വിശന്നു വലഞ്ഞ് തടാകക്കരയിൽ കുഞ്ഞിനൊപ്പം എത്തി മീൻ പിടിക്കാൻ ശ്രമിച്ച ഒരു കരടി, ഏറെ നേരം പണിപ്പെട്ടിട്ടും ഒരു സാൽമൺ മൽസ്യം പോലും പിടിക്കാൻ പറ്റാതെ, ഒടുവിൽ സ്വന്തം കുഞ്ഞിനെത്തന്നെ കടിച്ചു തിന്നതിന്റെ വളരെ ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കയാണ്. ഇത് റഷ്യൻ ഉൾക്കാടുകളിൽ കാണപ്പെടുന്ന ഒരു നരഭോജിക്കരടിയാണ്. കുറിൽസ്‌കോയെ ക്രേറ്റർ തടാകത്തിനടുത്ത് തിന്ന് ഏതാണ്ട് പൂർത്തിയായ സ്വന്തം കുഞ്ഞിന്റെ ശരീരാവശിഷ്ടത്തോടൊപ്പം നിൽക്കുന്ന ഒരു ഭീമാകാരൻ കരടിയാണ് വീഡിയോയിൽ.

ഏഷ്യയിലെ വംശനാശ ഭീഷണി നേരിടുന്ന ബ്രൗൺ കരടിയുടെ ആവാസ കേന്ദ്രമാണ് കുറിൽസ്‌കോയെ ക്രേറ്റർ തടാക പരിസരം. പ്രദേശത്തെ വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ ആയ ലിയാന വരാവ്സ്‌കയാ ആണ് "മറ്റൊരു കാനിബാളിസം കൂടി" എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചത്. ഇത് ഏതോ ബോട്ടിൽ അതുവഴി പോയ ആരോ ആവാം റെക്കോർഡ് ചെയ്തത് എന്നും, മനുഷ്യരെ കണ്ടപ്പോൾ തന്റെ ഇര നഷ്ടപ്പെടുമോ എന്ന ഭയമാണ് ആ തള്ളക്കരടിയുടെ മുഖത്ത് കണ്ടത് എന്നും അവർ വിശദീകരിച്ചു. ഈ ബ്രൗൺ കരടികളെ ഇരകളെ കീഴടക്കുന്ന സമയത്തോ ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന്റെ അടുത്തേക്ക് പോവുകയോ ഫോട്ടോ പിടിക്കുകയോ ചെയ്യരുത് എന്ന കർശന നിർദേശമുണ്ട് പ്രദേശത്ത്. ഈ സമയം അടുത്തേക്ക് ചെല്ലുന്നവർക്ക് നേരെ ചീറിക്കൊണ്ട് പാഞ്ഞടുക്കും, അവരെ നിർദാക്ഷിണ്യം ആക്രമിക്കും അവരെ. 

സാധാരണ ഗതിക്ക് സാൽമൺ മത്സ്യത്തെ പിടിച്ച് അവയുടെ മുട്ട മാത്രമാണ് ഈ കരടികളെ ആഹരിക്കുക. മറ്റുള്ള ശരീരഭാഗങ്ങൾ ഉപേക്ഷിച്ചിട്ട് പോകും അവ. എന്നാൽ, ഇപ്പോൾ സാൽമൺ മുട്ട പോയിട്ട്, മീനിനെത്തന്നെ ഈ ഭീമാകാരന്മാർക്ക് കാണാൻ കിട്ടാത്ത സാഹചര്യമുണ്ട് റഷ്യൻ വനാന്തരങ്ങളിൽ. ഭക്ഷണ കാര്യത്തിലുള്ള ഈ അരക്ഷിതാവസ്ഥ കരടികളെ കൂടുതൽ അക്രമാസക്തരാക്കിയിട്ടുണ്ട് എന്നും, മുതിർന്ന കരടികൾക്കിടയിലും, കരടികളും കുട്ടികളും തമ്മിലും ഏറ്റുമുട്ടലും, പരസ്പരം ആഹരിക്കലും ഒക്കെ സ്വന്തം നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട് എന്നും പ്രദേശത്തെ വന്യജീവി സങ്കേതത്തിലെ സ്പെഷ്യലിസ്റ്റുകൾ പറയുന്നു.