വീഡിയോയുടെ കാപ്ഷനിൽ ജെയ്ക് പറയുന്നത് തന്റെ പാചകയാത്രയെ കുറിച്ചും ഇന്ത്യൻ വിഭവങ്ങളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചുമാണ്.

യുകെയിൽ നിന്നുള്ള ഷെഫും കണ്ടന്റ് ക്രിയേറ്ററുമാണ് ജെയ്ക്ക് ഡ്രയാൻ. മിക്കവാറും ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യാറുണ്ട് ജെയ്ക്ക്. അടുത്തിടെ താൻ പാകം ചെയ്ത ഇന്ത്യൻ വിഭവങ്ങൾ ഷെയർ ചെയ്യുന്നതോടൊപ്പം എങ്ങനെയാണ് തനിക്ക് ഇന്ത്യയിലെ വിഭവങ്ങളോട് ഇങ്ങനെ ഒരു സ്നേഹം രൂപപ്പെട്ട് വന്നത് എന്നതിനെ കുറിച്ചും ജെയ്ക്ക് വിവരിച്ചു.

വീഡിയോയുടെ കാപ്ഷനിൽ ജെയ്ക് പറയുന്നത് തന്റെ പാചകയാത്രയെ കുറിച്ചും ഇന്ത്യൻ വിഭവങ്ങളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചുമാണ്. ‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയേറെ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നതെന്ന് എല്ലാ ദിവസവും തന്നോട് ആളുകൾ ചോദിക്കാറുണ്ട്. തനിക്ക് 12 വയസ്സുള്ളപ്പോഴാണ്. രണ്ട് ഗുജറാത്തി സുഹൃത്തുക്കളോടൊപ്പം താനന്ന് ഒരു ബാൻഡിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു, ആ കാലത്താണ് ആ ഇഷ്ടം തുടങ്ങിയത്. അവരുടെ കുടുംബം ഞങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുമായിരുന്നു, അത് തനിക്ക് ഇഷ്ടമായിരുന്നു’ എന്നും ജെയ്ക് പറയുന്നു.

View post on Instagram

തന്റെ പ്രൊഫഷണൽ ട്രെയിനിങ് ഇന്ത്യൻ ഭക്ഷണവുമായുള്ള തന്റെ ബന്ധം കൂടുതൽ ആഴത്തിലാക്കിയതെങ്ങനെയെന്നും ജെയ്ക് വിശദീകരിച്ചു. ഷെഫായി പരിശീലനം നേടിയ ശേഷം ഒരു ഹോട്ടലിൽ ജോലി ചെയ്തു. ആ സമയത്ത് തന്റെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു, അവർക്കുവേണ്ടിയും താൻ പാ‌ചകം ചെയ്യുമായിരുന്നു. അത് അവരുടെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി പോലെയുണ്ട് എന്ന് അവർ പറയുമായിരുന്നു എന്നും ജെയ്ക് പറയുന്നു.

ഇതൊക്കെയാണ് ഇന്ത്യൻ ഭക്ഷണം ഒരുപാടുണ്ടാക്കാനും ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടാനും കാരണം എന്നാണ് ജെയ്ക് പറയുന്നത്. താൻ ഇപ്പോഴും അതേക്കുറിച്ച് പഠിക്കുകയും പരിശീലിക്കുകയുമാണ് എന്നും ജെയ്ക് പറയുന്നു. ഒപ്പം ഓരോ സ്ഥലത്തേയും ഭക്ഷണം ഉണ്ടാക്കാനുള്ള ഇഷ്ടത്തെ കുറിച്ചും ജെയ്ക് സൂചിപ്പിക്കുന്നുണ്ട്. വീഡിയോയിൽ ജെയ്ക് വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുന്നതും കാണാം.