ആദ്യകാലങ്ങളില്‍ ഈ പരാതികളെല്ലാം ഒതുക്കിവെച്ച് ഡോക്ടറെ രക്ഷപ്പെടുത്തിയ സര്‍വകലാശാല അധികൃതര്‍ വന്‍വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ സ്ത്രീകള്‍ക്ക് വമ്പന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലയിലാണ് സംഭവം. 

സര്‍വകലാശാലാ കാമ്പസിലെ പ്രമുഖ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വന്നത് നൂറുകണക്കിന് സ്ത്രീകള്‍. ആദ്യകാലങ്ങളില്‍ ഈ പരാതികളെല്ലാം ഒതുക്കിവെച്ച് ഡോക്ടറെ രക്ഷപ്പെടുത്തിയ സര്‍വകലാശാല അധികൃതര്‍ വന്‍വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ സ്ത്രീകള്‍ക്ക് വമ്പന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലയിലാണ് സംഭവം. 

കാലിഫോര്‍ണിയാ സര്‍വകലാശാലയുടെ ലോസ് ഏഞ്ചലസ് സൈറ്റില്‍ (UCLA) 1983-മുതല്‍ 2018 വരെയുള്ള 35 വര്‍ഷം പ്രവര്‍ത്തിച്ച ഡോ. ജെയിംസ് ഹീപ്‌സിന് എതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. ഗൈനക്കോളജിസ്റ്റ്, കാന്‍സര്‍ രോഗവിദഗ്ധന്‍ എന്നീ രണ്ട് നിലകളിലും പ്രഗല്‍ഭനാണ് ഇദ്ദേഹം. രോഗികളായി എത്തുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. കാന്‍സര്‍ അടക്കം രോഗങ്ങളുള്ള അഞ്ഞൂറിലേറ സ്ത്രീകളാണ് പരാതിയുമായി രംഗത്തു വന്നത്. 

2017 -വരെ ഇയാള്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതികളൊന്നും സര്‍വകലാശാല അധികൃതര്‍ പരിഗണിച്ചിരുന്നില്ല എന്നാണ് ഇരകളായ സ്ത്രീകള്‍ പറയുന്നത്. ഒരന്വേഷണവും സര്‍വകലാശാലാ അധികൃതര്‍ ഇയാള്‍ക്കെതിരെ നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നൂറു കണക്കിന് സ്ത്രീകളാണ് സര്‍വകലാശാലയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും 2019-ല്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതിയില്‍നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിപ്പോള്‍ സര്‍വകലാശാല ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായത്. 

250 മില്യന്‍ ഡോളര്‍ (1870 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനുള്ള പാക്കേജാണ് സര്‍വകലാശാല തയ്യാറാക്കിയത്. പരാതിക്കാരായ ഇരുന്നൂറ് സ്ത്രീകള്‍ക്ക് ഈ നഷ്ടപരിഹാരം നല്‍കാനാണ് പദ്ധതി. ഇരകള്‍ക്കുണ്ടായ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമാവില്ലെങ്കിലും സമാശ്വാസമാവാന്‍ ഈ നഷ്ടപരിഹാര വിതരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത് എന്നാണ് ഇക്കാര്യത്തില്‍ സര്‍വവകലാശാല അധികൃതര്‍ പറയുന്നത്. 

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ഡോ. ജെയിംസ് ഹീപ്‌സിന് എതിരെ വര്‍ഷങ്ങളായി ലൈംഗിക പീഡന പരാതികള്‍ നിലവിലുണ്ട്. ഏറ്റവും തിരക്കുള്ള, ഏറ്റവും ഫീസ് വാങ്ങുന്ന ഈ ഡോക്ടറെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും കാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ എത്താറുണ്ട്. പേരുമ പെരുമയും ഉള്ളതിനാല്‍, ഡോക്ടറെ സര്‍വകലാശാല എക്കാലും സംരക്ഷിച്ചു എന്നാണ് ആരോപണം. 

ഡോക്ടര്‍ക്കെതിരെ അഞ്ഞൂറിലേറെ സ്ത്രീകളാണ് നിലവില്‍ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത്. പരിശോധനയ്ക്കിടെ, ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ഈ പരാതികളില്‍ ഏറെയും. കാന്‍സര്‍ രോഗികളായ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ നിയമനടപടിക്കായി വര്‍ഷങ്ങളായി പോരാടുന്നുണ്ടെങ്കിലും ഇപ്പോഴാണ് കോടതി ഇടപെട്ടത്. ഇയാള്‍ക്കെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലാ കാമ്പസിലെ സ്‌പോര്‍ട്‌സ് ഡോക്ടര്‍ക്കെതിരെ കഴിഞ്ഞ മാസം ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ആയിരത്തിലേറെ രോഗികളാണ് ഇയാള്‍ക്കെതിരെ രംഗത്തുവന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരമായി 490 മില്യണ്‍ ഡോളറാണ് സര്‍വകലാശാല നല്‍കിയത്.