നാലുവയസുകാരന് പിറന്നാൾ സമ്മാനം വാങ്ങാൻ അമ്മ നൽകിയ പണം നഷ്ടപ്പെട്ടു, അപരിചിതയായ സ്ത്രീ ചെയ്തത്...
എന്നാൽ, സ്ത്രീ അവിടെ നിന്നും പോയശേഷമാണ് പ്രെസ്റ്റണിന്റെ അമ്മ കരേൻ അവരുടെ പേര് പോലും ചോദിച്ചില്ലല്ലോ എന്ന് ഓർക്കുന്നത്. ആ അജ്ഞാതയായ സ്ത്രീയാണ് ശരിക്കും തന്റെ മകന്റെ പിറന്നാൾ ഇത്രയേറെ അവിസ്മരണീയമായതാക്കി മാറ്റിയത് എന്നും കരേൻ പറയുന്നു.

അജ്ഞാതരായ ആളുകളായിരിക്കും ചില ദിവസങ്ങളിൽ നമുക്ക് ഏറെ സന്തോഷം തരുന്നത്. ഈ ലോകം ജീവിക്കാൻ ഒക്കെ കൊള്ളാം എന്ന തോന്നലും ഇവർ ചിലപ്പോൾ നമ്മിൽ ഉണ്ടാക്കിയേക്കും. അതുപോലെ ഒരനുഭവമാണ് ഈ അമ്മയ്ക്കും പറയാനുള്ളത്. പ്രെസ്റ്റൺ എന്ന നാലുവയസുകാരന്റെ പിറന്നാളായിരുന്നു അന്ന്. എന്നാൽ, അന്ന് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ്.
പിറന്നാളിന് സമ്മാനം വാങ്ങാനായി അമ്മ കരേൻ പ്രെസ്റ്റണ് ആയിരത്തഞ്ഞൂറോളം രൂപ നൽകിയിരുന്നു. ആ പൈസക്ക് അവന് ഇഷ്ടമുള്ള പിറന്നാൾ സമ്മാനം വാങ്ങാമെന്നും കരേൻ അവനോട് പറഞ്ഞു. പിന്നാലെ, അമ്മയും മകനും അതിനായി കടയിൽ എത്തുകയും ചെയ്തു. പ്രെസ്റ്റണ് ഇഷ്ടപ്പെട്ടത് ഒരു ഹെലികോപ്റ്ററാണ്. അവൻ അത് കയ്യിലെടുത്തു. എന്നാൽ, അതിന്റെ പണം കൊടുക്കാൻ ഒരുങ്ങിയപ്പോഴാണ് അവൻ ആ സത്യം മനസിലാക്കിയത്. തന്റെ കയ്യിൽ അമ്മ തന്ന പണമില്ല.
പിന്നാലെ, അമ്മയും മകനും എല്ലായിടവും അരിച്ചു പെറുക്കിയെങ്കിലും പണം കണ്ടെത്താനായില്ല. ഇതോടെ പ്രെസ്റ്റൺ കരഞ്ഞ് തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീ അതുവഴി വന്നത്. അവർ പ്രെസ്റ്റണിനോട് എന്തിനാണ് സങ്കടപ്പെടുന്നത് എന്ന് ചോദിച്ചു. അവൻ അവരോട് കാര്യം പറഞ്ഞു. ഉടനെ തന്നെ സ്ത്രീ രണ്ടായിരം രൂപയെടുത്ത് പ്രെസ്റ്റണ് നൽകുകയും ആ ഹോലികോപ്റ്റർ വാങ്ങൂ എന്ന് പറയുകയുമായിരുന്നു. പ്രെസ്റ്റൺ ആ പൈസക്ക് ഹെലികോപ്റ്റർ വാങ്ങുകയും സ്ത്രീയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു.
എന്നാൽ, സ്ത്രീ അവിടെ നിന്നും പോയശേഷമാണ് പ്രെസ്റ്റണിന്റെ അമ്മ കരേൻ അവരുടെ പേര് പോലും ചോദിച്ചില്ലല്ലോ എന്ന് ഓർക്കുന്നത്. ആ അജ്ഞാതയായ സ്ത്രീയാണ് ശരിക്കും തന്റെ മകന്റെ പിറന്നാൾ ഇത്രയേറെ അവിസ്മരണീയമായതാക്കി മാറ്റിയത് എന്നും കരേൻ പറയുന്നു. പിന്നാലെ കരേൻ സോഷ്യൽ മീഡിയയിലൂടെ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അത് വിജയിക്കുകയും ചെയ്തു. സ്ത്രീയുടെ പേര് ഡോണ എന്നായിരുന്നു. എന്നാൽ, അത് തന്റെ ചുരുക്കപ്പേരാണ് എന്നും അജ്ഞാതയായിരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നുമാണത്രെ കരേനോട് സ്ത്രീ പറഞ്ഞത്.
അല്ലെങ്കിലും ജീവിത്തതിൽ ചിലപ്പോൾ ഏറെ സന്തോഷം തരുന്നത് ചിലപ്പോൾ ആരുമല്ലാത്ത ചില ആളുകളുടെ പ്രവൃത്തി ആയിരിക്കും അല്ലേ?