അസമിലെ കർഷക നേതാവായ അഖിൽ ഗൊഗോയിയുടെ അടുത്ത അനുയായിയായ ബിട്ടു സോനോവാളിനെ അടുത്തിടെ എൻഐഎ യുഎപിഎ ചുമത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ ഏജൻസി കോടതിയിൽ, കസ്റ്റഡിയിലെടുത്ത വ്യക്തിക്കുമേൽ തങ്ങൾ ചുമത്തിയ യുഎപിഎ എന്ന വകുപ്പിനെ ന്യായീകരിച്ചുകൊണ്ട് സമർപ്പിച്ച കുറ്റപത്രത്തിലെ ചില പരാമർശങ്ങൾ ഇങ്ങനെ. " ഇയാൾ കണ്ടുമുട്ടിയ ആളെ വിളിച്ചത് 'കോമ്രേഡ്' എന്നായിരുന്നു. അതിനു പുറമെ അവർ കണ്ടുപിരിയും മുമ്പ് പരസ്പരം 'ലാൽസലാം' എന്ന് പറയുകയും ചെയ്തു. " 

 

 

ബിട്ടു സോനോവാൾ അടക്കമുള്ള ഗൊഗോയിയുടെ മൂന്ന് അടുത്ത അനുയായികളെ ഈ വർഷം ആദ്യമാണ് എൻഐഎ കസ്റ്റഡിയിലെടുക്കുന്നത്. അവർക്കും, കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ കസ്റ്റഡിയിൽ ആയിരുന്ന അഖിൽ ഗൊഗോയിക്കും മേൽ എൻഐഎ യുഎപിഎ ചുമത്തിക്കഴിഞ്ഞു. അസമിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഈ അറസ്റ്റുകൾ നടന്നത്. ഡിസംബർ 16 -ന് രേഖപ്പെടുത്തപ്പെട്ട ഗൊഗോയിയുടെ അറസ്റ്റിൽ ( കേസ് നമ്പർ : 13/2019) എൻഐഎ ചുമത്തിയ മറ്റുവകുപ്പുകൾ ഐപിസി 120B, 253A, 153B എന്നിവയും, യുഎപിഎ സെക്ഷൻ 18, 39 എന്നിവയുമായിരുന്നു. 

ഗൊഗോയിയുടെ അടുത്ത അനുയായികളാണ് എന്നതായിരുന്നു ബിട്ടുവിനും മറ്റുള്ള രണ്ടുപേർക്കും എതിരെ എൻഐഎ ഉയർത്തുന്ന പ്രധാന ആക്ഷേപം. മെയ് 29 -ന് സോനോവാളിനെതിരെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉന്നയിച്ചിരിക്കുന്ന മറ്റൊരു പ്രധാന ആക്ഷേപം, "നമ്മളെ തൂക്കാനുള്ള കൊലക്കയറുകൾ ഈ ബൂർഷ്വാകൾ തന്നെ നമുക്ക് വിൽക്കും" എന്ന അടിക്കുറിപ്പോടെ സോനോവാൾ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വ്ലാദിമിർ ലെനിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തു എന്നതാണ്. തങ്ങളുടെ പ്രവർത്തകനുമേൽ എൻഐഎ ചുമത്തിയിരിക്കുന്ന യുഎപിഎയ്ക്ക് ഒരു തെളിവിന്റെയും പിന്ബലമില്ലെന്നാണ് ഗോഗോയ് സജീവ പ്രവർത്തകനായിട്ടുള്ള കൃഷക് മുക്തി സംഗ്രാം സമിതി (KMSS) എന്ന സംഘടന ആക്ഷേപിച്ചിരിക്കുന്നത്. നാൽപതു പേജോളമുള്ള എൻഐഎയുടെ കുറ്റപത്രം മുഴുവൻ ഇതുപോലെ ബാലിശമായ ആരോപണങ്ങളാണെന്നും അവർ ആരോപിക്കുന്നു. 

 

 

തങ്ങളുടെ നേതാക്കളെ അകാരണമായി മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്താനുള്ള ശ്രമങ്ങൾ എൻഐഎയുടെ ഭാഗത്തുനിന്നുണ്ടാകുന്നുടനെന്ന KMSS ന്റെ പ്രസിഡണ്ടായ ഭാസ്‌കോ സൈകിയ ഔട്ട്ലുക്കിനോട് പറഞ്ഞു. വിപണിയിൽ ലഭ്യമായ, പണം കൊടുത്താൽ ആർക്കും വാങ്ങി വായിക്കാവുന്ന, ഒരു സംസ്ഥാനവും ഇതുവരെ നിരോധിക്കുക പോലും ചെയ്തിട്ടില്ലാത്ത 'സോഷ്യലിസത്തിന് ഒരാമുഖം', 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ', 'മൂലധനം' തുടങ്ങിയ പുസ്തകങ്ങളാണ് മാവോയിസ്റ്റ് സാഹിത്യം കയ്യിൽ വെച്ചു എന്ന ആക്ഷേപത്തിന് ബലമായി കുറ്റപത്രത്തിൽ എൻഐഎ പരാമർശിച്ചിട്ടുളളത്. ഇതൊക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരായ അസമിലെ പൊതുജന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു. ഡിസംബറിൽ അസമിലെ അക്രമങ്ങളിൽ ചിലയിടങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ എൻഐഎ കസ്റ്റഡിയിലെടുത്ത അഖിൽ ഗൊഗോയിക്ക് കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചു കിട്ടിയിട്ടും, പുതിയ പുതിയ കേസുകൾ വീണ്ടും ചാർജ് ചെയ്ത് അദ്ദേഹത്തെ ഇതുവരെയും ജയിലിൽ തന്നെ തുടരാൻ നിര്ബന്ധിതനാക്കിയിരിക്കുകയാണ് എൻഐഎ എന്നും അദ്ദേഹം പറയുന്നു.