മോസ്കോയിൽ നിന്ന് 370 കിലോമീറ്റർ അകലെയുള്ള വ്യാവസായിക നഗരമായ Dzerzhinsk -ലെ ഒരു ഗ്ലാസ് ഫാക്ടറിക്ക് സമീപം നീല രോമങ്ങളുള്ള ഏഴു നായ്ക്കൾ ചുറ്റിത്തിരിയുന്നതായി മുൻപ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 11 -ന് പ്രാദേശിക മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചിത്രങ്ങൾ വൈറലായി. ആദ്യം അവയെ കണ്ടപ്പോൾ വിചാരിച്ചത് അറിയപ്പെടാത്ത ഏതോ ഇനത്തിൽ പെട്ട നായകളായിരിക്കും അതെന്നാണ്. എന്നാൽ, നീല നിറമായിരുന്ന നായ്ക്കൾക്ക് പുറമെ ഇപ്പോൾ പിങ്ക് നിറമുള്ള നായ്ക്കളെയും കാണാൻ തുടങ്ങിയത്തോടെ അവിടത്തെ ജനത വലിയ ആശങ്കയിലാണ്. നായ്ക്കളുടെ ഈ നിറമാറ്റത്തിന്റെ കാരണം തിരക്കി പോയപ്പോഴാണ് ഒരു കാര്യം അവിടത്തുകാർ കണ്ടെത്തിയത്. ഉപയോഗശൂന്യമായ കിടക്കുന്ന ഒരു ഫാക്ടറി ഉണ്ടാക്കുന്ന രാസമാലിന്യങ്ങളാണ് ഈ നിറമാറ്റത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.  

ശീതയുദ്ധകാലത്തും അതിനുശേഷവും 300,000 ടൺ രാസമാലിന്യങ്ങളാണ് ഇവിടേക്ക് വലിച്ചെറിയപ്പെട്ടതെന്നും, ഇത് രാജ്യത്തെ ഏറ്റവും മലിനമായ പ്രദേശങ്ങളിൽ ഒന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ആറുവർഷം മുമ്പ് അടച്ചുപൂട്ടിയ ഫാക്ടറിക്ക് സമീപമുള്ള ചില പ്രദേശവാസികളാണ് ഈ ഫോട്ടോകൾ എടുത്തത്. രാസമാലിന്യമാണ് രോമങ്ങളുടെ ഈ നിറമാറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പ്ലാന്റിന്റെ മാനേജർ ചിത്രങ്ങളുടെ ആധികാരികത നിഷേധിച്ചു, അവ കെട്ടിച്ചമച്ചതാണ് എന്നും അയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ചയാണ് നീല നിറമുള്ള നായ്ക്കളെ കണ്ടെത്തിയത്.    

 

ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ അലഞ്ഞുനടക്കുമ്പോൾ നായ്ക്കൾ കോപ്പർ സൾഫേറ്റുമായി സമ്പർക്കം പുലർത്തിയതിയാതായിരിക്കാം ആ നീല നിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജർ ആൻഡ്രി മിസ്ലെവെറ്റ്സ് പറഞ്ഞു. ഈ ഫാക്ടറി അക്രിലിക് ഗ്ലാസും പ്രൂസിക് ആസിഡും ഉത്പാദിപ്പിച്ചിരുന്നു. പ്ലാന്റിൽ ഉണ്ടായിരുന്ന നീല ഡൈയിൽ  നായ്ക്കൾ ഉരുണ്ട് വീണിരിക്കാം എന്ന് അയാൾ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 13 ന് നായ്ക്കളെ നിസ്നി നോവ്ഗൊറോഡിലെ ഒരു വെറ്റ്സ് ക്ലിനിക്കിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ അവയുടെ രക്തവും, മലവും പരിശോധിച്ചിരുന്നു. നായ്ക്കൾ ആരോഗ്യമുള്ളവരാണെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോപ്പർ സൾഫേറ്റ് പോലുള്ള വിഷ രാസവസ്തുക്കൾ നിറവ്യത്യാസത്തിന് കാരണമായേക്കാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. 

2007-ൽ ബ്ലാക്ക്‌സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ട്, ലോകത്തിലെ ഏറ്റവും മോശമായ മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് Dzerzhinsk എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് ഒരു ആയുധ നിർമ്മാണത്തിന്റെ കേന്ദ്രമായിരുന്ന ഇത് പതിറ്റാണ്ടുകളായി രാസ മലിനീകരണത്തിന്റെ ഉറവിടമാണ്. അതേസമയം ആരോപണങ്ങൾ അതിശയോക്തിപരമാണെന്ന് നഗരത്തിലെ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.