Asianet News MalayalamAsianet News Malayalam

കാമുകി മരിച്ചു, മൃതദേഹത്തെ 'വിവാഹം' ചെയ്ത് കാമുകൻ

ഏറെക്കാലമായി ബിതുപനും പ്രാർത്ഥനയും പ്രണയത്തിലായിരുന്നു. തനിക്ക് ഇനി ആരുടെയും കൂടെ ജീവിക്കാനോ ആരെയും വിവാഹം കഴിക്കാനോ സാധിക്കില്ല എന്നാണത്രെ ബിതുപൻ പറയുന്നത്. 

boyfriend marry dead girlfriend
Author
First Published Nov 22, 2022, 11:39 AM IST

പ്രണയം വലിയ ശക്തിയുള്ള വികാരമാണ്. പ്രണയിക്കുന്നവരെ വേർപിരിയുക എന്നത് അങ്ങേയറ്റം വേദനാജനകവും. അപ്പോൾ, ഏറെക്കാലമായി പ്രണയിക്കുന്ന കാമുകനോ കാമുകിയോ മരിച്ചാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നു പോകും അല്ലേ? ഇവിടെ ഒരാൾ തന്റെ കാമുകി മരിച്ചതിനെ തുടർന്ന് അവളുടെ മൃതദേഹത്തെ വിവാഹം ചെയ്തു. വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ​ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബിതുപന്റെ കാമുകി പ്രാർത്ഥനയുടെ അന്ത്യം. പ്രാർത്ഥനയുടെ മൃതദേഹത്തിന് നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് വൈറലായത്. 

ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ ഹാരം അണിയിക്കുകയും ഒരു ഹാരം സ്വയം അണിയുകയും കൂടി ചെയ്യുന്നുണ്ട്. ഏറെക്കാലമായി ബിതുപനും പ്രാർത്ഥനയും പ്രണയത്തിലായിരുന്നു. തനിക്ക് ഇനി ആരുടെയും കൂടെ ജീവിക്കാനോ ആരെയും വിവാഹം കഴിക്കാനോ സാധിക്കില്ല എന്നാണത്രെ ബിതുപൻ പറയുന്നത്. 

നവംബർ 18 -ന് ആശുപത്രിയിൽ വച്ചാണ് പ്രാർത്ഥന മരിക്കുന്നത്. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ​പെട്ടെന്ന് അസുഖം ബാധിച്ചതായും അത് ഭേദമാകുന്നില്ലായിരുന്നു എന്നും പ്രാർത്ഥനയുടെ ബന്ധു സുഭോൺ ബോറ പറഞ്ഞതായി കലിം​ഗ ടിവി റിപ്പോർട്ട് ചെയ്തു. 

അധികം വൈകാതെ ഇന്റർനെറ്റിൽ ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ കുങ്കുമണിയിക്കുകയും ഹാരമണിയിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു. 

കർണാടകയിലെ 'പ്രേത വിവാഹം'

മരിച്ചവരെ വിവാഹം കഴിപ്പിക്കുമോ? അങ്ങനെ ഒരു ചടങ്ങ് കർണാടകത്തിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. അതായത് ജനനത്തിൽ തന്നെ മരിച്ചു പോയ രണ്ടുപേരെയാണ് ഇവിടെ വിവാഹം കഴിപ്പിക്കുന്നത്. നേരത്തെ യൂട്യൂബറായ AnnyArun അത്തരം ഒരു വിവാഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. 

ശോഭ, ചന്ദപ്പ എന്നിങ്ങനെ രണ്ടുപേരെയാണ് വിവാഹം കഴിപ്പിച്ചത്. ഇത്തരം വിവാഹങ്ങളെ 'പ്രേത വിവാഹം' എന്നാണ് വിളിക്കുന്നത്. മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിന്റെ ഭാ​ഗമായിട്ടാണത്രെ ഇത്തരം വിവാഹങ്ങൾ നടത്തുന്നത്. അതുപോലെ, ഇങ്ങനെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ആത്മാക്കൾ സന്തോഷിക്കും എന്നും ആളുകൾ വിശ്വസിക്കുന്നു. സാധാരണ ഒരു വിവാഹത്തിനുണ്ടാവുന്ന എല്ലാ ചടങ്ങുകളും ഈ പ്രേത വിവാഹത്തിനും ഉണ്ടാകും. 

Follow Us:
Download App:
  • android
  • ios