വാടകയ്ക്ക് വീടെടുത്ത് സമാധാനമായിട്ട് ജീവിക്കൂ എന്നാണ് അക്ഷതിന്റെ അഭിപ്രായം.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ വീടുകൾ വാങ്ങുന്നതിനെ കുറിച്ച് മുന്നറിയിപ്പുമായി ഇൻവെസ്റ്റ്മെന്റ് കമ്മ്യൂണിറ്റിയായ വിസ്ഡം ഹാച്ചിന്റെ സ്ഥാപകൻ അക്ഷത് ശ്രീവാസ്തവയുടെ പോസ്റ്റ്. ഓൺലൈനിൽ വലിയ ചർച്ചയ്ക്കാണ് അക്ഷതിന്റെ പോസ്റ്റ് തുടക്കമിട്ടത്. ഇന്ത്യൻ മെട്രോ നഗരത്തിൽ വസ്തു വാങ്ങുന്നത് ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ് എന്നാണ് അക്ഷത് പറയുന്നത്. അങ്ങനെ പറയാനുള്ളതിന്റെ മൂന്ന് കാരണങ്ങളും അക്ഷത് തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
കാരണങ്ങളിൽ ഒന്നായി അക്ഷത് ചൂണ്ടിക്കാണിക്കുന്നത്, മുഴുവൻ മാർക്കറ്റും ബിൽഡർമാരുടെ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ നിങ്ങൾക്ക് വലിയ വില തന്നെ അവ വാങ്ങാനായി നൽകേണ്ടി വരും എന്നതാണ്. അടുത്തതായി പറയുന്നത്, അമിതമായ വികസനമാണ്. വികസനം കൂടി വരുന്നതിന് പിന്നാലെ ഈ നഗരങ്ങൾ ജീവിക്കാൻ കൊള്ളാത്തവയായി മാറുന്നു എന്നാണ് അക്ഷതിന്റെ അഭിപ്രായം. മൂന്നാമതായി പറയുന്നത്, ദിവസവും പുതിയ വികസനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ വസ്തു വിൽക്കുന്നത് ഒരു വെല്ലുവിളിയായി മാറും എന്നാണ്. അതിനാൽ വാടകയ്ക്ക് വീടെടുത്ത് സമാധാനമായിട്ട് ജീവിക്കൂ എന്നാണ് അക്ഷതിന്റെ അഭിപ്രായം.
ഇനി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അടുത്ത 30 വർഷത്തേക്ക് കൂടി നിൽക്കുമെന്നുറപ്പുള്ള എന്തെങ്കിലും വാങ്ങുക. ഗുഡ്ഗാവിൽ എന്തെങ്കിലും വാങ്ങിയാൽ അതിന് ഒരുറപ്പും ഇല്ല എന്നും അക്ഷത് പറയുന്നു.
വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. നിരവധിപ്പേർ ഫിനാൻസ് അഡ്വൈസറായ അക്ഷതിന്റെ വാദത്തോട് യോജിച്ചു. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് വാടകയും കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്, അതെങ്ങനെ താങ്ങാനാവും എന്നാണ്. അതേസമയം, നാട്ടിൽ സ്വത്ത് വാങ്ങിയിടുന്നത് നല്ല കാര്യമാണ് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.
