന മാനിച്ച് എഴുത്തുകാരൻ പുള്ളിപ്പുലിയുടെ ഒരു കുട്ടിയ്ക്ക് ഗുല്ലു എന്ന് പേരിടുക വരെ ചെയ്‌തു.  

bera village and leopard

പ്രദേശവാസികളും പുള്ളിപ്പുലിയും തമ്മിൽ അതുല്യവുമായ ഒരു ബന്ധം ഉണ്ടെങ്കിലും, പുള്ളിപ്പുലികൾ പൂർണ്ണമായും സുരക്ഷതരല്ല അവിടെ. കാടിന് നടുവിലൂടെ കടന്ന് പോകുന്ന റെയിൽ‌വേ ട്രാക്കുകൾ നിരവധി മരണങ്ങൾക്ക് കാരണമാകുന്നു. കൂടാതെ കാടിനുള്ളിലൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈനുകളും പുള്ളിപ്പുലികളുടെ ജീവന് ഭീഷണിയാവുന്നു. പുള്ളിപ്പുലികളും മനുഷ്യരുമായുള്ള ബന്ധത്തിന് പേരുകേട്ട ബെറയിൽ വേറെയും വന്യജീവികളുണ്ട്.  കരടി, ജംഗിൾ ക്യാറ്റ്, നീലഗായ്, ഹൈന, ഗ്രേറ്റ് വൈറ്റ് പെലിക്കൻ, പാമ്പുകൾ എന്നിവയാണ് അവയിൽ ചിലത്.  


 

Follow Us:
Download App:
  • android
  • ios