ലോകാരോഗ്യ സംഘടന ഒരു മഹാമാരി (pandemic) ആയി പ്രഖ്യാപിച്ചു കഴിഞ്ഞ കൊവിഡ് 19 എന്ന പകർച്ചപ്പനി ഇന്നുവരെ 114 രാജ്യങ്ങളിലായി 118000 -ലധികം പേർക്ക് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. അതിൽ തന്നെ 4000 -ലധികം പേർ മരിച്ചും കഴിഞ്ഞു. ഈ കണക്കുകൾ പ്രതിനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ ആശങ്കകളാണ് ഈ അസുഖവും അതേപ്പറ്റിയുള്ള വാർത്തകളും നമുക്കിടയിൽ പരത്തിക്കൊണ്ടിരിക്കുന്നത്. 

എന്നാൽ, ഈ അവസരത്തിൽ ഓർക്കേണ്ട മറ്റൊരു മഹാമാരി കൂടിയുണ്ട്. ഇന്നേക്ക് ഏകദേശം 102 വർഷം മുമ്പ് ലോകത്തെയാകെ, വിശേഷിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഗ്രസിച്ച സ്പാനിഷ് ഇൻഫ്ളുവൻസ എന്ന മഹാവ്യാധി. 1918 -ൽ ലോകമെമ്പാടും പടർന്നുപിടിച്ച ഈ മഹാമാരി അന്നപഹരിച്ചത് അഞ്ച് കോടിക്കും 10 കോടിക്കും ഇടയിൽ പേരുടെ ജീവനാണ്. അതിൽ ഒരുകോടിക്കും രണ്ടു കോടിക്കും ഇടയിൽ പേർ മരിച്ചത് ഇന്ത്യയിൽ മാത്രമാണ്.

 

അന്ന് ആ അസുഖം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെട്ടത് 'ബോംബേ ഇൻഫ്ളുവൻസ' അഥവാ 'ബോംബെ  ഫ്ലു' എന്നൊക്കെയാണ്. ബോംബെ തുറമുഖത്ത് വന്നടുത്ത കപ്പലുകളാണ് ഇവിടേക്ക് ആ രോഗാണുവിനെ എത്തിച്ചത്. "രാത്രിയുടെ ഇരുട്ടിൽ ഒരു കള്ളനെപ്പോലെ ആ രോഗം പതുങ്ങിവന്നു" എന്നാണ് ജെ എ ടേണര്‍ തന്റെ റിപ്പോർട്ടിൽ കുറിച്ചത്.

ബോംബെ ഡോക്ക്സിലെ ഏഴു പൊലീസ് കോൺസ്റ്റബിൾമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. അവരെ അന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'മലേറിയ' അല്ലാത്ത ഏതോ പനി എന്നായിരുന്നു ആദ്യത്തെ പരിശോധനാ ഫലങ്ങൾ. 1918 മെയ് ആയപ്പോഴേക്കും, ഡോക്കിലെ ഷിപ്പിംഗ് കമ്പനികളിലെയും, ബോംബെ പോർട്ട് ട്രസ്റ്റിലെയും, ഹോങ്കോങ് ആൻഡ് ഷാങ്ഹായി ബാങ്കിലെയും കമ്പിത്തപാൽ ഓഫീസിലെയും അടുത്തുള്ള മില്ലുകളിലെയും ഒക്കെ ജീവനക്കാരെ അസുഖം ബാധിച്ചു. അതിന് താമസിയാതെ ഒരു പകർച്ചവ്യാധി (epidemic) ന്റെ സ്വഭാവം കൈവന്നു. കുട്ടികളിലും വൃദ്ധരിലുമായിരുന്നു ബാധ കൂടുതലും കണ്ടിരുന്നത്. അത് ആദ്യഘട്ടം. രണ്ടാം ഘട്ടം കുറേക്കൂടി മാരകമായിരുന്നു. അത് 20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളുടെ കൂട്ടമരണത്തിന് കാരണമായി.

1918 ഒക്ടോബർ മാസമായപ്പോഴേക്കും മരണസംഖ്യ 768 കടന്നു. ആദ്യം ബോംബെയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആ പകർച്ചപ്പനി പിന്നീട് പഞ്ചാബിലേക്കും, ഉത്തരദേശത്തിലേക്കും പടർന്നുപിടിച്ചു. പലരും നടന്നുപോകുന്നതിനിടെ മരിച്ചു വീണു. ഗംഗാ നദിയിലും മറ്റും ശവങ്ങൾ പൊന്തിയതിന്റെ റിപ്പോർട്ടുകൾ വന്നു. ഒരു കോടിക്കും രണ്ടരക്കോടിക്കും ഇടയിൽ ജനങ്ങൾ ഈ മാരകമായ മഹാമാരിയിൽ അന്ന് മരിച്ചു എന്നാണ് കണക്കുകൾ. "വല്ലാത്തൊരു കാലമായിരുന്നു അത്. കണ്ണടച്ച് തുറക്കും മുമ്പ് എന്റെ ഉറ്റവരെ എല്ലാം എനിക്ക് നഷ്ടമായി" എന്ന് അന്നത്തെ വിഖ്യാത ഹിന്ദി കവി സൂര്യകാന്ത് ത്രിപാഠി 'നിരാല' തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി.

 

അന്ന് കടുത്ത അതിസാരം കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരുന്ന മഹാത്മാ ഗാന്ധിയും, ഗംഗാ ബെന്നിന് എഴുതിയ കത്തിൽ ഈ മഹാമാരിയെപ്പറ്റി ഇങ്ങനെ കുറിച്ചു, "നമ്മുടെ പൂർവികരുടെ ശരീരങ്ങൾക്ക് നല്ല രോഗപ്രതിരോധ ശേഷിയുണ്ടായിരുന്നു. ഇന്ന് വായുവിലൂടെ പടരുന്ന രോഗാണുക്കൾ കയറിക്കൂടിയാൽ അപ്പോഴേക്കും മരിച്ചു പോകുന്ന ദുർബലദേഹങ്ങൾക്ക് ഉടമകളാണ് നമ്മൾ. നമ്മുടെ പ്രവൃത്തികളിലും ഇച്ഛകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ നമുക്ക് ഇങ്ങനെയുള്ള മഹാവ്യാധികളിൽ നിന്ന് രക്ഷനേടാനാകൂ."

ഇന്ന് നൂറു വർഷങ്ങൾക്കിപ്പുറം, അത്രകണ്ട് ശക്തമല്ലാത്ത മറ്റൊരു മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുക്കയാണ് നാം. എന്നാല്‍, നമ്മുടെ ആരോഗ്യരംഗം അതിജാഗ്രതയിലാണ്. ഒറ്റക്കെട്ടായി അതിനെ നമുക്ക് പൊരുതിത്തോല്‍പ്പിക്കുക തന്നെ ചെയ്യണം.