Asianet News MalayalamAsianet News Malayalam

ഭൂട്ടാനിൽ കൊവിഡ് സ്ഥിതി​ഗതികൾ നേരിട്ടറിയാൻ രാജാവിന്റെ കാൽനട യാത്ര, കയ്യടിച്ച് സോഷ്യൽ മീഡിയ

മെറാക്ക് മുതൽ ഷോട്ടാങ് വരെയുള്ള ആ യാത്രയിൽ താണ്ടേണ്ടത് 67 കിലോമീറ്ററിലധികം ദൂരമാണ്. അതിർത്തി പ്രദേശങ്ങൾ പരിശോധിക്കുന്നതിനു പുറമേ, പകർച്ചവ്യാധി, അതിർത്തി അടയ്ക്കൽ എന്നിവ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും രാജാവ് അന്വേഷിക്കുന്നു. 

Bhutan king patrolling boarder areas
Author
Bhutan, First Published Jun 17, 2021, 1:20 PM IST

ഭൂട്ടാനിൽ മഹാമാരി പടർന്ന് പിടിച്ചിട്ട് ഒരു വർഷത്തിന് മീതെയായി. എന്നിട്ടും കഴിഞ്ഞ ജനുവരി ഏഴിനാണ് കൊറോണ വൈറസ് മൂലം രാജ്യത്ത് ആദ്യത്തെ മരണം രേഖപ്പെടുത്തുന്നത്. ഭൂട്ടാൻ പോലുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾ തകരുമ്പോഴും, ദശലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെടുമ്പോഴും ഒരു ചെറിയ ദരിദ്ര രാഷ്ട്രമായ ഭൂട്ടാൻ എങ്ങനെയാണ് പിടിച്ച് നില്ക്കാൻ സാധിക്കുന്നത്. ഏകദേശം 760,000 ആളുകളുള്ള അവിടെ 337 ഡോക്ടർമാർ മാത്രമാണ് ഉള്ളത്. ഇത് കൂടാതെ വെറും 3,000 ആരോഗ്യ പ്രവർത്തകരും വൈറൽ സാമ്പിളുകൾ പരിശോധിക്കാൻ ഒരൊറ്റ പിസിആർ മെഷീനുമാണ് ഉള്ളത്. എന്നിട്ടും പക്ഷേ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രതിദിനം ശരാശരി 18 പുതിയ കൊവിഡ് -19 കേസുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്.

പൗരന്മാരുടെ ക്ഷേമം എല്ലായ്പ്പോഴും മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന അവിടത്തെ സർക്കാർ അതിനൊരു പ്രധാന കാരണമാണ്. പക്ഷേ, സർക്കാർ മാത്രമല്ല, ഈ വിജയത്തിന് പിന്നിൽ. പകർച്ചവ്യാധിയെ നിയന്ത്രിച്ചതിൽ എല്ലാ മുൻകരുതലുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് വ്യക്തിപരമായി ഉറപ്പുവരുത്തുന്ന അവിടത്തെ രാജാവിനും കൊടുക്കണം ഒരു കയ്യടി.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭൂട്ടാന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചൂക്ക് അഞ്ച് ദിവസത്തേക്ക് ട്രെക്കിംഗ് നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. കാൽനടയായിട്ടാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. അതിർത്തിയിൽ അനധികൃതമായി ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടോ എന്നദ്ദേഹം സ്വയം പരിശോധിക്കുന്നു. രാജാവ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ യാത്രയുടെ അപ്‌ഡേറ്റുകൾ പങ്കിടുന്നു. ജൂൺ എട്ടിനാണ് മെറാക്കിൽ നിന്ന് കാൽനട യാത്ര അദ്ദേഹം ആരംഭിച്ചത്. റോയൽ ഹൈനെസ് ഗ്യാൽഷാബ് ജിഗ്മെ ഡോർജി, പ്രധാനമന്ത്രി ലിയോൺചെൻ ഡാഷോ ഡോ. ലോട്ടയ് എന്നിവരോടൊപ്പമാണ് അദ്ദേഹം യാത്ര തിരിച്ചത്. തുടർന്ന്, അതിർത്തി പ്രദേശങ്ങളിലെ ചെക്‌പോസ്റ്റുകൾ രാജാവ് സന്ദർശിച്ചു.

മെറാക്ക് മുതൽ ഷോട്ടാങ് വരെയുള്ള ആ യാത്രയിൽ താണ്ടേണ്ടത് 67 കിലോമീറ്ററിലധികം ദൂരമാണ്. അതിർത്തി പ്രദേശങ്ങൾ പരിശോധിക്കുന്നതിനു പുറമേ, പകർച്ചവ്യാധി, അതിർത്തി അടയ്ക്കൽ എന്നിവ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും രാജാവ് അന്വേഷിക്കുന്നു. രാജാവ് ജൂൺ 13 -ന് ജോമോത്‌ഷാംഗയിലെത്തി. അഞ്ച് ദിവസത്തെ നീണ്ട ട്രെക്കിംഗിന് ശേഷം അദ്ദേഹം ഇപ്പോൾ അവിടെ താമസിക്കുന്നു. പകർച്ചവ്യാധി ആരംഭിച്ചത് മുതൽ അതിർത്തികളിലേക്കുള്ള അദ്ദേഹത്തിന്റെ പതിനാലാമത്തെയോ പതിനഞ്ചാമത്തെയോ യാത്രയാണ് ഇത്. മറ്റൊരു ട്വീറ്റിൽ മഹാമാരി ആരംഭിച്ചത് മുതൽ രാജാവ് വീട്ടിൽ അപൂർവമായി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. രാജാവിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും ഇന്റർനെറ്റിലെ നിരവധി ആളുകൾ പ്രശംസിച്ചു.

Follow Us:
Download App:
  • android
  • ios