ഉപജീവനമാർഗം തേടി ബിഹാറിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി, ഇവിടെയെത്തി കഷ്ടപ്പെട്ട് പണിയെടുക്കുന്ന നിരവധി അതിഥി തൊഴിലാളികളുണ്ട് നമ്മുടെ നാട്ടിൽ. അവരിൽ പലരും നാട്ടിലുളള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു നല്ല ജീവിതമുണ്ടായിക്കാണാൻ വേണ്ടിയാണ് അന്യനാട്ടിൽ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത്. അവരുടെ ജീവിതങ്ങളിലേക്ക് കൊവിഡ് കാരണം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ വല്ലാത്ത ഒരു അനിശ്ചിതത്വമാണ് കൊണ്ടുവന്നിരിക്കുന്നത്. വ്യക്തിപരമായ അത്യാവശ്യങ്ങൾക്കായി എങ്ങനെയും സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്ന പലരുമുണ്ട്. എന്നാൽ, തിരികെപ്പോകാനുള്ളവരുടെ തിരക്കിൽ പെട്ട് അവരിൽ പലർക്കും അതിന് സാധിക്കുന്നില്ല. 

അത്തരത്തിൽ ഒരവസ്ഥയാണ് വളപട്ടണത്ത് മണൽ വാരൽ പണിക്കെത്തി ഇവിടെ മാസങ്ങളായി തൊഴിലെടുത്തുകൊണ്ടിരുന്ന രാഹുൽ കുമാറിന്റേതും. വരുന്ന ജൂൺ 26 -ന് രാഹുലിന്റെ വിവാഹമാണ്. ബിഹാറിലെ സീതാമഢി ജില്ലയിലെ കുമ്രാ വിഷ്ണുപുരിലുള്ള ബിയൂവ ഗ്രാമത്തിലാണ് രാഹുലിന്റെ വീട്. പശുക്കളെ വളർത്തി പാൽ വിതരണവും മറ്റും നടത്തുന്ന യാദവ് വിഭാഗക്കാരനാണ് രാഹുൽ കുമാർ. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്ന ഗ്രാമമാണ് രാഹുലിന്റേത്. അതേ ഗ്രാമത്തിൽ നിന്ന് വിവാഹം കഴിക്കാനാവില്ല. ജാതി മാറി വിവാഹം കഴിക്കാനാവില്ല. എന്തിന് അയൽവക്കത്തുള്ള, 'സഹോദരഗ്രാമങ്ങൾ' എന്ന്   വിളിക്കപ്പെടുന്ന ഗ്രാമങ്ങളിൽ നിന്ന് പോലും പെണ്ണുകിട്ടില്ല.

നിരവധി കടമ്പകൾ കടക്കണം ബിഹാറിലെ യുവാക്കൾക്ക് യോജിച്ചൊരു പെൺകുട്ടിയ കണ്ടെത്താൻ. അങ്ങനെ പല ആലോചനകളും നടത്തി ഉറപ്പിച്ചതാണ് ചാന്ദ്നി എന്ന യുവതിയുമായുള്ള രാഹുലിന്റെ വിവാഹം. അത് മുടങ്ങുമോ എന്ന ആശങ്കയിൽ ഉള്ളുനീറി കഴിയുകയാണ് ഈ യുവാവിപ്പോൾ. തങ്ങളുടെ  ജാതിയിൽ ഒരിക്കൽ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അത് നടക്കാതിരിക്കുന്നത് അശുഭകരമായ കണക്കാക്കപ്പെടുന്നു എന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. അതേ പെൺകുട്ടിയെ തന്നെ പിന്നീട് വിവാഹം കഴിക്കാനാകുമോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയാണ് ബിഹാറിൽ, വിശേഷിച്ച് രാഹുലിന്റെ ഗ്രാമത്തിൽ. അതുകൊണ്ട് എങ്ങനെയും എത്രയും പെട്ടെന്ന് ഗ്രാമത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു അയാൾ. 

ഒരു പഞ്ചായത്തിൽ നിന്ന് നൂറുപേർക്കേ രജിസ്റ്റർ ചെയ്യാനാകുമായിരുന്നുള്ളൂ ട്രെയിൻ യാത്രക്ക് എന്നാണ് രാഹുൽ പറയുന്നത്. ട്രെയിനുവേണ്ടി ബുക്ക് ചെയ്യാനുള്ള രാഹുലിന്റെ ശ്രമം പരാജയപ്പെട്ടു. അതോടെ രാഹുലിന്റെ ചിന്ത ഇനി എങ്ങനെ നാടുപിടിക്കാം എന്നായി. തന്നെപ്പോലെ തന്നെ അത്യാവശ്യമുള്ള നാട്ടുകാരായ പത്തിരുപത്തഞ്ചു പേരെ സംഘടിപ്പിച്ച് രാഹുൽ ഒരു ബസ് ഏർപ്പാട് ചെയ്തു. കിലോമീറ്ററിന് 40 രൂപയാണ് ട്രാവൽസുകാരൻ ചോദിക്കുന്നത്. റിട്ടേണടക്കം 80 രൂപ. 2400 കിലോമീറ്ററുണ്ട് ഇവിടെ നിന്ന് ബിഹാറിലേക്ക് ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് വേണ്ടി വരും ബസിനു കൊടുക്കാൻ വേണ്ടി മാത്രം. കൊടുക്കേണ്ട തുക എങ്ങനെയും വീട്ടിൽ നിന്ന് ഒപ്പിച്ചു എന്ന് രാഹുൽ പറയുന്നുകൂടെ വരുന്നവരും അവരവരുടെ പണം നൽകാൻ തയ്യാർ. ആ വിവരം ട്രാവൽസ് ഉടമയെ അറിയിച്ചപ്പോഴാണ് അടുത്ത കടമ്പ മുന്നിൽ വരുന്നത്. 

യാത്ര തുടങ്ങുന്ന സംസ്ഥാനത്തിന്റെയും അവസാനിക്കുന്ന സംസ്ഥാനത്തിന്റെയും അനുമതി കൂടാതെ, പാസ് കിട്ടാതെ അവർക്ക് യാത്ര ചെയ്യാനാകില്ല. തങ്ങളുടെ സംസ്ഥാനത്തെ പാസ് നാട്ടിലെ ബന്ധുക്കളോട് പറഞ്ഞ് സംഘടിപ്പിക്കാം എന്ന് അവർക്ക് പ്രതീക്ഷയുണ്ട്. എന്നാൽ, ഇവിടെ നിന്ന് പുറപ്പെട്ട്, അതിർത്തി കടന്നു പോകാൻ കേരള പൊലീസിന്റെ അനുമതി കൂടിയേ തീരൂ. ആ സാങ്കേതികത്വത്തിൽ തട്ടി നിൽക്കുകയാണ് രാഹുലിന്റെ വിവാഹ സ്വപ്‌നങ്ങൾ ഇപ്പോൾ. 

രാഹുലിന്റേത് ഒരു ഭഗീരഥപ്രയത്നമാണ്. തന്റെ വിവാഹം നിശ്ചയിച്ച തീയതിക്ക് തന്നെ നടക്കാൻ വേണ്ടിയുള്ള അസാധാരണ പ്രയത്നം. നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങല്ലേ എന്നുള്ള ഒരേ പ്രാർത്ഥനയിലാണ്  ചാന്ദ്നിയും രാഹുൽ കുമാറും. അതിന് തടസ്സമായി ഇനി അവരുടെ മുന്നിലുള്ളത് ചില അനുമതികളുടെ സാങ്കേതികത്വം മാത്രം. ആ തടസ്സങ്ങളും താമസിയാതെ നീങ്ങുമെന്നും, ഏതുവിധേനയും വിവാഹത്തിനുമുമ്പുതന്നെ ഗ്രാമത്തിലെത്താനാമെന്നുമുള്ള  ശുഭാപ്തിവിശ്വാസത്തിലാണ് കണ്ണൂർ വളപട്ടണത്തുള്ള ഈ 'അതിഥി' തൊഴിലാളി.