പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറു മാർക്കൊക്കെ വാങ്ങി ചരിത്രം സൃഷ്ടിച്ചവരെ നമ്മൾ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. പഠിപ്പിസ്റ്റുകളെ പുകഴ്‌ത്താൻ എന്നും ലോകം മുന്നിലുണ്ടാവും. അതുപോലെ എല്ലാ വിഷയത്തിനും തോറ്റു തൊപ്പിയിട്ടവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. വീട്ടുകാരുടെയും നാട്ടുകാരുടേയുമൊക്കെ മുന്നിൽ അവർ എന്നുംഇകഴ്ത്തപ്പെടുകയും ചെയ്യും. 

 എന്നാൽ, എല്ലാ ക്ളാസിലുമുണ്ടാവും, അധികം മിനക്കെട്ടൊന്നും പഠിക്കാൻ മനസ്സില്ലാത്ത ചിലർ. അവർ വളരെ ബുദ്ധിപൂർവം,അവർക്കിഷ്ടമുള്ള, പഠിക്കാൻ എളുപ്പമുള്ള ചില ഭാഗങ്ങൾ മാത്രം എടുത്തുവെച്ച് പഠിക്കും. പലർക്കും ചില വിഷയങ്ങളിൽ നല്ല മാർക്കുകാണുമെങ്കിലും, അവർ ചില വിഷയങ്ങളിൽ അമ്പേ മോശമാകും. അവർ തോൽക്കും. എന്നാൽ നേരത്തെ പറഞ്ഞ വിരുതന്മാർക്ക് എല്ലാ വിഷയങ്ങളിലും കഷ്ടിച്ച് ജയിച്ചു കേറാനുള്ള 'മന്ത്രം' വശമുണ്ടാവും.  പാസ്സാവുക എന്ന ഒരു ലക്‌ഷ്യം മാത്രമേ അവരുടെ മനസ്സിൽ കാണൂ. അത് അവർ എങ്ങനെയും നേടുകയും ചെയ്യും.. 

അങ്ങനെ കഷ്ടിച്ച് പാസ്സാവുന്നവരുടെ കൂട്ടത്തിലേക്ക്  ഇതാ ഒരു മിശിഹാ അവതരിച്ചിരിക്കുന്നു. പരീക്ഷ കടന്നു കിട്ടൽ എന്ന ഈ അതിജീവന കലയിൽ  അവൻ നൂറിൽ നൂറും വാങ്ങി ജയിച്ചിരിക്കുന്നു. അവന്റെ പേര് അക്ഷിത് ജാദവ് എന്നാണ്. മുംബൈ ആണ് സ്വദേശം. ആവശ്യമുള്ളതിൽ ഒരക്ഷരം അധികം അവൻ പഠിച്ചിട്ടില്ല. ഇല്ലെന്നു പറഞ്ഞാൽ ഇല്ല..! മുകളിൽ കൊടുത്തിരിക്കുന്നത് അവന്റെ മാർക്ക് ലിസ്റ്റാണ്. 

ഇംഗ്ളീഷിന് 35  മാർക്ക്. മറാഠിക്കും  35  മാർക്ക്. ഹിന്ദിക്കുമതേ. കണക്കിന് കൃത്യം 35  മാർക്ക്. സയന്സിനും 35  തന്നെ. അവസാന വിഷയമായ സാമൂഹ്യശാസ്ത്രത്തിനും അക്ഷിത് വാങ്ങിച്ചത് കൃത്യം വേണ്ട 35  മാർക്ക് മാത്രം. 

ഇങ്ങനെ ഒരു സംഭവം നടക്കാനുള്ള സാധ്യത വളരെ അത്ഭുതകരമായ ഒന്നാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഹേരംബ്രാജ് നാലവഡേ എന്നൊരാൾ  ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരിക്കയാണ് അക്ഷിതിന്റെ ഈ അത്ഭുത മാർക്ക്‌ലിസ്റ്റ്..! 

മുംബൈ മീരാറോഡിലെ ശാന്തി നഗർ ഹൈസ്‌കൂളിൽ  പഠിക്കുന്ന അക്ഷിത് ഇതോടെ ഒരു മിനി സെലിബ്രിറ്റി താനെ ആയിരിക്കുകയാണ്. 

" എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുളള വെപ്രാളത്തിൽ കുട്ടികൾക്ക് സാധാരണ മാർക്കുകുറഞ്ഞു പോവാറാണ് പതിവ്. എന്റെ മകൻ അവനു വേണ്ടത് മാത്രം പഠിച്ച് കൃത്യം മാർക്ക് നേടി പരീക്ഷ പാസായത്തിൽ ഞാൻ  സന്തോഷിക്കുന്നു.."  എന്നാണ് അക്ഷിതിന്റെ അച്ഛൻ പറഞ്ഞത്. 

നന്നായി ഫുട്ബോൾ കളിക്കുന്ന അക്ഷിത് പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ് പരീക്ഷ എഴുതിയത്. മറ്റുള്ള കുട്ടികളെപ്പോലെ പഠിക്കാനുള്ള അവസരങ്ങൾ കിട്ടാതിരുന്നിട്ടും അവന് പാസാവാൻ കഴിഞ്ഞതിൽ അവന്റെ അമ്മ അരുണയും സന്തോഷം പ്രകടിപ്പിച്ചു. 

" ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല, മുപ്പത്തഞ്ചെങ്കിൽ മുപ്പത്തഞ്ച്.. ഒടുക്കം റിസൾട്ട് കോളത്തിൽ 'പാസ്' എന്ന് വന്നുകണ്ടല്ലോ.. ഞാൻ ഹാപ്പി.." എന്ന് ഒടുവിൽ അക്ഷിതും പ്രതികരിച്ചു. 

മുംബയിൽ പതിനാറു ലക്ഷം പേരാണ് ഈ വർഷം പത്താംക്‌ളാസ്സ് പരീക്ഷ എഴുതിയത്. പരീക്ഷയിൽ പരാജയം രുചിക്കേണ്ടി വന്ന ഏകദേശം മൂന്നര ലക്ഷം പേരുണ്ട്. നൂറുശതമാനം മാർക്കും നേടിയ 20  കുട്ടികളും. അവർക്കിടയിൽ, തന്റെ വ്യത്യസ്തമായ ഈ അപൂർവ നേട്ടം കൊണ്ട് താരമായിരിക്കുകയാണ് 'ജസ്റ്റ് പാസ്' അക്ഷിതും..!