Asianet News MalayalamAsianet News Malayalam

വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ...

വീടിനകത്ത് വളര്‍ത്താന്‍ പറ്റിയ ചെടികളെന്തെല്ലാം... 

best indoor plants
Author
Thiruvananthapuram, First Published Dec 27, 2019, 12:10 PM IST

ഇന്ന് മിക്കവാറും വീടുകളുടെ അകത്തളങ്ങളില്‍ കുപ്പികളിലും ഭംഗിയുള്ള ചില്ലുപാത്രങ്ങളിലും ചെടികള്‍ വളര്‍ത്തുന്നത് പലര്‍ക്കും ഹോബിയാണ്. മണി പ്ലാന്റ് ഇല്ലാത്ത ഒരു വീടുപോലും ഇന്ന് കാണാനില്ല. ഇങ്ങനെ നമ്മള്‍ നട്ടുവളര്‍ത്തിയതെല്ലാം നല്ല ഭംഗിയായി വളര്‍ന്നു നില്‍ക്കുമ്പോള്‍ ഇതൊന്നും വീട്ടിനുള്ളില്‍ വളര്‍ത്തരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്തു തോന്നും? യഥാര്‍ഥത്തില്‍ ചില പ്രത്യേക ഗുണങ്ങളുള്ള ചെടികളാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചത്. ഏതൊക്കെയാണെന്ന് അറിഞ്ഞു വളര്‍ത്താം.

വീട്ടിനുള്ളിലെ അന്തരീക്ഷം വിഷമയമാക്കുന്ന ചെടികള്‍ ഒരിക്കലും അകത്തളങ്ങളെ മനോഹരമാക്കാനായി വളര്‍ത്തരുത്. നന്നായി ഓക്‌സിജന്‍ പുറത്തുവിടുന്ന ചെടികള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ.

സ്‌പൈഡര്‍ പ്ലാന്റ്

best indoor plants

 

ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നീ വിഷമയമായ പദാര്‍ഥങ്ങളെ ഒഴിവാക്കാന്‍ സ്‌പൈഡര്‍ പ്ലാന്റ് ഉപയോഗിക്കാം. ചെടിയില്‍ നിന്ന് ചെറിയ ചെറിയ തൈകള്‍ മുളച്ച് വരുമ്പോള്‍ ഇളക്കിയെടുത്ത് നടാം.

ഡ്രാഗണ്‍ ട്രീ

best indoor plants

 

മിക്കവാറും വീടുകളില്‍ കണ്ടുവരുന്ന ചെടിയാണിത്. ഡ്രസീന മാര്‍ജിനേറ്റ എന്നാണ് ശാസ്ത്രനാമം. ട്രൈക്ലോറോ എത്തിലീന്‍ എന്ന  ഹാനികരമായ പദാര്‍ഥത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു. നിങ്ങള്‍ ഇന്‍ഡോര്‍ പ്ലാന്റ് ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ഡ്രാഗണ്‍ ട്രീ തീര്‍ച്ചയായും വളര്‍ത്താം.  പ്രത്യേകിച്ച് കുട്ടികള്‍ പഠിക്കുന്ന മുറികളില്‍ നല്ല ഉണര്‍വുള്ള അന്തരീക്ഷം നല്‍കാന്‍ സഹായിക്കും.

ഡ്രസീന ഡെറമെന്‍സിസ്

best indoor plants

 

ബെന്‍സീന്‍, ട്രൈക്‌ളോറോ എത്തിലീന്‍ എന്നിവ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്. നാല്‍പതില്‍ക്കൂടുതല്‍ ഇനങ്ങളുണ്ട്. ഡ്രസീനയുടെ വിവിധ ഇനങ്ങള്‍ നമ്മള്‍ വളര്‍ത്തുന്നുണ്ട്.

പീസ് ലില്ലി

best indoor plants


 
സൈലിന്‍, ടൊളുവിന്‍, അമോണിയ തുടങ്ങിയ വിഷപദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ ഈ ചെടിക്ക് കഴിയും. നല്ല വെള്ളപ്പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണിത്. ചെടിയുടെ കീഴില്‍ കിഴങ്ങുണ്ടാകും. ഇത് ഇളക്കിനട്ടാണ് പുതിയ ചെടിയുണ്ടാക്കുന്നത്.

ഇംഗ്‌ളീഷ് ഐവി

best indoor plants

 

പൂപ്പലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചെടിയാണിത്. ഫോര്‍മാല്‍ഡിഹൈഡിന്റെ അംശവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഹെഡറ ഹെലിക്‌സ് എന്നാണ് ശാസ്ത്രനാമം. വള്ളിച്ചെടിയാണിത്. ചട്ടികളില്‍ വളര്‍ത്താം. എവിടെ വേണമെങ്കിലും വളരുമെന്നതും സൗകര്യമാണ്. വേണമെങ്കില്‍ തൂക്കിയിട്ടും വളര്‍ത്താം.

ബോസ്റ്റണ്‍ ഫേണ്‍

best indoor plants

 

എയര്‍ ഫില്‍റ്ററായി ഉപയോഗിക്കാം. നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ എന്നാണ് ശാസ്ത്രനാമം. മീനിന്റെ മുള്ള് പോലെയുള്ള ഇലകളാണ്. ഫിഷ് ബോണ്‍ ഫേണ്‍ എന്നും പേരുണ്ട്.

ചെറിയ തൈകള്‍ മുളച്ച് വരുമ്പോള്‍ ഇളക്കിയെടുത്ത് നട്ടുവളര്‍ത്താം. ഫോര്‍മാല്‍ഡിഹൈഡ്, സൈലിന്‍ എന്നീ വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

ബാംബൂ പാം

best indoor plants

 

വീടിന്റെ ഉള്ളില്‍ വളര്‍ത്താന്‍ ഉത്തമമായ മറ്റൊരു ചെടിയായ ബാംബൂ പാം സൂര്യപ്രകാശത്തില്‍ വളരാന്‍ താല്പര്യമില്ലാത്തയാളാണ്. ഇത് അലങ്കാലച്ചെടി കൂടിയാണ്. ചെറിയ പൂക്കളും കായ്കളുമുണ്ടാകും. ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ വീടിനുള്ളില്‍ നിന്നും പുറന്തള്ളാന്‍ ബാംബൂ പാം സഹായിക്കും.

സ്‌നേക്ക് പ്‌ളാന്റ്

best indoor plants

 

സാന്‍സിവേരിയ ട്രൈഫേഷ്യേറ്റ എന്നാണ് ഈ ചെടിയുടെ ശാസത്രനാമം. ബെന്‍സീന്‍, ട്രൈക്‌ളോറോ എത്തിലീന്‍ എന്നിവയെ പുറന്തള്ളാന്‍ സഹായിക്കുന്നു.

വീട്ടിനുള്ളില്‍ കാണപ്പെടുന്ന വിഷാംശങ്ങള്‍

മിക്കവാറും വീടുകളില്‍ അടുപ്പില്‍ നിന്നുള്ള പുകയാണ് മലിനീകരണകാരി. ശ്വാസോച്ഛ്വാസം, ആസ്ത്മ എന്നിവയുണ്ടാക്കാന്‍ പുക കാരണമാകുന്നു.

ഇര്‍പ്പമുള്ള സാഹചര്യങ്ങളില്‍ പൂപ്പല്‍ പറ്റിപ്പിടിച്ച് വളരും. വെളിച്ചമെത്താത്ത ഇടങ്ങളുണ്ടെങ്കില്‍ പൂപ്പലുണ്ടാകാന്‍ സാധ്യതയുണ്ട്. ആസ്തമ, അലര്‍ജി എന്നിവയ്ക്ക് ഇത് കാരണമാകും.

നമ്മള്‍ ഉപയോഗിക്കുന്ന ഹീറ്റര്‍ പോലെയുള്ള ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറന്തള്ളാനുള്ള സാധ്യതയുണ്ട്. സിഗരറ്റ് ഉപയോഗിച്ചാലും കാര്‍ബണ്‍ മോണോക്‌സൈഡ് വീട്ടിനകത്തെത്തും.

വീട് നിര്‍മിക്കുന്ന സമയത്ത് ആസ്ബസ്‌റ്റോസ് കൊണ്ടുവന്നാല്‍ അന്തരീക്ഷം മലിനീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. വളരെക്കൂടുതല്‍ കാലം ആസ്ബസ്റ്റോസുമായി സമ്പര്‍ക്കത്തിലായാല്‍ ശ്വാസകോശ അര്‍ബുദം വരെയുണ്ടാകും.

വൈദ്യുതിയില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും അന്തരീക്ഷത്തിലെത്തുന്ന വിഷാംശമാണ് ഓസോണ്‍. ആസ്ത്മയും നെഞ്ചുവേദനയും ഉണ്ടാക്കാന്‍ ഇത് ധാരാളം.പെയിന്റ്, വാര്‍ണിഷ്, പശ, പ്രിന്റര്‍ എന്നിവയില്‍ നിന്ന് ബാഷ്പശീലമുള്ള ജൈവ സംയുക്തങ്ങള്‍ അന്തരീക്ഷത്തിലെത്താം. ഇതും ആരോഗ്യത്തിന് ഹാനികരമാണ്.

അതുപോലെ റാഡോണ്‍ എന്നുപേരുള്ള ഒരുതരം റേഡിയോ ആക്റ്റീവ് വാതകവും ചിലയിനം ഗൃഹനിര്‍മാണ സാധനങ്ങള്‍ വഴി വീട്ടിനുള്ളിലെത്താം. ശ്വാസകോശാര്‍ബുദം ഉണ്ടാക്കാന്‍ കാരണമാകുന്നതാണ് ഇത്.

ഇങ്ങനെ നാം പോലുമറിയാതെ നമ്മള്‍ ശ്വസിച്ചുകൊണ്ടിരിക്കുന്ന വിഷവാതകങ്ങളെ അകറ്റാനും അന്തരീക്ഷം ശുദ്ധമാക്കാനും സഹായിക്കുന്ന ഇത്തരം ചെടികള്‍ ഇനി മുതല്‍ നമുക്ക് വീടിനകത്ത് വളര്‍ത്താം.

Follow Us:
Download App:
  • android
  • ios