പൊലീസ് ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോൾ, തളർന്ന, ആശങ്ക നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്.
ആറ് വർഷക്കാലം കുട്ടിയെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ. ബ്രസീലിലെ സാവോ പോളോയിലെ സൊറോകാബ നഗരത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ജനിച്ച് ഒരിക്കൽ പോലും കുട്ടിയെ പുറത്തിറക്കിയിട്ടില്ലെന്നും കുട്ടിയെ രക്ഷിതാക്കൾ പട്ടിണിക്കിട്ടു എന്നും, കടുത്ത അവഗണനയാണ് കുട്ടി നേരിട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അജ്ഞാതനായ ഒരാളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ജനിച്ച് ഒരിക്കൽ പോലും കുട്ടി ആ ചെറിയ, ഇരുണ്ട മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോൾ, തളർന്ന, ആശങ്ക നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. പെൺകുട്ടിയുടെ ഉയരം കണക്കാക്കുന്ന അടയാളങ്ങൾ മുറിയിലെ ചുമരുകളിൽ ഉണ്ടായിരുന്നു. കുട്ടിക്ക് ഒരിക്കലും പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടില്ലെന്നും സാധാരണ ആളുകളെ പോലെ മറ്റുള്ളവരോട് സംസാരിക്കാനോ പെരുമാറാനോ സാധിച്ചിട്ടില്ല എന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പെൺകുട്ടിയുടെ അവസ്ഥ പരിശോധിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലർ ലിജിയ ഗുവേര പറഞ്ഞത്, പെൺകുട്ടിയുടെ അവസ്ഥ വളരെ മോശമായിരുന്നു, അവൾക്ക് കാര്യങ്ങളിലെല്ലാം ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ജീവിതത്തിൽ ഒരിക്കലും അവളുടെ മുടി കഴുകിയിട്ടില്ലാ എന്നു പോലും ഞങ്ങൾക്ക് തോന്നി എന്നാണ്.
കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് മാതാപിതാക്കൾ നൽകിയിരുന്നത് എന്നാണ് കരുതുന്നത്. പൊലീസിനെയും ഉദ്യോഗസ്ഥരേയും കണ്ടപ്പോൾ കുട്ടിക്ക് അവരോട് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. വളരെ വിചിത്രമായ രീതിയിലാണ് കുട്ടി പെരുമാറിയത്. വളരെ പെട്ടെന്ന് തന്നെ അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളെ കുട്ടിയെ അവഗണിച്ചതിനും ഉപദ്രവിച്ചതിനും കസ്റ്റഡിയിൽ എടുത്തു. വളരെ അവ്യക്തമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. അച്ഛനും അമ്മയ്ക്കും ചെയ്തതിൽ കുറ്റബോധം തോന്നിയില്ല എന്നും പോലീസ് മേധാവി റെനാറ്റ ജാനിൻ പറഞ്ഞു.
