ഇസ്രായേലിലെ ഏറ്റവും ജനനിബിഡമായ രണ്ടാമത്തെ നഗരമാണ് ടെൽ അവീവ്. സെപ്റ്റംബർ 3 -ന് അവിടെ നടന്നത്, പറഞ്ഞു കേട്ടാൽ ആരും വിശ്വസിക്കാത്ത ഒരു സംഭവമാണ്. അക്ഷരാർത്ഥത്തിൽ ആകാശത്തു നിന്ന് 'കഞ്ചാവുമഴ'തന്നെ അവിടെ ഉണ്ടായി. നോക്കെത്തുന്നതിനേക്കാൾ ഉയരത്തിലൂടെ പറന്നുപോയ ചില ഹൈ ടെക്ക് ഡ്രോണുകളിൽ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ, കുഞ്ഞു കുഞ്ഞു പോർസലീൻ പാക്കറ്റുകളിലായി കഞ്ചാവ്, ടെൽ അവീവ് നഗരത്തിലെ ജനവാസമേറിയ കേന്ദ്രങ്ങളിലേക്ക് ആകാശത്തുനിന്ന് പറന്നിറങ്ങിയത്. 

 

'ഗ്രീൻ ഡ്രോൺ' എന്ന് പേരുള്ള ഒരു റിക്രിയേഷനൽ ഡ്രഗ് പ്രൊമോഷൻ സംഘടനയാണ് ചൊവ്വാഴ്ചത്തെ ഈ അഭ്യാസത്തിനു പിന്നിലെന്നാണ് israyel പോലീസിന്റെ നിഗമനങ്ങൾ എങ്കിലും ഇതിനു കൃത്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. നഗരത്തിലെ തെരുവുകളിൽ ഏറ്റവും ജനത്തിരക്കുള്ള നേരം നോക്കിയായിരുന്നു ഈ കഞ്ചാവുമഴ പെയ്യിച്ചത്‌ എന്നതിനാൽ മിക്കവാറും പാക്കറ്റുകൾ എല്ലാം തന്നെ, നിരത്തിലുണ്ടായിരുന്ന ജനം കൈക്കലാക്കുകയും ചെയ്തു. 

കഞ്ചാവ് അഥവാ മരിജുവാന നിയമവിധേയമാക്കണം എന്നതാണ് 'ഗ്രീൻ ഡ്രോൺ' എന്ന സംഘടനയുടെ ആവശ്യം. ടെലഗ്രാം വഴി അവർ ഇങ്ങനെ ഒരു 'ഫ്രീ ഡിസ്ട്രിബൂഷൻ' ഉണ്ടായിരിക്കുന്നതാണ് എന്ന വിവരം അവരുടെ പ്രവർത്തകർക്കിടയിൽ പങ്കിട്ടിരുന്നതിനാൽ നിരവധി പേർ അതും പ്രതീക്ഷിച്ച് റോഡരികിൽ ആകാശത്തേക്കും നോക്കി കാത്തിരിപ്പും ഉണ്ടായിരുന്നു. 

 

 

ടെൽ അവീവിലെ ജനപ്രിയ പ്രതിഷേധ കേന്ദ്രമായ റാബിൻ സ്‌ക്വയറിൽ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇങ്ങനെ ആകാശത്തുനിന്ന് തുരുതുരാ പാക്കറ്റുകൾ വന്നു വീഴാൻ തുടങ്ങിയപ്പോൾ ഡസൻ കണക്കിന് പേർ അത് പെറുക്കിയെടുക്കാൻ വേണ്ടി റോഡിനു നടുവിലേക്ക് ഇറങ്ങിയതോടെ അവിടെ കാര്യമായ ഒരു ബഹളം തന്നെ ഉണ്ടായി. 

ഇതാദ്യമായിട്ടല്ല ഗ്രീൻ ഡ്രോൺ പോലുള്ള സംഘടനകൾ സൗജന്യമായി കഞ്ചാവ് വിതരണം ചെയ്യുന്നത്. ഒന്നോ രണ്ടോ കിലോഗ്രാം കഞ്ചാവ് രണ്ടു ഗ്രാമായി വീതിച്ച് പ്ലാസ്റ്റിക് കവറുകളിൽ നിറച്ചാണ് അവർ ഡ്രോൺ വഴി താഴേക്കെറിഞ്ഞത്. ഇസ്രായേലിൽ കഞ്ചാവ് നിയമം പ്രകാരം നിരോധിക്കപ്പെട്ട ഒരു ലഹരി വസ്തുവാണ്. മരിജുവാന രാജ്യത്ത് നിയമ വിധേയമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രായേൽ പാർലമെന്റിൽ വന്ന ബിൽ ചർച്ച പുരോഗമിക്കെയാണ് അത്തരത്തിലുള്ള ചർച്ചകൾക്ക് കാട്ടുപകരാൻ ഉദ്ദേശിച്ചുകൊണ്ട് ഇങ്ങനെ ഒരു പ്രവൃത്തി 'ഗ്രീൻ ഡ്രോണി'ന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.