പേരറിവാളനെ വാഴ്ത്തിയ സ്റ്റാലിന്റെ നടപടി: കോണ്‍ഗ്രസ് ഡിഎം കെ ബന്ധം അവസാനിപ്പിക്കണമെന്ന് എ ഐ സി സി സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായ അഡ്വ മാത്യു ആന്റണി
എന്റെ വ്യക്തിപരമായ അഭിപ്രായം, കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള രാഷ്ട്രീയ ബന്ധം, ആദര്‍ശാധിഷ്ഠിത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ നിരുപാധികം വേര്‍പെടുത്തണം എന്നു തന്നെയാണ്.

പേരറിവാളന്‍ ഒരു എല്‍.ടി.ടി.ഇ അനുഭാവിയും രാജീവ് ഗാന്ധിയെയും മറ്റു14 പേരെയും അതിദാരുണമായി കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച കൊലക്കേസ് പ്രതിയുമാണ്. വീരപരിവേഷം നല്‍കാന്‍ അയാള്‍ ദേശസ്നേഹത്തിനു കീര്‍ത്തി പത്രം ലഭിച്ച ആളല്ല.
കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയിലൂടെ തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും സാംസ്‌കാരിക പ്രമുഖരുമെല്ലാം പേരറിവാളന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചും ഒരമ്മയുടെ വേദനയെക്കുറിച്ചും എല്ലാം വാഴ്ത്താന്‍ മത്സരിക്കുകയാണ്.
പേരറിവാളന്റെ ഉടനടി മോചനത്തിന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അഭിഭാഷകന്‍ എന്ന നിലയില്‍ കോടതിയലക്ഷ്യ ലംഘന പരിമിതി ഉള്ളതിനാല്‍, പൊതു വേദിയില്‍ വിമര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു.
സുപ്രീംകോടതിയില്‍ പേരറിവാളനു വലിയ രീതിയില്‍ ആനുകൂല്യം ലഭിക്കത്തക്ക രീതിയില്‍ ഈ കേസിനെ കൈകാര്യം ചെയ്ത മാറി മാറി വന്ന തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളും, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നട്ടെലില്ലായ്മയും ഇവിടെ കനത്ത വിമര്‍ശനം അര്‍ഹിക്കുന്നു. അതിലേറെ വളരെ ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങളിലേക്കും ഇത് നമ്മളെ നയിക്കുന്നു.
...............................
Read More : പേരറിവാളിന്‍റെ മോചനം; വായ മൂടിക്കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം

എന്താണ് പേരറിവാളന്റെ കുറ്റം?
21 മേയ് 1991. 31 വര്‍ഷം മുന്‍പ് പ്രിയങ്കരനായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍, എല്‍.ടി. ടി. ഈ യുടെ ചാവേര്‍ ബോംബിനാല്‍ കൊല്ലപ്പെടുമ്പോള്‍ കൂടെ കൊല്ലപ്പെട്ടത് മറ്റു 14 പേര്‍. ഗുരുതരമായി പരുക്കേറ്റവര്‍ 43 പേര്‍.
199 10 ജൂണ്‍-1 ന്, പേരറിവാളന്‍ എന്ന 19 കാരനെ ടാഡ നിയമ പ്രകാരം അറസ്റ്റ് ചെയ്യുമ്പോള്‍, ഈ യുവാവ് എല്‍.ടി. ടി ഇ എന്ന ഭീകര സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന, ദ്രാവിഡ കഴകത്തിന്റെ ആസ്ഥാന ഭവനത്തില്‍ താമസിച്ചുകൊണ്ട് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമക്കു ശേഷം, ഉന്നതപഠനത്തിന് തയ്യാറായികൊണ്ടിരിക്കുകയായിരുന്നു.
കുറ്റമോ, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ശിവരശനുവേണ്ടി, 9 വാട്ട് ബാറ്ററിയും മറ്റു സാമഗ്രികളും മേടിച്ചു കൊടുത്തു എന്നത്. ഈ ബാറ്ററി ഉപയോഗിച്ചതോ, തനു എന്ന ചാവേര്‍ യുവതിയുടെ മേലില്‍ വച്ച ബോംബ് പ്രവര്‍ത്തിപ്പിക്കാന്‍. അപ്പോള്‍ രാജീവ് ഗാന്ധിയെ കൊന്ന ബോംബ് സ്‌ഫോടനത്തിലെ ബോംബിന്റെ ബാറ്ററിയും മറ്റു സാമഗ്രികളും എത്തിച്ചത് ഈ പേരറിവാളന്‍ തന്നെയല്ലേ? അതിന്റെ ശിക്ഷ അല്ലേ അനുഭവിച്ചത്?
പിന്നെ കേള്‍ക്കുന്നത് 2017 ഒക്ടോബര്‍ 27 -ന് കേസന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ വി.ത്യാഗരാജന്‍ പറയുന്നു, പേരറിവാളന്റെ മാപ്പ് സാക്ഷി മൊഴിയില്‍ ബാറ്ററി മേടിച്ചു കൊടുത്തു എന്നല്ലാതെ അത് എന്തിനു വേണ്ടിയാണെന്നോ, ആരെ കൊല്ലാന്‍ വേണ്ടിയാണെന്നോ അറിയില്ല എന്നാണുള്ളത് എന്ന്്.
ഇതിനെ സമര്‍ഥനായ വക്കീലിന്റെ നിയമോപദേശം ആയിട്ടേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളൂ. കാരണം , ജസ്റ്റിസ് മിലാപ് ചന്ദ് ജയിനിന്റെ അന്നത്തെ ഇടക്കാല റിപ്പോര്‍ട്ടില്‍ സ്പഷ്ടമായി പറയുന്നുണ്ട്, എല്‍.ടി. ടി യുടെ ഗൂഢാലോചനയെ കുറിച്ച്. ഇത്ര കൃത്യമായി ആസൂത്രണം ചെയ്ത ഈ കൊലപാതകത്തില്‍, ബോംബിന് വേണ്ട ബാറ്ററി മേടിക്കാന്‍ എല്‍. ടി. ടി ഇ അനുഭാവിയായ ഇലക്ട്രോണിക്‌സ് ഡിപ്ലോമ ബിരുദധാരിയായ പേരറിവാളന്‍ ഒന്നുമറിയാതെ വന്നു എന്നു പറയുന്നത് ഒട്ടും വിശ്വസനീയമല്ല. എല്‍.ടി. ടി. ഇ അത്ര നിസ്സാരമായി ഈ ഒരു ജോലി ഇങ്ങനെ ഒരാളെ ഏല്‍പ്പിച്ചു എന്നു വിശ്വസിക്കാനും പ്രയാസം. അതു കൊണ്ടു തന്നെ പേരറിവാളന്‍ ഈ കൊലപാതകത്തിന് ശിക്ഷ അനുഭവിച്ച ഒരു കൊലയാളി ആണ്.
...................

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കണം
കൂടെ മരിച്ച മറ്റു 14 പേരുടെ കുടുംബങ്ങളുടെ ഭാഗത്തു നിന്ന് നോക്കുക. ഗുരുതര പരിക്കുകളോടെ ജീവിതം മുന്നോട്ടു നയിക്കുന്ന മറ്റ് 43 പേരുടെ കുടുംബങ്ങളുടെ ഭാഗത്തു നിന്ന് നോക്കുക.
സാങ്കേതിക കാരണങ്ങളുടെ ബലത്തില്‍ കോടതി വിട്ടയച്ചു എന്ന വസ്തുതയെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയുന്നു, പേരറിവാളനെ മുഖ്യമന്ത്രി സ്റ്റാലിന്‍ വീര പരിവേഷം നല്‍കി സ്വീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റല്ലേ. ജസ്റ്റിസ് മിലാപ് ജയിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഡി.എം.കെ -എല്‍ ടി. ടി. ഇ ബന്ധത്തെ കുറിച്ചു അടിവരയിട്ട് പറയുന്നുണ്ട്. രാജീവ് ഗാന്ധിയുടെ കൂടെ കൊല്ലപ്പെട്ട 14 പേരില്‍ ആര്‍ക്കല്ലാം വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ എന്തെല്ലാം ചെയ്തു? എത്ര പേരെ കാണാന്‍ മുഖ്യമന്ത്രി സമയം നല്‍കി?
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ കരുണാനിധിയും ജയലളിതയുമെല്ലാം തങ്ങളുടെ രാഷ്രീയ വൈരികളോട് ഇതേ പോലെ കരുണയോടെ ഉള്ള സമീപനം ആണ് നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ രാഷ്ട്രീയ നിലപാട് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ഉള്ള രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തവര്‍ ഈ കേസില്‍ ഇങ്ങനെ ഒരു നിലപാട് എടുക്കുമ്പോള്‍ അതിനെ തികഞ്ഞ അവസരവാദം ആയിട്ടേ കാണാന്‍ സാധിക്കുന്നുള്ളൂ.
ശ്രീലങ്കയിലെ തമിഴരുടെ വേദനയില്‍ ഇടപെടാനുള്ള വ്യഗ്രതയില്‍ ദൂരവ്യാപകമായി പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയ നിലപാടിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തത് ഒരുപാട് പേരെ അപമാനിക്കുന്നതിന് തുല്യമായ പ്രവൃത്തി ആണ്.
തന്റെ ഭര്‍ത്താവിനെ ദാരുണമായി കൊന്ന കൊലപാതികളോടു സോണിയ ഗാന്ധി ക്ഷമിക്കാനുള്ള സന്നദ്ധത കാണിച്ചു, അതിന്റെ മുഖ്യ ആസൂത്രകന്‍ ആയിരുന്ന പ്രഭാകരന്‍ മരിച്ചപ്പോള്‍ അതില്‍ സന്തോഷം കണ്ടെത്താത്ത, എന്നാല്‍ മനുഷ്യ ജീവന്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നഷ്ടപ്പെട്ടുപോകുമ്പോള്‍ കുടുംബത്തിനു വരുന്ന വേദനയില്‍ മനംനൊന്ത് നിന്ന രാഹുല്‍ ഗാന്ധിയുടെ മഹാമനസ്‌കതയെയും, കുഞ്ഞിന് വേണ്ടി ഒരമ്മയുടെ വേദന മനസിലാക്കി പിതാവിന്റെ ദാരുണാന്ത്യത്തിലെ പ്രതിയായ നളിനിയുടെ ഇളവിനായി നിലപാടെടുത്ത പ്രിയങ്ക ഗാന്ധിയെയും അങ്ങേയറ്റം നിന്ദിക്കുന്ന പ്രവര്‍ത്തിയാണ് സ്റ്റാലിന്റെ ഭാഗത്തു നിന്ന, പേരറിവാളനു നല്‍കിയ വീരപരിവേഷവും സ്വീകരണവും.
എന്റെ വ്യക്തിപരമായ അഭിപ്രായം, കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള രാഷ്ട്രീയ ബന്ധം, ആദര്‍ശാധിഷ്ഠിത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ നിരുപാധികം വേര്‍പെടുത്തണം എന്നു തന്നെയാണ്.
.............................
Read More : പേരറിവാളന്റെ അമ്മ, ജീവിതത്തിലേറെയും ഇവര്‍ ഇരുന്നത് ജയിലിന് മുന്നിലാണ്!

ഈ വാഴ്ത്തിപ്പാടലുകള്‍ തെറ്റാണ്
പത്രമാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും , സാംസ്‌കാരിക നേതാക്കളും പേരറിവാളനും,കുടുംബത്തിനും കൊടുക്കുന്ന വീരപരിവേഷം തെറ്റാണ്. ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും കിട്ടും. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ അനുഭവിച്ച ആളെ ഭരണകൂടം ഒരു രീതിയിലും ആദരിച്ചു കൂടാ.
ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് പേരറിവാളനും മറ്റു തടവുകാര്‍ക്കും രാഷ്ട്രീയ തടവുകാര്‍ എന്ന പരിവേഷം നല്‍കാനും ശ്രമം നടക്കുന്നുണ്ട്. അതു പൂര്‍ണമായും തെറ്റാണ്. കാരണം, ഈ സമയത്തു രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി അല്ല, ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധവുമില്ല. ഇന്ത്യയുടെ അതിര്‍ത്തിക്ക് പുറത്തുള്ള രാജ്യത്തുള്ള ഭീകര സംഘടന നമ്മുടെ നാട്ടില്‍ വന്നു മുന്‍ പ്രധാനമന്ത്രിയെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രി ആയാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ആകും എന്ന് കരുതി, ഉന്മൂലനം ചെയ്തത് , കൃത്യമായ ഗൂഢാലോചനയോടെ ഉള്ള അന്താരാഷ്ട്ര കുറ്റകൃത്യം ആണ്. അല്ലാതെ ആഭ്യന്തര വിഷയത്തില്‍ ഉള്ള ഒരു രാഷ്ട്രീയ കൊലപാതകം അല്ല. അങ്ങനെ എങ്കില്‍ ഇന്ത്യയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന ഇതുപോലെയുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ എല്ലാവരും ഇതിനെ ഒരു മാതൃക ആക്കാന്‍ ഉള്ള ഒരു പ്രചോദനം അല്ലെ ഇതുവഴി ഉണ്ടാക്കി കൊടുക്കുന്നത്.
ജയില്‍ മോചിതനായ പേരറിവാളനെ കാണാന്‍, മുമ്പ് വിധിന്യായം പുറപ്പെടുവിച്ച, മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് കാണിക്കുന്ന വ്യഗ്രത, നീതി ന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന നിലപാട് ആണ്. അദ്ദേഹം ന്യായാധിപന്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നീതിബോധത്തില്‍ പേരറിവാളന്‍ തെറ്റുകാരന്‍ അല്ല എന്നു തോന്നിയിരുന്നെങ്കില്‍ അയാളെ മറ്റുള്ളവരുടെ കൂട്ടത്തില്‍ വെറുതെ വിടാമായിരുന്നു. അല്ലാതെ ഇപ്പോള്‍ ആലിംഗനത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇരുന്നിരുന്ന പദവിയോടും അതു കല്പിച്ചു നല്‍കിയ ഉത്തരവാദിത്വത്തോടും കാണിക്കുന്ന അവഹേളനം, അഥവാ ക്ഷണികനേരത്തെ മാധ്യമ -പൊതുജന ശ്രദ്ധ ആകര്‍ഷണത്തിനു വേണ്ടിയുള്ള ഒരു ശ്രമം ആയിട്ടേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ.
ഒരു രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ഇളവ് കൊടുത്തത് തന്നെ വലിയ ഒരു കാര്യമാണ്. അതിന്റെ ഒപ്പം, കോടതി അനുവദിച്ചു കൊടുക്കുന്ന ഇളവിനെ മുന്‍നിര്‍ത്തി കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ ഭരണഘടന നല്‍കുന്ന വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്ന നിലയിലേക്ക് ഇതിനെ എത്തിച്ചില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സമയാസമയങ്ങളില്‍, ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഗവര്‍ണ്ണറോ കേന്ദ്ര സര്‍ക്കാര്‍ ഉപദേശ പ്രകാരം ഇന്ത്യന്‍ പ്രസിഡണ്ടോ ഈ അപേക്ഷകള്‍ കാര്യ കാരണങ്ങള്‍ നിരത്തി നിരസിച്ചിരുന്നു എങ്കില്‍ ഈ ഒരു സ്ഥിതി ഒഴിവാക്കി എടുക്കാമായിരുന്നു.
..................................
Read More : ഗാന്ധി കുടുംബത്തിന്‍റേത് മാനുഷിക പരിഗണന, പാർട്ടിയുടെ കണ്ണിൽ പ്രതികൾ തീവ്രവാദികൾ: സുർജേവാല

ഇത് അപകടമാണ്!
പേരറിവാളന്റെ കഥ എഴുതാന്‍ മെനക്കെട്ടതിന്റെ പത്തിലൊന്നു സമയം മേല്‍പറയുന്ന ആരെങ്കിലും രാജീവ് ഗാന്ധിയുടെ കൂടെ കൊല്ലപ്പെട്ട മറ്റു 14 പേരുടെ കുടുംബങ്ങളുടെ വിഷമം തിരിച്ചറിയാന്‍ മെനക്കെട്ടതായി ഒരിടത്തും കണ്ടില്ല. അവരുടെ എല്ലാവരുടെയും ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് നോക്കാനും ആളില്ല. ജീവത്യാഗത്തിനും സഹനത്തിനും അതര്‍ഹിക്കുന്ന ബഹുമാനം കൊടുത്തതുമില്ല. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ഈ വീരപരിവേഷത്തിലൂടെ അവരുടെ ജീവിത വിയോഗത്തെയും ആ കുടുംബങ്ങളുടെ വേദനയെയും അവഹേളിക്കുകയും അപമാനിക്കുകയും ആണ് ഇവര്‍ ചെയ്യുന്നത്.
പേരറിവാളന്‍ എന്ന വ്യക്തി ഒരു രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയുടെയും മറ്റ് 14 പേരുടെയും അതിദാരുണമായ കൊലപാതകത്തിനു ശിക്ഷിക്കപെട്ട വ്യക്തി ആണ്. ഒരു വീര പരിവേഷം നല്‍കി സ്വീകരിക്കേണ്ട ആള്‍ അല്ല. പേരറവാളനു വീര പരിവേഷം നല്‍കുന്നവര്‍ ഒന്നോര്‍ക്കുക, ഫാസിസ്റ്റ് ശക്തിയുടെ പ്രവര്‍ത്തന ശൈലി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍, ആള്‍ക്കൂട്ട കൊലപാതക പ്രതികളെയും, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ കൊലപാതക പ്രതികളെയും ഇതേ പോലെ വീരപരിവേഷം അണിയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം ശക്തികള്‍ക്ക് മുന്നിലോട്ടാണ് നിങ്ങളുടെ വീണ്ടു വിചാരമില്ലാത്ത ഈ പ്രവൃത്തി ചുരുളഴിക്കുന്നത്. അത് അപകടമാണ്, ആപത്തിനെ വിളിച്ചു വരുത്തലാണ്. ഉത്തരവാദിത്വത്തോടെ, പെരുമാറുക.
(ലേഖകന്‍, ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനും , എ. ഐ. സി.സി. സോഷ്യല്‍ മീഡിയ വിഭാഗം, ദേശീയ നിര്‍വാഹക സമിതി അംഗവും , മഹാരാഷ്ട്ര പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)
