സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് തുണ്ട്ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നരേഷ് കുമാർ പറഞ്ഞു. സഹോദരനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ(government schemes) പ്രയോജനം ലഭിക്കാൻ ആളുകൾ പലതരം അടവുകൾ പ്രയോഗിക്കുന്നത് നാം കാണാറുണ്ട്. അത്തരമൊരു സംഭവത്തിൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള 'മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി'(Mukhyamantri Samuhik Vivaah Yojana scheme)യിൽ നിന്ന് പണം തട്ടാനായി ഒരാൾ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു. പദ്ധതിയുടെ കീഴിൽ നടന്ന സമൂഹ വിവാഹ പരിപാടിയിലായിരുന്നു ഈ നാടകം നടന്നത്.

അതിൽ പങ്കെടുക്കുന്ന ഓരോ ദമ്പതികൾക്കും വീട്ടുപകരണങ്ങൾക്ക് പുറമെ 30,000 രൂപ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം, വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഡിസംബർ 11 -ന് ഫിറോസാബാദിലെ തുണ്ട്‌ലയിൽ വച്ചായിരുന്നു വിവാഹം. നാട്ടുകാർ വിവാഹിതരായ ദമ്പതികളെ സഹോദരനും സഹോദരിയുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കള്ളം വെളിച്ചത്തായത്.

തുണ്ട്‌ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറ്റ് 51 ദമ്പതികളും വിവാഹിതരായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് തുണ്ട്ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നരേഷ് കുമാർ പറഞ്ഞു. സഹോദരനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം ദമ്പതികൾക്ക് നൽകിയ വീട്ടുപകരണങ്ങൾ വകുപ്പ് തിരിച്ചെടുത്തു.

കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവമുണ്ടായി. ഒരു പഞ്ചാബി യുവാവ് സ്വന്തം സഹോദരിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിനായി വിവാഹം കഴിച്ചിരുന്നു. ബട്ടിൻഡയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള മൻപ്രീത് സിംഗ് 2012 മുതൽ ഓസ്‌ട്രേലിയയിൽ പോയി അവിടെ സ്ഥിരതാമസമാക്കിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി അമൻദീപ് കൗറും ഓസ്‌ട്രേലിയയിലേക്ക് പോകാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ, അവളുടെ വിസ പലതവണ നിരസിക്കപ്പെട്ടു. അങ്ങനെയാണ് അവർ വിവാഹ നാടകം നടത്തിയത്.