Asianet News MalayalamAsianet News Malayalam

ഈ കൊറോണക്കാലം കഴിയുമ്പോഴേക്കെങ്കിലും നാം പ്രകൃതിയെ കുറിച്ച് ബോധമുള്ളവരാകുമോ? ബിഷ്ണോയികൾ പറയുന്നത്

പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചുള്ള നിയമങ്ങളെല്ലാം ഇവര്‍ പഠിച്ചുവെക്കാറുണ്ട്. മൃഗങ്ങളെയോ മറ്റോ അക്രമിക്കാനെത്തുവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങാനും ഇവര്‍ക്ക് മടിയില്ല. 

bishnoi people and nature
Author
Rajasthan, First Published Apr 11, 2020, 4:42 PM IST

മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യാറുണ്ട്. കണ്ണും കയ്യുമില്ലാത്ത ചൂഷണം. നോക്കൂ, ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പൊതുവിടങ്ങളിലെല്ലാം ആളുകളൊഴിഞ്ഞപ്പോൾ എത്രമാത്രം ജീവികളാണ് പുറത്തിറങ്ങുന്നത്. എത്ര മലിനീകരണമാണ് കുറഞ്ഞത്. എത്ര തെളിമയുള്ളതായിരിക്കുന്നു പ്രകൃതി. ഏതായാലും പ്രകൃതിയെ ഒരുപാട് സ്നേഹിക്കുകയും പ്രകൃതിയെ സംരക്ഷിച്ചാൽ തിരിച്ച് പ്രകൃതി നമ്മളെയും സംരക്ഷിച്ചുകൊള്ളും എന്നു വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരെക്കുറിച്ചാണിത്. 

ഇന്ത്യയില്‍ ലോക്ക് ഡൌണാണ്. പലയിടത്തും ഭക്ഷ്യക്ഷാമവുമുണ്ട്. എന്നാല്‍, രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായിട്ടുള്ള രോഹിച കല്ലാ എന്ന ഗ്രാമത്തെ ഇതൊന്നും അലട്ടുന്നില്ല. അവിടെയുള്ള ബിഷ്ണോയി സമുദായം സ്വയം പര്യാപ്തമാണ്. തങ്ങള്‍ക്ക് കഴിയാനുള്ളത് പ്രകൃതി തരുമെന്നും പ്രകൃതിയെ സംരക്ഷിക്കുകയാണ് തങ്ങളുടെ കടമ എന്നും വിശ്വസിക്കുന്നവരാണവർ. വയലിലുണ്ടാക്കിയ ഗോതമ്പ് മാത്രം മുന്നിൽ കണ്ടല്ല ഇവരുടെ ആശ്വാസപ്പെടൽ. വഹ്ന എന്ന രാജസ്ഥാന്റെ സംസ്ഥാന വൃക്ഷങ്ങളിലുണ്ടാകുന്ന പഴങ്ങള്‍ ഉണക്കി സൂക്ഷിച്ചതും ഇവരുടെ കയ്യിലുണ്ട്. പ്രകൃതി ഇങ്ങനെ എപ്പോഴും നമുക്കായി എന്തെങ്കിലും കാത്തുവയ്ക്കുമെന്ന് വിശ്വസിക്കുന്നവരാണിവര്‍. 

bishnoi people and nature

 

പ്രകൃതിയോട് വളരെ ഇണങ്ങി ജീവിക്കുന്നവരാണ് ബിഷ്ണോയി സമുദായക്കാര്‍. പ്രകൃതിയെ അങ്ങേയറ്റം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. വരള്‍ച്ചയില്‍ നിന്നും നമ്മെ രക്ഷിക്കുന്നത് ഈ വൃക്ഷമാണ്. ഇപ്പോഴിതാ ഈ മഹാമാരിക്കാലത്തും അവ നമ്മെ സംരക്ഷിക്കുന്നു എന്നാണ് ഗ്രാമത്തിലെ അധികാരിയായ മഞ്ജു വിഷ്നോയി പറയുന്നത്. ഈ മഹാമാരിയിലൂടെ പ്രകൃതി നമുക്ക് കാണിച്ചുതരികയാണ് പ്രകൃതിയെ സംരക്ഷിക്കൂ എന്ന്. ഞങ്ങള്‍ ബിഷ്ണോയികളെ സംബന്ധിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന മന്ത്രം ഞങ്ങളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് എന്നും മഞ്ജു പറയുന്നു. 

പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ബിഷ്ണോയി സമുദായക്കാര്‍ അറിയപ്പെടുന്നതു തന്നെ പ്രകൃതി സംരക്ഷകരായിട്ടാണ്. സല്‍മാന്‍ ഖാനെതിരെയുള്ള മാന്‍വേട്ട കേസില്ലേ.. 1998 -ല്‍ സിനിമാ ഷൂട്ടിങ്ങിനിടെ രാത്രിയാത്രയില്‍ രണ്ട് മാനുകളെയാണ് സല്‍മാന്‍ ഖാന്‍ വെടിവെച്ചുകൊന്നത്. ആ കേസില്‍ സല്‍മാന്‍ ഖാനെതിരെ സജീവമായി നിന്നത് ബിഷ്ണോയി സമുദായത്തില്‍ പെട്ടവരായിരുന്നു. 

സ്വന്തം ജീവിതം അപകടത്തിലായാല്‍ പോലും പ്രകൃതിയെ സംരക്ഷിക്കുക എന്നത് ബിഷ്ണോയി സമുദായം എത്രയോ കാലമായി ചെയ്തു വരുന്നതാണ്. അതിനുദാഹരണമാണ് അമൃതാ ദേവി ബിഷ്ണോയിയുടെ കഥ. 1730 -ല്‍ രാജാവിന്‍റെ ആളുകള്‍ വൃക്ഷങ്ങള്‍ മുറിക്കുവാനെത്തിയപ്പോള്‍ തടഞ്ഞ അമൃതാ ദേവിയുടെയും മക്കളുടെയും കഥ ഇവിടെ ഓരോ കുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്നതാണ്. രാജാവിന്‍റെ ആളുകള്‍ മരം മുറിക്കാനായി എത്തിയപ്പോള്‍ അമൃതാദേവിയും മൂന്നുമക്കളും ചേര്‍ന്ന് മരങ്ങളെ ഇറുകിപ്പുണര്‍ന്നുനിന്നു. അവരെത്തുടര്‍ന്ന് പിന്നാലെ മറ്റുള്ള ബിഷ്ണോയികളുമെത്തി. എന്നാല്‍, അന്ന് രാജാവിന്‍റെ ആളുകള്‍ കൊന്നുതള്ളിയത് 363 പേരെയാണ്. 

ഇതൊരു ജീവിതരീതി

പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും കഴിയുക എന്നത് ബിഷ്ണോയി സമുദായത്തിന്‍റെ ജീവിതരീതി തന്നെയാണ്. ഈ സമുദായത്തില്‍ ജനിച്ചുവീണ ഒരു കുഞ്ഞിനുപോലും അതെന്താണ് എന്ന് പഠിപ്പിക്കേണ്ടതില്ല. അവനത് കണ്ടുതന്നെ പഠിക്കുമെന്ന് ​ഗ്രാമവാസിയായ കിരണ്‍ ബിഷ്ണോയി പറയുന്നു. അവര്‍ ഒരിക്കലും വഹ്ന വൃക്ഷം മുറിക്കാറില്ല. അതിനി അവരുടെ വാട്ടര്‍ടാങ്കിനോ പൈപ്പിനോ ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നാല്‍പ്പോലും. കേടുവന്നതെല്ലാം നമ്മള്‍ ശരിയാക്കും അപ്പോഴും വൃക്ഷം മുറിക്കില്ലായെന്നും കിരണ്‍ പറയുന്നു. അവര്‍ മുറിക്കില്ലായെന്ന് മാത്രമല്ല, ചുറ്റുമുള്ള മറ്റ് സമുദായത്തിലുള്ളവര്‍ മുറിക്കുന്നതില്‍ നിന്നും ഇവര്‍ തടയുകയും ചെയ്യുന്നു. പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പലപ്പോഴും പുറത്തുനിന്ന് രഹസ്യമായി രാത്രികളില്‍ മൃഗങ്ങളെ വേട്ടയാടാനെത്തുന്നവരുമായി കലഹിക്കേണ്ടി വരാറുണ്ട് പലപ്പോഴും ഇവര്‍ക്ക്. 

നിയമങ്ങളെ കുറിച്ചുള്ള അറിവ്

പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചുള്ള നിയമങ്ങളെല്ലാം ഇവര്‍ പഠിച്ചുവെക്കാറുണ്ട്. മൃഗങ്ങളെയോ മറ്റോ അക്രമിക്കാനെത്തുവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങാനും ഇവര്‍ക്ക് മടിയില്ല. അതിനായി നിരവധി എന്‍ജിഒ -കളും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ. സല്‍മാന്‍ ഖാനെതിരെയുള്ള കേസും ശിക്ഷയും ഒരുപാട് പേര്‍ക്ക് ഒരു പാഠമായിട്ടുണ്ട് എന്നും ബിഷ്ണോയി ടൈഗര്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി രാം നിവാസ് പറയുന്നു. അതോടെ, വന്യജീവികളെ ഉപദ്രവിച്ചാല്‍ അഴിയെണ്ണും ആരായാലും എന്ന കാര്യം ഏറെക്കുറെ ആളുകള്‍ക്ക് ബോധ്യമായി എന്നും ഇവര്‍ പറയുന്നു.  

bishnoi people and nature

 

ജോധ്പൂരിലെ റോഡരികിലെ മരം മുറിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെയും ഇവിടെ സമരം നടന്നിരുന്നു. ഇലക്ട്രിക് ലൈനുകള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് പറഞ്ഞാണ് മരംമുറിക്കാനുള്ള സര്‍ക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ, പ്രതിഷേധത്തിലൂടെ 30 കിലോമീറ്റർ ദൂരത്തെ മരം സംരക്ഷിക്കാൻ ഇവിടുത്തുകാർക്കായി. 

തീർന്നില്ല, ഓരോ പക്ഷികളെയും മൃ​ഗങ്ങളെയും ഓരോ ജീവജാലങ്ങളെയും തങ്ങളിലൊരാളായിത്തന്നെയാണ് ബിഷ്ണോയികൾ കാണുന്നത്. അതുകൊണ്ട്, അവർ ഭക്ഷണമുണ്ടാക്കിയാൽ അത് മറ്റ് ജീവജാലങ്ങൾക്കു കൂടി വേണ്ടിയാണ്. അവയ്ക്കൊരു പരിക്കു പറ്റിയാൽ ഇവർ ഓടിയെത്തും. 

ബിഷ്ണോയിമാർ വിശ്വസിക്കുന്നത് നാം പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി തിരികെ നമ്മെയും സംരക്ഷിക്കുമെന്നാണ്. ഏതായാലും ഈ ലോക്ക് ഡൗൺ കാലം പ്രകൃതിയിലേക്കുള്ള നമ്മുടെ തിരിച്ചുപോക്കിനുകൂടി കാരണമാകട്ടെ. 

Follow Us:
Download App:
  • android
  • ios