കോടതി വിധി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും തുറന്നടിച്ചു

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതികളുടെ മോചനം സംബന്ധിച്ച് ഗാന്ധി കുടുംബത്തിന്‍റ നിലപാടല്ല പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് രംഗത്ത്. മാനുഷിക പരിഗണനയിലാണ് ഗാന്ധി കുടുംബം മാപ്പ് നൽകിയതെന്ന് പറഞ്ഞ എഐസിസി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേ വാല, പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികളും കൊലപാതകികളുമാണെന്നും വിശദീകരിച്ചു.

പേരറിവാളനെ (Perarivalan) മോചിപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. കോടതി വിധി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും തുറന്നടിച്ചു.

രാജീവ് ഗാന്ധിയുടെ ജീവനെടുത്ത സ്ഫോടനം: 19ാം വയസിൽ അറസ്റ്റ്, ടാഡ, വധശിക്ഷ, തൂക്കുകയർ, പരോൾ, ഒടുവിൽ മോചനം; നാൾവഴി

അതേസമയം പ്രതികളുടെ മോചനത്തെ എതിര്‍ക്കില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കിയെന്നും ഗാന്ധി കുടംബം നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. ജയിലില്‍ കഴിയുന്ന നളിനിയെ പ്രിയങ്കഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം വ്യക്തിപരമായ നിലപാടായിരുന്നുവെന്നും പാര്‍ട്ടി നയമല്ലെന്നും സുര്‍ജേവാല വ്യക്തമാക്കി.

'അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയം': പേരറിവാളന്‍

എ ഐ എ ഡി എം കെയിലൂടെ പേരറിവാളന്‍റെ മോചനത്തിന് ബി ജെ പി കളമൊരുക്കുകയായിരുന്നുവെന്നും സുര്‍ജേവാല പറഞ്ഞു. ദയാഹര്‍ജിയില്‍ തമിഴ്നാട് ഗവര്‍ണ്ണറും രാഷ്ട്രപതിയും മൗനം പാലിച്ചത് രാഷ്ട്രീയ ഇടപെടലിന്‍റെ തെളിവാണെന്നും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാൽ പേരറിവാളന്‍റെ മോചനത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ഡി എം കെ നിലപാടിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ല.

പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ മോചനം 31 വർഷത്തിന് ശേഷം

ഇന്ന് ഉച്ചയോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 19ാം വയസിൽ അറസ്റ്റിലായ പ്രതി 31 വർഷത്തിന് ശേഷമാണ് മോചനം നേടുന്നത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി. മോചന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികഞ്ഞിട്ടില്ലായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ കണ്ടെത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളിൽ ഇറങ്ങിയത്.