തന്റെ സ്വകാര്യ ട്വിറ്റർ ഹാൻഡിൽ എന്നെന്നേക്കുമായി ബാൻ ചെയ്ത ട്വിറ്ററിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രസ്താവന. ഒരു നിരോധനം കൊണ്ടൊന്നും തന്നെയോ തന്റെ അണികളെയോ നിശ്ശബ്ദരാക്കാൻ സാധിക്കില്ല എന്ന് ട്രംപ് പറഞ്ഞു. 

വരുന്ന ജനുവരി 20 -ന് നടക്കാനിരിക്കുന്ന ബൈഡന്റെ സ്ഥാനാരോഹണചടങ്ങ് താൻ ബഹിഷ്കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റിന് പിന്നാലെയാണ് മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റ് ആയ ട്വിറ്റർ ട്രംപിന്റെ അക്കൗണ്ട് റദ്ദാക്കിക്കൊണ്ട് നടപടി സ്വീകരിച്ചത്. ട്രംപിന്റെ നടപടി അക്രമങ്ങൾക്ക് പ്രകോപനമേകുന്നതാണ് എന്ന് കണ്ടെത്തി, തങ്ങളുടെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിന്റെ ട്വിറ്റർ ഹാൻഡിൽ റദ്ദാക്കിക്കൊണ്ട് നടപടി എടുത്തത്. 

റദ്ദാക്കപ്പെടുന്ന സമയത്ത് ട്രംപിന്റെ @realDonaldTrump എന്ന ട്വിറ്റർ ഹാൻഡിലിന് 88.7 മില്യൺ ഫോളോവർമാർ ഉണ്ടായിരുന്നു.  സ്വകാര്യ ട്വിറ്റർ ഹാൻഡിൽ ട്വിറ്റർ റദ്ദാക്കിയതിന് മണിക്കൂറുകൾക്കുള്ളിൽ,  @POTUS എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഹാൻഡിൽ വഴിയാണ് ട്രംപ് ട്വിറ്ററിനെതിരെ പ്രതികരിച്ചത്. 

ആ ട്വീറ്റിൽ  ട്രംപ് ഇങ്ങനെ പറഞ്ഞു, "ഇങ്ങനെ ഒന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ മറ്റു പല വെബ്‌സൈറ്റുകളുമായി ചർച്ചയിലാണ്. ഉടനെ ഒരു വലിയ പ്രഖ്യാപനം നിങ്ങൾക്ക് പ്രതീക്ഷിക്കാം. സമീപ ഭാവിയിൽ തന്നെ ഞങ്ങളുടേതായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയും ആലോചനകളുണ്ട്. എന്തായാലും, ഞങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയുന്നു." 

ട്വിറ്ററിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയാണ് എന്നും, അമേരിക്കൻ ജനതയ്ക്ക് ദോഷം ചെയ്യുന്ന അതിതീവ്ര ഇടതുപക്ഷാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നയപരിപാടികളാണ് കഴിഞ്ഞ കുറെ മാസങ്ങളായി ട്വിറ്റെർ സ്വീകരിച്ചു പോരുന്നത് എന്നും ട്രംപ് വിമർശനം ഉന്നയിച്ചു.  ഡെമോക്രാറ്റുകൾക്കും അതി തീവ്ര ഇടതുപക്ഷത്തിനും ചൂട്ടുപിടിച്ചു കൊണ്ട്, തന്റെ ട്വിറ്റർ ഹാൻഡിൽ റദ്ദാക്കുക വഴി ട്വിറ്റർ തന്നെ മാത്രമല്ല തനിക്ക് വോട്ടുചെയ്ത ദേശസ്നേഹികളായ ദശലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാരെയുമാണ് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്. 

അമേരിക്കയിൽ പ്രവർത്തിച്ചു പോരുന്നൊരു ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് ട്വിറ്റർ എന്നത്  അതിന്റെ ഉടമകൾ മറന്നുപോവരുത് എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ഗവണ്മെന്റ് സെക്ഷൻ 230 വഴി നൽകിയിരിക്കുന്ന പിന്തുണ ഇല്ലാതാകുന്ന നിമിഷം ട്വിറ്ററും ഇല്ലാതാകുമെന്നും ട്രംപ് ഓർമിപ്പിച്ചു.