ഗ്ലാറ്റ്സ് മത്സ്യത്തെ പുറത്തെടുത്തു, പിന്നീട് അദ്ദേഹം അതിനെ വീണ്ടും വെള്ളത്തിൽ തന്നെ ഇട്ടു. പക്ഷേ, അതിനൊപ്പം ഒരു ചിത്രം എടുക്കാൻ അദ്ദേഹം മറന്നില്ല.
നെതർലാൻഡ്‍സിലെ(Netherlands) ഒരു പ്രൊഫഷണൽ മത്സ്യത്തൊഴിലാളി(Fisherman) അസാധാരണമായ കടും മഞ്ഞ നിറത്തിലുള്ള ക്യാറ്റ്ഫിഷിനെ(Catfish) പിടികൂടിയതിനെത്തുടർന്ന് സ്തംഭിച്ചുപോയിരിക്കുകയാണ്. തന്റെ ഇരട്ട സഹോദരൻ ഒലിവറിനൊപ്പം തടാകത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മാർട്ടിൻ ഗ്ലാറ്റ്‌സ് ഇതിനുമുമ്പും ധാരാളം ക്യാറ്റ്ഫിഷുകളെ പിടികൂടിയിരുന്നു. പക്ഷേ അദ്ദേഹം പറയുന്നത് ഇതുവരെ ഇതുപോലെ ഒന്നിനെ കണ്ടിട്ടില്ല എന്നാണ്. വെല്‍സ് കാറ്റ്ഫിഷ് എന്നറിയപ്പെടുന്ന കാറ്റ്‍ഫിഷ് ആണിത്.
വെൽസ് ക്യാറ്റ്ഫിഷിന്റെ ജന്മദേശം യൂറോപ്പിലുടനീളമുള്ള തടാകങ്ങളും നദികളുമാണ്. അവ പൂർണമായി വളര്‍ച്ചയെത്തിയാല്‍ 2.7 മീറ്റർ വരെ നീളത്തിൽ വളരും. എന്നാൽ, മത്സ്യത്തിന്റെ അവിശ്വസനീയമായ ഈ നിറത്തിന് കാരണം ലൂസിസം എന്നറിയപ്പെടുന്ന ഒരു അപൂർവ ജനിതക വൈകല്യമായിരിക്കാം എന്നാണ് കരുതുന്നത്. ഇത് ചർമ്മത്തിലും മുടിയിലും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിന് കാരണമാകുന്ന അപൂർവ ജനിതക വൈകല്യമാണ്. "ഇത്തരമൊരു ക്യാറ്റ്ഫിഷിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ ഇപ്പോഴും അതിൽ ഞെട്ടിയിരിക്കുന്നു" ഗ്ലാറ്റ്സ് ലൈവ് സയൻസിനോട് പറഞ്ഞു.
മനുഷ്യർക്ക് കാണുമ്പോൾ വളരെ ആകർഷണീയമായി തോന്നുമെങ്കിലും, ലൂസിസം ഉള്ള ജീവികൾ പലപ്പോഴും പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കുന്നു. കാരണം അവയുടെ തിളക്കമുള്ള നിറം അവയെ എളുപ്പത്തിൽ കണ്ടെത്താൻ കാരണമാകും. ഇത് വേട്ടക്കാരെ ഒഴിവാക്കുന്നതോ ഇരപിടിക്കുന്നതോ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
ഗ്ലാറ്റ്സ് മത്സ്യത്തെ പുറത്തെടുത്തു, പിന്നീട് അദ്ദേഹം അതിനെ വീണ്ടും വെള്ളത്തിൽ തന്നെ ഇട്ടു. പക്ഷേ, അതിനൊപ്പം ഒരു ചിത്രം എടുക്കാൻ അദ്ദേഹം മറന്നില്ല. ലോകമെമ്പാടുമുള്ള ശുദ്ധജലത്തിൽ ജീവിക്കുന്ന ഏറ്റവും വലിയ മത്സ്യങ്ങളുടെ പട്ടികയിൽ ഈ ഇനം ഉൾപ്പെടുന്നു. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയിൽ ഈ നിറത്തിന് കാരണമാകുന്ന അവസ്ഥ നേരത്തെ നിരീക്ഷിക്കപ്പെട്ടിരുന്നു.
