വെള്ളിയാഴ്ചയോടെയാണ് സുജിത് വിത്സൺ എന്ന രണ്ടുവയസ്സുകാരൻ തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ, തുറന്നുകിടന്ന ഒരു കുഴൽക്കിണറിനുള്ളിലേക്ക് അബദ്ധവശാൽ വീണുപോയത്. തുടക്കത്തിൽ 28 അടി ആഴത്തിൽ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കാനായി കയറിട്ടു നടത്തിയ ശ്രമം പാളിയതോടെ കുട്ടി കൂടുതൽ താഴേക്ക് പോയി. കുട്ടിയെ രക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ ഒന്നിനുപിറകെ ഒന്നായി പരാജയപ്പെട്ടു. കുട്ടിക്ക് ഓക്സിജൻ താഴേക്ക് എത്തിച്ചു കൊടുത്തിരുന്നെങ്കിലും വിലപ്പെട്ട സമയം നഷ്ടമായിക്കൊണ്ടിരുന്നു. നാലുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ആ ഇടുങ്ങിയ കുഴലിനുള്ളിൽ പെട്ടുകിടന്ന സുജിത് ഒടുവിൽ മരണത്തിന് കീഴടങ്ങി. ജീർണ്ണിച്ചുതുടങ്ങിയ ആ ദേഹം ഒടുവിൽ അതേ കുഴലിലൂടെ തിരികെ പുറത്തെത്തിച്ചു. 

സുജിത് വിത്സൺ എന്ന രണ്ടുവയസ്സുകാരൻ കുഴൽക്കിണറിനുള്ളിൽ വീണുപോയ ഇന്ത്യയിലെ ആദ്യത്തെ കുഞ്ഞൊന്നുമല്ല. . ഇതിനു മുമ്പും നിരവധി കുട്ടികളുടെ ജീവൻ, അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന കുഴൽക്കിണറുകൾ അപഹരിച്ചിട്ടുണ്ട് നമ്മുടെ നാട്ടിൽ. കളിപ്രായം കഴിയാത്ത കുരുന്നുകളുടെ തുള്ളിച്ചാട്ടങ്ങൾക്കു ചുവട്ടിൽ വാരിക്കുഴി വിരിക്കുന്ന ഈ മരണഗർത്തങ്ങൾ എന്നാണ് നമുക്ക് എന്നെന്നേക്കുമായി ഒന്ന് മൂടാൻ സാധിക്കുക? ഈ ചോദ്യത്തിനുത്തരം പറയാൻ, കേന്ദ്ര, സംസ്ഥാനഗവണ്മെന്റുകളും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ഭൂജല വകുപ്പും എല്ലാം ഒരുപോലെ ബാധ്യസ്ഥരാണ്. 

ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ കുഴൽക്കിണർ ജല ഉപഭോക്താക്കൾ.1970 -ൽ മാത്രമാണ് ഇന്ത്യയിലേക്ക് ബോർവെൽ അഥവാ കുഴൽക്കിണർ സാങ്കേതികവിദ്യ കടന്നുവരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കാൻ വേണ്ടി യൂണിസെഫ് (UNICEF) ആണ് ഇത് ആദ്യമായി ഇവിടെ അവതരിപ്പിക്കുന്നത്.  2019 ആയപ്പോഴേക്കും ഇന്ത്യയിലെ കുഴൽക്കിണറുകളുടെ എണ്ണം മൂന്നുകോടി മുപ്പതുലക്ഷം ആയിട്ടുണ്ടെന്നാണ്  NDRF -ന്റെ കണക്ക്.

കുറഞ്ഞ ആഴത്തില്‍ ജല ദൗർലഭ്യം, വരൾച്ച, മഴയിലുണ്ടാകുന്ന കുറവ്, ഭൂഗർഭജലം വറ്റുന്നത്, ഒരേ പ്രദേശത്ത് ഒരു വിവേചനബുദ്ധിയും കൂടാതെ കുഴൽക്കിണറുകൾ കുഴിക്കുന്നത് തുടങ്ങി, സാധാരണ കിണറുകൾക്ക് പകരമായി കുഴൽക്കിണറുകൾ കുഴിക്കപ്പെടാൻ കാരണങ്ങൾ പലതാണ്. ഈ കുഴൽക്കിണറുകളിലെ വെള്ളവും വറ്റുമ്പോൾ സബ്മെഴ്‌സിബിൾ പമ്പും, ചിലപ്പോൾ കിണറിന്റെ കേസിങ്ങ് പൈപ്പ് പോലും തിരികെ വലിച്ചെടുക്കപ്പെടുന്നു. എന്നിട്ട് അവർ ആ കുഴിയുടെ വാ മൂടാതെ സ്ഥലം വിടുന്നു, അല്ലെങ്കിൽ ഏറെ ദുർബലമായ രീതിയിൽ മൂടുന്നു. അതാണ് ഈ കിണറുകളെ വാരിക്കുഴികളാക്കുന്നത്.
 


ഇന്ത്യയിൽ ആദ്യമായി കുഴൽക്കിണറിൽ നിന്ന് ജീവനോടെ രക്ഷിക്കപ്പെട്ട  പ്രിൻസ്  

മുമ്പും രാജ്യത്ത് പല കുഞ്ഞുങ്ങളും കുഴൽക്കിണറിൽ വീണുപോയിട്ടുണ്ടെങ്കിലും, കുഴൽക്കിണർ അപകടങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുന്നത്  2006 -ൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ പ്രിൻസ് എന്ന ആറുവയസ്സുകാരൻ വീണുപോകുമ്പോഴാണ്. കാരണം, ഇങ്ങനെ ഒരു സംഭവത്തിൽ ആദ്യമായി രക്ഷപ്പെടുത്തപ്പെടുന്ന കുഞ്ഞ് പ്രിൻസ് ആയിരുന്നു. അന്ന് അംബാലയിലെ ഖാർഗ കോർപ്സ് ആണ് വിവരമറിയിക്കപ്പെട്ടത് ഒടുവിൽ ആ കിണറിന്റെ തൊട്ടടുത്തായി മറ്റൊരു കിണർ കൂടി കുഴിച്ചാണ് കുഞ്ഞിനെ രക്ഷിച്ചത്.

2009  മുതൽക്കിങ്ങോട്ട് ചുരുങ്ങിയത് 40 കുട്ടികളെങ്കിലും ഈ ഗർത്തങ്ങളിൽ വീണിട്ടുണ്ടെന്നും, തൊണ്ണൂറു ശതമാനം കേസുകളിലും പരമ്പരാഗതമായ രക്ഷാപ്രവർത്തനങ്ങൾ പരാജയങ്ങളാകുന്നു എന്നും NDRF പറയുന്നു. 
 


 

2010 -ൽ കുഴൽക്കിണർ അപകടങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവരുന്നു: അതിൻപ്രകാരം, അധികാരികളുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ കുഴക്കിണറുകൾ കുഴിക്കാൻ പാടില്ല. ഡ്രില്ലിങ് കമ്പനികൾ എല്ലാം തന്നെ സർക്കാരിൽ രജിസ്റ്റേർഡ് ആയിരിക്കണം. മൂടി പോകേണ്ട സാഹചര്യമുണ്ടെങ്കിൽ, മുകൾഭാഗം മെറ്റാലിക് ക്യാപ് കോൺ വെൽഡ് ചെയ്തുറപ്പിക്കണം. താത്കാലികമായി, പമ്പ് റിപ്പയറിങ്ങിനു വേണ്ടിപ്പോലും വെൽ തുറന്നിട്ട് പോകാൻ പാടുള്ളതല്ല. മുകൾഭാഗത്തെ ചുറ്റിക്കൊണ്ട് കോൺക്രീറ്റ് പ്ലാറ്റ്‍ഫോം പണിയണം. അങ്ങനെ പലതുണ്ട് നിർദേശങ്ങൾ
 


 

എന്നാൽ, ഇത്തരം കൃത്യമായ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും അപകടങ്ങൾ ഒട്ടും കുറഞ്ഞില്ല. ഈ വിഷയങ്ങളിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയവർക്കെതിരെ സ്വീകരിച്ചിട്ടുള്ള ക്രിമിനൽ നടപടികളെപ്പറ്റി ഒരു റെക്കോർഡും നിലവിൽ സൂക്ഷിക്കപ്പെടുന്നില്ല. മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‍നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം അപകടങ്ങൾ പതിവായി സംഭവിക്കുന്നത്. ഇക്കൊല്ലവും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ജൂണിൽ പഞ്ചാബ് സംഗ്രൂരിലെ ഫത്തേവീർ സിങ്, മെയിൽ ജോധ്പൂർ മേലാനയിലെ സീമ, ഫെബ്രുവരിയിൽ പൂനെയിലെ നദീം തുടങ്ങി പലരും ഇങ്ങനെ അപകടത്തിൽ പെട്ടവരാണ്. ഇന്നും ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നത് സമൂഹത്തിനുതന്നെ സ്വന്തം കുഞ്ഞുങ്ങളോടുള്ള ഉദാസീനമായ സമീപനത്തെയാണ്. ഈ മരണം ഇനിയെങ്കിലും ഒരു വിളിച്ചുണർത്തലാകണം നമ്മുടെ സമൂഹത്തിന്. ഉപയോഗശൂന്യമായ കുഴൽക്കിണറുകളിൽ വീണ് ഇനിയും ഒരു കുഞ്ഞിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയില്ലാതെയാക്കാൻ വേണ്ടതൊക്കെയും അടിയന്തര പരിഗണനയോടെ ചെയ്യണം. 

ഭൂജലവകുപ്പ്, NDRF, SDRF തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം അതിനുവേണ്ടി ഉണ്ടാവേണ്ടതുണ്ട്. ഒപ്പം പൊതുജനങ്ങളിൽ അവബോധം വളർത്താൻ വേണ്ട പ്രവർത്തനങ്ങളും നടക്കണം. ഇനി ഒരു കാരണവശാലും ഇന്ത്യയിൽ ഒരു കുഞ്ഞും വീഴരുത് ഈ മരണഗർത്തങ്ങളിൽ. 

(വിവരങ്ങള്‍ക്ക് കടപ്പാട്: NDRF വെബ്സൈറ്റ്)