അരുൺ ജെയ്റ്റ്ലി ഓർമയായി. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയിട്ട് ഏറെ നാളായിരുന്നു. എൻഡിഎ സഖ്യം റെക്കോർഡ് ഭൂരിപക്ഷം നേടിയ ശേഷം, സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മുമ്പ്, 2019 മെയ് 29-ന്, നരേന്ദ്രമോദിക്കയച്ച കത്തിൽ അരുൺ ജെയ്റ്റ്‌ലി ഇങ്ങനെ കുറിച്ചിരുന്നു...

" അഞ്ചുവർഷം അങ്ങയുടെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒന്നാം എൻഡിഎ സർക്കാരിന്റെ ഭാഗമായും, പിന്നീട് പ്രതിപക്ഷത്തിരുന്നും നിർവഹിക്കാൻ കഴിഞ്ഞ ദൗത്യങ്ങൾ എന്റെ ജീവിതത്തെ സഫലമാക്കി. കഴിഞ്ഞ ഒന്നരവർഷത്തോളമായി ആരോഗ്യം ഏറെ മോശമാണ്.  അതൊന്നു മെച്ചപ്പെടും വരെ, ചികിത്സയിലും വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുണ്ട്. അതുകൊണ്ട് ദയവായി എനിക്ക് ഈ മന്ത്രിസഭയിൽ ഒരു ഉത്തരവാദിത്തവും തരരുതേ.." ആ കത്ത്, ഏറെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. മാധ്യമങ്ങൾ പുതിയ ധനമന്ത്രിക്കുമേൽ ഫോക്കസ് ചെയ്തു. അരുൺ ജെയ്റ്റ്‌ലി മറവിയിലേക്ക് പിൻവാങ്ങി. എന്നാൽ അത്ര എളുപ്പം മറക്കാവുന്ന ഒരു മുഖമല്ലായിരുന്നു എൻഡിഎയുടെ നിരയിൽ അരുൺ ജെയ്റ്റ്‌ലി എന്ന നേതാവിന്റേത്. 

ആരായിരുന്നു ജെയ്റ്റ്‌ലി..? അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു കഥയുണ്ട്. തന്റെ കാറിൽ രണ്ടു കോട്ടും തൂക്കിയിട്ടുകൊണ്ടാണ് ജെയ്റ്റ്‌ലി ദില്ലിയിലെ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നത് എന്ന്. ഒന്ന് അഭിഭാഷകന്റേത്, രണ്ട് ബിജെപി നേതാവിന്റേത്. സുപ്രീം കോടതിയിൽ അഭിഭാഷകന്റെ കോട്ടും ധരിച്ച് ഘോരഘോരം വാദിച്ചു തീർന്നാൽ, അശോകാ റോഡിലുള്ള ബിജെപി കാര്യാലയത്തിലെത്തി വക്കീലിന്റെ കോട്ട് ഊരിവെച്ച് രാഷ്ട്രീയക്കാരന്റെ കോട്ടിട്ട് പാര്‍ട്ടി പ്രവർത്തനങ്ങളിൽ മുഴുകുമായിരുന്നു എന്ന്. 

ജെയ്റ്റ്‌ലിയുടെ ജനനം പഞ്ചാബിലായിരുന്നു. പാകിസ്താന്റെ ഭാഗമായ പഞ്ചാബിൽ. രണ്ടു തലമുറമുമ്പ്, അതായത് ജെയ്റ്റ്‌ലിയുടെ മുത്തച്ഛനും മുത്തശ്ശിയും കഴിഞ്ഞുപോന്നത് അവിടെയായിരുന്നു. എട്ടുമക്കളായിരുന്നു അവർക്ക്. ഭർത്താവ്  മധ്യവയസ്സിൽ തന്നെ മരിച്ചു. അതോടെ മക്കളെ പോറ്റേണ്ട ചുമതല മുത്തശ്ശിക്ക് വന്നുപെട്ടു. അവർ തന്റെ നിലനിൽപ്പിന് ഒരേയൊരു വഴി മാത്രമേ കണ്ടുള്ളൂ. മക്കളെ നല്ലപോലെ പഠിപ്പിക്കുക. കഠിനമായി അദ്ധ്വാനിച്ച് അവർ തന്റെ മക്കളിൽ നാലുപേരെ അഭിഭാഷകരാക്കി. അവരുടെ വിവാഹങ്ങൾ നടത്തി. അങ്ങനെയിരിക്കെയാണ് വിഭജനം വരുന്നത്. വിഭജനാനന്തരം ജെയ്റ്റ്‌ലി കുടുംബം പാകിസ്ഥാനിൽ അഭയാർത്ഥികളെപ്പോലെയാണ് കണക്കാക്കപ്പെട്ടത്. ആകെ അവമതിപ്പും, പരിഹാസവും, ദുരിതങ്ങളും. ഒടുവിൽ ജെയ്റ്റ്‌ലിയുടെ അച്ഛനും അമ്മയും പാകിസ്ഥാനില്‍  നിന്ന് കയ്യിൽ കിട്ടുന്നതുമാത്രം എടുത്ത് ദില്ലിയിലേക്ക് കുടിയേറി. 

അന്ന് തന്റെ രാഷ്ട്രീയചായ്‌വിന് കാരണമായി ജെയ്റ്റ്‌ലി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. വിഭജനസമയത്ത് പാക്കിസ്ഥാനിൽ പെട്ടുപോയ, തിക്താനുഭവങ്ങൾ സഹിച്ചുമടുത്ത് ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് ദില്ലിയിലേക്ക് കുടിയേറിയ ഹിന്ദുക്കളെല്ലാം അന്ന് ജനസംഘത്തിൽ ചേർന്നു പ്രവർത്തിച്ചു എന്ന്. അതുകൊണ്ടു തന്നെ ശ്രീരാം കോളേജിൽ കൊമേഴ്‌സ് ബിരുദത്തിനു പഠിക്കുന്ന കാലത്ത് ജെയ്റ്റ്‌ലി എബിവിപിയിൽ അംഗത്വമെടുത്തപ്പോൾ  അന്ന് ആർക്കും അതിൽ ഒരു അതിശയവും തോന്നിയില്ല. അക്കാലത്താണ് ഗുജറാത്തിൽ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകനായിരുന്ന നരേന്ദ്ര മോദിയെ ജെയ്റ്റ്‌ലി പരിചയപ്പെടുന്നത്.  ആ സൗഹൃദം പിന്നീട് വളരെ നിർണ്ണായകമാകും എന്ന് അദ്ദേഹത്തിനറിയിലായിരുന്നു. ദില്ലി സർവകലാശാലയിലെ നിയമവിഭാഗത്തിൽ ഉപരിപഠനത്തിനു ചേർന്ന ജെയ്റ്റ്‌ലി അവിടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ദില്ലിയിലെ ജനസംഘത്തിന്റെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായി മാറി.

അക്കാലത്താണ് ജയപ്രകാശ് നാരായൺ നാഷണൽ കൗൺസിൽ ഫോർ സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സംഘടന തുടങ്ങാൻ തീരുമാനിച്ചത്. ജെപിയുടെ ശ്രദ്ധയിൽ അന്നുതന്നെ ജെയ്റ്റ്‌ലി പെട്ടിരുന്നു. ഈ സംഘടനയുടെ ആദ്യ സെക്രട്ടറിയായി ജെപി തെരഞ്ഞെടുത്തത് അരുൺ ജെയ്റ്റ്ലിയെ ആയിരുന്നു. അക്കാലത്ത് ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്ന് അങ്ങനെ ജെയ്റ്റ്ലിയെ തേടിയെത്തി. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ജെയ്റ്റ്‌ലി അറസ്റ്റുചെയ്യപെട്ടു. വളരെ നാടകീയമായ ഒരു അറസ്റ്റിനാണ് അന്ന് ദില്ലി സർവ്വകലാശാല സാക്ഷ്യം വഹിച്ചത്. പൊലീസ് തെരയുന്നു, അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്ന വിവരം കിട്ടിയത്തോടെ ജെയ്റ്റ്‌ലി ഒളിവിൽ പോയി. എന്നാൽ അടുത്ത പകൽ തന്നെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. തലയുയർത്തി നിന്ന്, മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് എബിവിപിയുടെ ഒരു ജാഥ നയിച്ചുകൊണ്ട് ക്യാമ്പസ് ചുറ്റിയ ജെയ്റ്റ്ലിയെ പൊലീസ് കാമ്പസിനുള്ളിൽ കയറി അറസ്റ്റുചെയ്തു. പിന്നെ പത്തൊമ്പതുമാസം നീണ്ടുനിന്ന ജയിൽ വാസമായിരുന്നു. ആദ്യം അംബാല ജയിൽ, പിന്നീട് തിഹാർ. പുറത്തിറങ്ങിയ ഉടൻ ജനതാ പാർട്ടിയിൽ ചേർന്നു. ഒപ്പം നിയമപഠനവും തുടർന്നു. രാഷ്ട്രീയത്തിലെ ബന്ധങ്ങൾ തുടർന്നു. സിറ്റിങ്ങൊന്നിന് പതിനായിരങ്ങൾ വാങ്ങുന്ന സുപ്രീം കോടതിയിലെ ഫയർബ്രാൻഡ് അഭിഭാഷകനായി ജെയ്റ്റ്‌ലി അറിയപ്പെട്ടു. 1991 മുതൽ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു ജെയ്റ്റ്‌ലി.

അദ്ദേഹത്തിന് ആദ്യമായി ഒരു പ്രധാന ഉത്തരവാദിത്തം ലഭിക്കുന്നത് തന്റെ മുപ്പത്തേഴാമത്തെ വയസ്സിലാണ്. വിപി സിങ്ങ് ഗവൺമെന്റിൽ അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം അലങ്കരിച്ചു. അദ്ദേഹമാണ് പ്രസിദ്ധമായ ബോഫോഴ്സ് കേസിന്റെ കടലാസുകൾ തയ്യാറാക്കിയത്. ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തെളിഞ്ഞില്ല എങ്കിലും ഈ കേസിൽ രാജീവ് ഗാന്ധിക്ക് ഏറെ മാനസികപ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു. അതിനുശേഷം ജെയ്റ്റ്‌ലി ബിജെപിയിൽ കൂടുതൽ ഉന്നതമായ സ്ഥാനങ്ങളിലേക്കുള്ള പടികൾ ഒന്നൊന്നായി ചവിട്ടിക്കയറി. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ കോൺഗ്രസിൽ അഭിഭാഷകന്മാർക്ക് മുന്തിയ പരിഗണനന കിട്ടിയിരുന്നു. അത് പിന്തുടർന്നുകൊണ്ടാവണം, ബിജെപിയും തങ്ങളുടെ പാർട്ടിയിലുണ്ടായിരുന്ന രവിശങ്കർ പ്രസാദിനെയും, അരുൺ ജെയ്റ്റ്ലിയെയും പോലുള്ള സമർത്ഥരായ സുപ്രീം കോടതി വക്കീലന്മാർക്ക് അവരർഹിക്കുന്ന സ്ഥാനങ്ങൾ നൽകിത്തുടങ്ങി. ആയിടെയാണ് ലാൽ കൃഷ്ണ അദ്വാനിയുടെ കണ്ണ് അരുൺ ജെയ്റ്റ്‌ലിയുടെ മേൽ പെടുന്നത്. അദ്വാനിയുടെ പ്രിയപ്പെട്ട അനുയായികളിൽ ഒരാളായി ജെയ്റ്റ്‌ലി മാറി.1999 ഒക്ടോബർ 13 ന് അദ്ദേഹം  വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ വാർത്താവിതരണ വകുപ്പ് സഹമന്ത്രിയായി. രാംജെത് മലാനി നിയമ മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് നിയമ, കമ്പനി കാര്യങ്ങളുടെ അധിക ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. പിൽക്കാലത്ത് മോദിക്കുവേണ്ടി ഇതേ അദ്വാനിക്കെതിരെ രാഷ്ട്രീയ ചരടുവലികൾ നടത്താൻ ജെയ്റ്റ്‌ലി തീരുമാനിച്ചത് മറ്റൊരു വിധിവൈപരീത്യം. 

 

അക്കാലത്താണ് ഗുജറാത്തിൽ ബിജെപി നേതൃത്വത്തിൽ മാറ്റങ്ങളുണ്ടാകുന്നത്. കേശുഭായ് പട്ടേൽ മാറി, പകരം പുതിയൊരാൾ സംസ്ഥാനത്തെ ബിജെപി പ്രസിഡന്റാകുന്നു. തുടർന്ന് മുഖ്യമന്ത്രിയും. പണ്ട് വിദ്യാർത്ഥി രാഷ്ട്രീയകാലത്ത് ജെയ്റ്റ്‌ലി പരിചയപ്പെട്ടിരുന്ന അതേ നരേന്ദ്ര മോദി. 2001-ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിൽ അരുൺ ജെയ്റ്റ്‌ലി വളരെ സുപ്രധാനമായൊരു  പങ്കുവഹിച്ചിട്ടുണ്ട്.

മോദിക്ക് അന്ന് ദില്ലിയിൽ തനിക്കുവേണ്ടി പ്രവർത്തിക്കാനും വാദിക്കാനും ഒക്കെ ഒരു വിശ്വസ്തനെ വേണമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ മോദിയുടെ ലക്ഷ്യം ദില്ലിയായിരുന്നു. അതിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെത്തന്നെ അദ്ദേഹത്തിന് അദ്വാനിയ്ക്കെതിരെ ദില്ലിയിൽ കൃത്യമായി കരുക്കൾ നീക്കാൻ പറ്റിയ ഒരാൾ വേണമായിരുന്നു. അതിനായി അദ്ദേഹം കണ്ടെത്തിയ ആളായിരുന്നു അരുൺ ജെയ്റ്റ്‌ലി. ദില്ലിയിൽ അദ്വാനി എന്ന പ്രധാനമന്ത്രിപദമോഹമുള്ള സീനിയർ ബിജെപി നേതാവിനെതിരെ മോദിക്കുവേണ്ടി കരുക്കൾ നീക്കിയതും, ദില്ലി വൃത്തങ്ങളിൽ മോദിക്ക് സ്വാധീനം വളർത്തിയതും അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്തിലെ ഭരണത്തിലും നിയമകാര്യങ്ങളിൽ മോദി ഗവൺമെന്റിന് വേണ്ട നിയമോപദേശങ്ങൾ നല്കിപ്പോന്നത് അക്കാലത്ത് ജെയ്റ്റ്‌ലി തന്നെയായിരുന്നു. ബിജെപി സംഘടനാ പ്രവർത്തനങ്ങളുടെ നടത്തിപ്പിലും ജെയ്റ്റ്‌ലി മോദിക്ക് ഏറെ സഹായകരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിക്കു നൽകിയ പ്രചാരണ സംഘാടന സഹായങ്ങൾക്ക് പ്രത്യുപകാരമായി  മോദി 2000-ൽ ജെയ്റ്റ്ലിയെ ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് അയച്ചു.

 2000-2006 കാലയളവിൽ 2 സുപ്രധാന ഭരണഘടന ഭേദഗതികൾ അദ്ദേഹം അവതരിപ്പിച്ചു. ആദ്യത്തേത്, 1991ലെ സെൻസസ് അനുസരിച്ച് 2026 വരെ പാർലമെന്‍റ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് മരവിപ്പിക്കുന്ന ബിൽ 2002ൽ ഭരണഘടനയുടെ 84ആം ഭേദഗതിയായി. 2004ൽ, സംസ്ഥാന മന്ത്രിസഭാംഗങ്ങളുടെയും കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെയും എണ്ണം നിയന്ത്രിക്കുന്നതും പാർലമെന്‍റ് അംഗങ്ങൾ ഒരു ടേമിൽത്തന്നെ പാർട്ടി മാറുന്നതിനെതിരെ പിഴ ചുമത്തുന്നതുമായ ബിൽ പാസ്സായി ഭരണഘടനയുടെ 91ആം ഭേദഗതിയായി.. 

2009-ൽ ജെയ്റ്റ്‌ലി രാജ്യസഭയിൽ പ്രതിപക്ഷ നേതാവാകുന്നു. രണ്ടാം യുപിഎ മന്ത്രിസഭയിൽ ആദ്യം ധനകാര്യവും പിന്നെ ആഭ്യന്തരവും കൈകാര്യം ചെയ്തിരുന്ന പി ചിദംബരവുമായി സഭയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾ കോടതിയിൽ രണ്ട് മുതിർന്ന അഭിഭാഷകർ ഏറ്റുമുട്ടുന്നതിനു സമാനമായി കണക്കാക്കപ്പെട്ടിരുന്നു. 

2014-ലെ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും, മോദി അദ്ദേഹത്തിന് മന്ത്രിസഭയിൽ ധനമന്ത്രിപദം പോലുള്ള സുപ്രധാന പോർട്ടിഫോളിയോകൾ നൽകി. ധനകാര്യ വിദഗ്ധനല്ലാത്ത ജയ്റ്റ്ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് നരേന്ദ്രമോദി സുപ്രധാന സാമ്പത്തിക നടപടികൾ കൈക്കൊണ്ടത്. ഫെഡറലിസം ശക്തിപ്പെടുത്താനെന്നു പറഞ്ഞ് പ്ലാനിങ് കമ്മീഷൻ എടുത്ത് കളഞ്ഞ് പകരം നീതി ആയോഗ് കൊണ്ടുവന്നത് സുപ്രധാന ചുവടുവെയ്പായിരുന്നു.

സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കായി നരേന്ദ്ര മോദി വിശേഷിപ്പിച്ച നോട്ട് നിരോധനവും, ഒരു രാജ്യം ഒരു നികുതി എന്ന അടിസ്ഥാനത്തിൽ 'ജിഎസ്ടി' നടപ്പാക്കിയതും ജയ്റ്റ്ലിയുടെ കീഴിലാണ്. പ്രണബ് മുഖർജിയും പി ചിദംബരവും സംസ്ഥാനങ്ങളുമായി സമവായം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്ത് ജയ്റ്റ്ലി വിജയിച്ചു. രാഷ്ട്രീയം മാറ്റി വെച്ച് ഓരോ കാര്യങ്ങളും തികച്ചും ജനാധിപത്യപരമായാണ് ചർച്ച ചെയ്ത് സമവായത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ പോലും സമ്മതിക്കുന്നു.

റെയിൽ ബജറ്റ് പൊതു ബജറ്റിനോട് ചേർത്ത് ഒറ്റ ബജറ്റാക്കിയത് ജെയ്റ്റ്‌ലിയുടെ കാലത്താണ്. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിലേക്ക് നേരത്തെ ആക്കിയതും ജയ്റ്റ്ലി തന്നെ. കടക്കെണിയിലകപ്പെട്ട കോർപ്പറേറ്റ്  കമ്പനികളെ കൈകാര്യം ചെയ്യാൻ Insolvency and Bankruptcy Code Bill അവതരിപ്പിച്ചത് ജെയ്റ്റ്‌ലി ആയിരുന്നു. അദ്ദേഹമാണ് ബാങ്കിങ് മേഖലയിൽ പി ജെ നായക് സമിതി ശുപാർശക‌ൾ നടപ്പിലാക്കിയത്. റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ  വേണ്ടി ജെയ്റ്റ്‌ലി  പുതിയ ധനനയ സമിതിക്ക് രൂപം നൽകി. കീഴുദ്യോഗസ്ഥർക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ജയ്റ്റ്ലിയെ 'ഡ്രീം ബോസ്' എന്നാണ് ഒന്നാം മോദി സർക്കാരിലെ സാമ്പത്തിക ഉപദേഷ്ഠാവായിരുന്ന അരവിന്ദ് സുബ്രമണ്യം വിശേഷിപ്പിച്ചിരുന്നത്. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റ് 28ന് കൊണ്ടുവന്ന 'ജൻധൻ' യോജന വലിയ മുന്നേറ്റമായിരുന്നു. 55ഓളം സ്കീമുകളുടെ സബ്സിഡി തുക ആധാർ കാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ട് വഴി കൈമാറിയതിലൂടെ ഒരു ലക്ഷം കോടി രൂപ ചോർന്നു പോകുന്നത് തടയാൻ കഴിഞ്ഞു.

മോദി സർക്കാറിന്റെ ഭാഗമായിരുന്ന അഞ്ചു വർഷക്കാലം അദ്ദേഹം ദില്ലിയിലെ രാഷ്ട്രീയ ചൂതാട്ടങ്ങളിൽ വളരെ സമർത്ഥമായ കളികൾ കളിച്ചു. ദില്ലിയിലെ പത്രപ്രവർത്തകർ ജെയ്റ്റ്‌ലിയുടെ ഗുഡ് ബുക്കിൽ ഇടം നേടാനായി അദ്ദേഹം പറയുന്ന വാർത്തകൾ പ്രസിദ്ധപ്പെടുത്തി. സ്വന്തം പാർട്ടിയിലെ ഇഷ്ടക്കാരെ വളർത്തിയിരുന്ന പോലെത്തന്നെ അപ്രിയരായവർക്കെതിരെ അളന്നുകുറിച്ച ഒളിയമ്പുകൾ എയ്ത് അവരെ തളർത്താനും ജെയ്റ്റ്‌ലി മിടുക്കനായിരുന്നു എന്ന് എതിരാളികൾ പറഞ്ഞു നടന്നു. ഉമാ ഭാരതിയെപ്പോലുള്ള പലരും ജെയ്റ്റ്ലിക്കെതിരെ പരസ്യമായി രംഗത്തുവന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഒട്ടും കുറവുവരുത്താനായില്ല. 

ഏറ്റവും ഒടുവിൽ ഒരു കിഡ്‌നിമാറ്റ ശാസ്ത്രക്രിയയെത്തുടർന്ന്, സജീവരാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്ത്, ചികിത്സയിലും വിശ്രമത്തിലും മുഴുകി, അരുൺ ജെയ്റ്റ്‌ലി എന്ന ഈ രാഷ്ട്രീയ വിചക്ഷണൻ. ഒടുവിൽ അദ്ദേഹം അരങ്ങൊഴിയുമ്പോൾ മോദിക്ക് നഷ്ടപ്പെടുന്നത് തനിക്കുവേണ്ടി ദില്ലിയിൽ 'നിലമൊരുക്കിയ' രാഷ്ട്രീയ ചാണക്യനെയാണ്,   തന്റെ പ്രിയങ്കരനായ 'ട്രബിൾഷൂട്ടറെ'യാണ്.