Asianet News MalayalamAsianet News Malayalam

അത്ഭുതങ്ങൾ തേടി നദിയിൽ മുങ്ങി, കിട്ടിയത് 95 വർഷം പഴക്കമുള്ളൊരു കുറിപ്പ്, അതിൽ എഴുതിയിരുന്നത്...

നദി വളരെ നിശ്ചലമായിരുന്നു, ഞാൻ 10-12 അടി താഴേക്ക് നീങ്ങി, ഒരു ഭീമാകാരമായ ക്ലാം ഷെൽ കണ്ടെത്തി. അപ്പോഴാണ് ഞാനത് കണ്ടത് ഒരു പച്ചക്കുപ്പി. നാല് ഇഞ്ച് നീളവും അര ഇഞ്ച് വീതിയുമുണ്ടായിരുന്നു അതിന്. ഉള്ളിൽ എന്തോ കാണാമായിരുന്നു, പക്ഷേ അത് ചെളിയാണെന്ന് തോന്നി. ഞാൻ കുപ്പി ഉയർത്തി, സൂക്ഷിച്ചുനോക്കി. 

boat captain found 95 year old message in a bottle
Author
Michigan City, First Published Nov 21, 2021, 11:43 AM IST

ചിലപ്പോൾ ജീവിതത്തിൽ തീർത്തും അപ്രതീക്ഷിതമായത് എന്തെങ്കിലും സംഭവിക്കും. ജീവിതത്തിന്റെ ഭം​ഗി തന്നെ ചിലപ്പോൾ, ആ എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വമാണ് അല്ലേ? എന്നാൽ, ഇവിടെ ഒരു സ്ത്രീക്ക് നദിയിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയത് ഏകദേശം നൂറ് വർഷം പഴക്കമുള്ള ഒരു കുറിപ്പാണ്. ആ കുറിപ്പ് എഴുതിയ ആളെത്തേടി അവർ നടത്തിയ അന്വേഷണം ഫലപ്രാപ്തിയിലെത്തുകയും ചെയ്തു. ആ കുറിപ്പിനെ കുറിച്ച് അത് കണ്ടെത്തിയ ജെന്നിഫർ ഡോക്കർ (Jennifer Dowker) പറയുന്നതാണ് ഇത്. 'ദ ​ഗാർഡിയനി'ൽ പ്രസിദ്ധീകരിച്ചതിന്റെ പരിഭാഷ. 

മിഷിഗണിലെ ബ്ലാക്ക് റിവറിലാണ് ഞാന്‍ വളർന്നത്, എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ബോട്ടുകളുടെ ക്യാപ്റ്റൻ എങ്ങനെയിരിക്കണമെന്ന് പഠിക്കാൻ തുടങ്ങി. ഞാൻ എന്റെ അച്ഛന്റെ മത്സ്യബന്ധന ബോട്ടിൽ പോവാറുണ്ടായിരുന്നു. ​​എല്ലാ വർഷവും എന്റെ ജന്മദിനത്തിന് വെള്ളത്തിലേക്ക് കൊണ്ടുപോകാൻ ഒരു ചെറിയ ഫ്ലോട്ടിംഗ് വെസൽ എനിക്ക് ലഭിച്ചിരുന്നു. മിഷിഗണിൽ, ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം തടാകങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കടലിൽ ഡൈവിംഗ് ചെയ്യാനും അതിനായി സ്കൂളിൽ നിന്നും മുങ്ങാനും എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

മൂന്നുവർഷം മുമ്പായിരുന്നു എന്റെ വിവാഹമോചനം. അങ്ങനെ ഞാൻ മൂന്ന് ആൺകുട്ടികൾക്ക് സിംഗിള്‍ മദറായി. ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ജീവിക്കാനായി പണം സമ്പാദിക്കേണ്ടതുണ്ടായിരുന്നു. ഞാൻ ഒരു പരിചാരികയായി ജോലി ചെയ്തു. പക്ഷേ, ഒപ്പം ഞാൻ ഇപ്പോൾ താമസിക്കുന്ന ചെബോയ്ഗൻ എന്ന ചെറുപട്ടണത്തിൽ ബോട്ട് ടൂറുകള്‍ക്കായി ഒരു സംരംഭവും തുടങ്ങി. 2018 -ലാണ് ഞാൻ എന്റെ ബിസിനസ് തുടങ്ങുന്നത്. ഞങ്ങൾ ചെബോയ്ഗൻ നദിയിലേക്കും ഹുറോൺ തടാകത്തിലേക്കും ആളുകളെ കൊണ്ടുപോയി. വേനൽക്കാലം മുഴുവൻ ദിവസവും അഞ്ച് യാത്രകൾ വരെ ഞങ്ങൾ നടത്തുന്നു. നദിയുടെ ചരിത്രം വിശദീകരിക്കാൻ എന്റെ കപ്പലിൽ ഒരു ചരിത്രകാരനും ഉണ്ട്. 

ഡെക്കും ഫോണുകളും കൈകാര്യം ചെയ്യാന്‍ എന്റെ മക്കൾ സഹായിക്കുന്നു. ഞാനും ഇളയവനും പലപ്പോഴും നദിയിൽ മുങ്ങിത്താഴുന്നു, ഉപേക്ഷിക്കപ്പെട്ട എല്ലാത്തരം വസ്തുക്കളും എടുക്കുന്നു. അടുത്തിടെ, ഞങ്ങൾ ഒരു ഇരട്ടത്തലയുള്ള ആക്സ് ബ്ലേഡ് കണ്ടെത്തി - ഈ പ്രദേശം ലോഗിംഗ് ചരിത്രത്തിൽ സമ്പന്നമാണ്. ഞങ്ങൾ ഒരു ട്രൈസൈക്കിൾ പോലും കണ്ടെത്തി. ഈ വർഷം ജൂണിലെ ഫാദേഴ്‌സ് ഡേ വാരാന്ത്യത്തിൽ, ബോട്ടിന്റെ അരികിൽ, സൂര്യാസ്തമയത്തോടടുത്ത്, സ്കൂബ ഡൈവിംഗിന് താല്‍പര്യമുള്ള ഒരു ഇടപാടുകാരനെ ഞാൻ കണ്ടുമുട്ടി. 

ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന റോബ് ബോട്ടിന് ഇന്ധനം നിറയ്ക്കുകയായിരുന്നു. നദീതീരത്ത് എന്തെങ്കിലും കണ്ടെത്തുന്നതിലൂടെ ഈ ക്ലയന്റിന്‍റെ താൽപ്പര്യം നിലനിർത്തണമെന്ന് ഞാൻ കരുതി. നദി വളരെ നിശ്ചലമായിരുന്നു, ഞാൻ 10-12 അടി താഴേക്ക് നീങ്ങി, ഒരു ഭീമാകാരമായ ക്ലാം ഷെൽ കണ്ടെത്തി. അപ്പോഴാണ് ഞാനത് കണ്ടത് ഒരു പച്ചക്കുപ്പി. നാല് ഇഞ്ച് നീളവും അര ഇഞ്ച് വീതിയുമുണ്ടായിരുന്നു അതിന്. ഉള്ളിൽ എന്തോ കാണാമായിരുന്നു, പക്ഷേ അത് ചെളിയാണെന്ന് തോന്നി. ഞാൻ കുപ്പി ഉയർത്തി, സൂക്ഷിച്ചുനോക്കി. ഞാൻ എന്റെ ബോട്ടിലേക്ക് നീന്തി, കുപ്പിയുടെ കോർക്ക് പുറത്തെടുക്കാൻ ജാക്ക്നൈഫ് ഉപയോഗിച്ചു. അതിന്‍റെ ഒരു ഫോട്ടോ എടുക്കാൻ റോബിനോട് ആവശ്യപ്പെട്ടു. ഒരു കടലാസ് കുപ്പിയുടെ ഉള്ളിൽ ഒട്ടിപ്പിടിച്ചിരുന്നു. കുപ്പിയുടെ കഴുത്തിലൂടെ ഞാൻ ഒരു ചെറിയ കൊളുത്ത് വലിച്ചു. ഞാൻ അത് തുറന്ന് നോക്കി, അതിൽ കുറിച്ചിരിക്കുന്ന തീയതി കണ്ടു - നവംബർ 1926. അതിന്റെ പഴക്കം കണ്ടതോടെ ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി. 

95 വർഷം പഴക്കമുള്ള ആ കുറിപ്പ് ഇങ്ങനെയായിരുന്നു: “ഈ കുപ്പി കണ്ടെത്തുന്നയാൾ ഈ പേപ്പർ മിഷിഗനിലെ ചെബോയ്‌ഗനിലെ ജോർജ്ജ് മോറോ എന്നയാൾക്ക് തിരികെ നൽകുകയും ഇത് എവിടെ നിന്നുമാണ് കണ്ടെത്തിയത് എന്ന് പറയുകയും ചെയ്യുമോ?” എന്റെ കയ്യിലുള്ളത് ഒരു ചരിത്ര വസ്തു ആണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഹൃദയം വളരെ പ്രകാശവും സന്തോഷവും നിറഞ്ഞതായിരുന്നു. മൊറോ എന്നത് ഒരു സാധാരണ പ്രാദേശിക നാമമാണ്, അതിനാൽ ഞാൻ മറീന വിടുന്നതിന് മുമ്പ്, എന്റെ ഫേസ്ബുക്ക് പേജിൽ ആ കുറിപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്തു. അതിലൂടെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരവുമായി എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. 

പിറ്റേന്ന് രാവിലെ ഫേസ്ബുക്ക് നോക്കിയപ്പോള്‍ ആ കുറിപ്പുമായി ബന്ധപ്പെട്ട നിരവധി നോട്ടിഫിക്കേഷനുകൾ ഉണ്ടായിരുന്നു. സന്ദേശങ്ങളും നോട്ടിഫിക്കേഷനുകളും കൊണ്ട് ഫോണ്‍ പൊട്ടിത്തെറിക്കുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചുപോയി. അടുത്ത ദിവസം, ഞാൻ എന്റെ അച്ഛനെ സന്ദർശിച്ച് വീട്ടിലേക്ക് പോകുമ്പോൾ, മിഷേൽ പ്രൈമൗ എന്നൊരു സ്ത്രീയിൽ നിന്ന് എനിക്ക് ഒരു ഫോൺ കോൾ വന്നു. താൻ ജോർജ്ജ് മോറോയുടെ മകളാണ് എന്നാണ് അവൾ എന്നോട് പറഞ്ഞത്. ആദ്യം അവളെ വിശ്വസിക്കാമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അവൾ വികാരാധീനയായപ്പോൾ, അവൾ പറയുന്നത് സത്യമായിരിക്കും എന്ന് എനിക്ക് തോന്നി. 

അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോഴെല്ലാം തന്റെ അച്ഛൻ കുപ്പികളിൽ നോട്ടുകൾ ഒഴുക്കുമായിരുന്നു എന്നും അല്ലെങ്കിൽ അവരുടെ വീടുകൾ പുനർനിർമ്മിക്കുമ്പോൾ ചുവരുകളിൽ കുറിപ്പുകള്‍ ഒളിപ്പിക്കുമായിരുന്നു എന്നും അവർ പറഞ്ഞു. അവര്‍ തീയതി നോക്കി, അദ്ദേഹത്തിന്‍റെ 18 -ാം ജന്മദിനത്തിലാണ് അദ്ദേഹം ഇത് കുപ്പിയിലാക്കി ഒഴുക്കിയത് എന്ന് അനുമാനിച്ചു.

ശരത്കാലത്തിൽ, മിഷേൽ എന്നെ കാണാൻ ഡിട്രോയിറ്റിൽ നിന്നും യാത്ര ചെയ്ത് എന്റെ അടുത്തേക്ക് വന്നു. അവൾ മോറോയുടെ രണ്ടാം ലോകമഹായുദ്ധ ജേണൽ തന്നോടൊപ്പം കൊണ്ടുവന്നിരുന്നു. അതിലെ കയ്യക്ഷരം കുപ്പിയിലെ കുറിപ്പിലെ കൈയക്ഷരവുമായി പൊരുത്തപ്പെട്ടിരുന്നു. ആ കുറിപ്പ് കണ്ടെത്തിയതും അതിലെ ആളെ കണ്ടെത്തിയതുമെല്ലാം എനിക്ക് അപ്പോഴും വലിയ അത്ഭുതമായി തോന്നി. 

ആ കുറിപ്പും കുപ്പിയും എന്റെ കയ്യില്‍ തന്നെ ഇരുന്നോട്ടെ എന്ന് മിഷേൽ നിർബന്ധിച്ചു - അദ്ദേഹത്തിന്‍റെ ചരിത്രത്തിന് 
എക്കാലവും ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണെന്ന് അവൾക്ക് തോന്നി. ഞങ്ങൾ കണ്ടുമുട്ടിപ്പിരിഞ്ഞ ശേഷം അവൾ എനിക്കയച്ച ഒരു കത്തിനൊപ്പം അത് എന്റെ കടയിലെ ഷെൽഫിൽ ഒരു ഡിസ്‌പ്ലേ കേസിൽ ഇരിക്കുന്നു. മിഷേൽ എഴുതി അയച്ച അവസാന വാചകം ഇതായിരുന്നു: "ഇത് രസകരമല്ലേ?" 

അന്ന് ആ കുറിപ്പിന് പിന്നിലെ ആളെത്തേടി ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റിന് ഇപ്പോൾ 87,000 ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു, എന്റെ കഥ ലോകമെമ്പാടും സഞ്ചരിച്ചു. ഈ വേനൽക്കാലത്ത് ഞാൻ 5,000 പേരെ ബോട്ടിൽ കൊണ്ടുപോയി. കൂടുതൽ കാര്യങ്ങൾ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തുന്നതിനെ കുറിച്ചോ കുറിപ്പിനെക്കുറിച്ചോ ഒക്കെ എത്തുന്നവര്‍ എന്നോട് ചോദിക്കും. കഠിനമായ വർഷമായിരുന്നു അത്. എന്നാല്‍, ആ കത്ത് കണ്ടെത്തിയത് വലിയ സന്തോഷമാണ് നമുക്ക് തന്നത്. ഒരു സ്കൂബ ഡൈവറെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആജീവനാന്ത നേട്ടമായി തോന്നുന്നു.

Follow Us:
Download App:
  • android
  • ios