കല്ലറകളിൽ കൊത്തിവെച്ചിട്ടുള്ള പാചകക്കുറിപ്പുകൾ കണ്ടെത്തി അവ പാകം ചെയ്ത് കാലിഫോർണിയ സ്വദേശിനിയായ റോസി ഗ്രാന്റ്. ഈ വിഭവങ്ങൾ മരിച്ചവരുടെ കല്ലറയിരുന്ന് കഴിക്കുന്നതിലൂടെ, അവര്‍ക്കുള്ള ആദരവര്‍പ്പിക്കാന്‍ സാധിക്കുന്നുവെന്നാണ് റോസി വിശ്വസിക്കുന്നത്.
മരണാനന്തര സ്മരണ പുതുക്കാൻ സാധാരണയായി ആളുകൾ പൂക്കളോ പ്രാർത്ഥനകളോ ആണ് കല്ലറകളിൽ അർപ്പിക്കാറുള്ളത്. എന്നാൽ, കാലിഫോർണിയ സ്വദേശിനിയായ റോസി ഗ്രാന്റ് എന്ന യുവതിയുടെ രീതി കുറച്ച് വ്യത്യസ്തമാണ്. കല്ലറകളിൽ കൊത്തിവെച്ചിട്ടുള്ള പാചകക്കുറിപ്പുകൾ കണ്ടെത്തി അവ പാകം ചെയ്ത് മരിച്ചവർക്ക് ആദരമർപ്പിക്കുകയാണ് ഈ യുവതി. റോസി ഗ്രാന്റിന്റെ ഈ വിചിത്രവും എന്നാൽ കൗതുകകരവുമായ ആശയം ഉടലെടുക്കുന്നത് ന്യൂയോർക്കിലെ ഒരു സെമിത്തേരിയിൽ ജോലി ചെയ്യുന്ന കാലത്താണ്. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു സ്ത്രീയുടെ ശവകല്ലറയിൽ 'സ്പ്രിറ്റ്സ് കുക്കീസ്' നിർമ്മിക്കാനുള്ള പാചകക്കുറിപ്പ് കൊത്തിവെച്ചിരിക്കുന്നത് റോസിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ആ റെസിപ്പി കണ്ടപ്പോൾ റോസിക്ക് കൗതുകം തോന്നി. നേരെ വീട്ടിൽ പോയി ആ റെസിപ്പി നോക്കി 12 കുക്കികൾ ഉണ്ടാക്കി. എന്നാൽ അത് വെറുതെ കഴിച്ചു തീർക്കാൻ അവൾ തയ്യാറായില്ല. അവൾ ആ കുക്കികളുമായി തിരികെ ആ കല്ലറയ്ക്കൽ എത്തുകയും, ആ കുക്കികൾ അവിടെയിരുന്ന് കഴിക്കുകയും ചെയ്തു. തനിക്ക് ആ റെസിപ്പി നൽകിയ വ്യക്തിയോടുള്ള ഒരു പ്രത്യേകതരം ആദരമായിരുന്നു അത് എന്നാണ് റോസി പറയുന്നത്. ഈ ഒരു സംഭവമാണ് പിന്നീട് കല്ലറകളിലെ പാചകക്കുറിപ്പുകൾ തേടിയുള്ള റോസിയുടെ വലിയൊരു യാത്രയ്ക്ക് തുടക്കമിട്ടത്.
ഇതൊരു ഒറ്റത്തവണത്തെ പരീക്ഷണം മാത്രമായിരിക്കുമെന്നാണ് താൻ കരുതിയത്, എന്നാണ് റോസി വാർത്താ ഏജൻസിയായ എസ്ഡബ്ല്യുഎൻഎസ് -നോട് പറഞ്ഞത്. എന്നാൽ, പിന്നീട് തിരച്ചിൽ തുടർന്നപ്പോൾ കൂടുതൽ കല്ലറകളിൽ നിന്ന് വൈവിധ്യമാർന്ന നിരവധി റെസിപ്പികൾ അവൾക്ക് കണ്ടെത്താനായി. കാലക്രമേണ റോസി ഇത്തരത്തിൽ തന്റെ അടുക്കളയിൽ പരീക്ഷിച്ച വിഭവങ്ങളുടെ പട്ടിക നീണ്ടതാണ്. അതിൽ ടെക്സസ് ഷീറ്റ് കേക്ക്, നോ-ബേക്ക് കുക്കീസ്, ഗവാ കോബ്ലർ എന്നിവയൊക്കെ ഉൾപ്പെടുന്നു.
ഓരോ വിഭവവും പാകം ചെയ്യുമ്പോൾ മൺമറഞ്ഞുപോയ ആ വ്യക്തിയുമായി തനിക്ക് ഒരു പ്രത്യേക ആത്മബന്ധം തോന്നാറുണ്ടെന്ന് റോസി പറയുന്നു. ആ റെസിപ്പി പങ്കുവെച്ച ആളിന്റെ ജീവിതത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് മരണത്തെക്കുറിച്ചുള്ള ഭയം മാറ്റാനും, സ്നേഹത്തോടെ അവരെ സ്മരിക്കാനും തന്നെ സഹായിക്കുന്നുവെന്ന് റോസി വിശ്വസിക്കുന്നു.
ഒരിക്കൽ അലാസ്കയിലെ നോമിലുള്ള ഒരു കുടുംബം റോസിയെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവരുടെ പ്രിയപ്പെട്ട ഒരാളുടെ കല്ലറയിൽ കൊത്തിവെച്ച 'നോ-ബേക്ക് കുക്കീസിൻ്റെ' റെസിപ്പി തയ്യാറാക്കാനായിരുന്നു ആ ക്ഷണം. മൺമറഞ്ഞുപോയ ആ സ്ത്രീയുടെ മകൾക്കും കൊച്ചുമകൾക്കും ഒപ്പമിരുന്ന് അവരുടെ അടുക്കളയിൽ വെച്ചാണ് റോസി ആ വിഭവം തയ്യാറാക്കിയത്. വിഭവം തയ്യാറാക്കിയ ശേഷം അവരും റോസിയും ചേർന്ന് ആ കുക്കികളുമായി സെമിത്തേരിയിലേക്ക് പോയി. അവിടെയിരുന്ന് അവ കഴിക്കുമ്പോൾ ആ വ്യക്തിയുടെ ഓർമ്മകൾ പങ്കുവെച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു ഇതെന്നാണ് റോസി ഇതിനെ വിശേഷിപ്പിച്ചത്.
ഇന്ന് റോസിക്ക് റെസിപ്പികൾ തേടി അലയേണ്ടി വരാറില്ല. പകരം, നിരവധി കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പാചകക്കുറിപ്പുകൾ റോസിക്ക് അയച്ചു കൊടുക്കുന്നു. മരിച്ചുപോയവരുടെ ഓർമ്മകൾ നിലനിർത്താൻ പലരും ഇപ്പോൾ ഈ മാർഗ്ഗം സ്വീകരിക്കുന്നു. കല്ലറകളിലെ പാചകക്കുറിപ്പുകൾ ആളുകളെ ഒന്നിപ്പിക്കാനും, സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കാനും സഹായിക്കുമെന്ന് റോസി ഉറച്ചു വിശ്വസിക്കുന്നു.
