ദില്ലി: പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ട്, ആർമി മെഡിക്കൽ കോർപ്സിലെ ക്യാപ്റ്റന്‍ കല്പന കുണ്ടു, ജൂൺ 20-ന്, അരുണാചൽ  പ്രദേശിൽ ഹിമാലയസാനുക്കളിൽ 'ഹൈ ആൾട്ടിട്യൂഡ് പട്രോളി'നിറങ്ങി.   ചൈനീസ് അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികസംഘത്തിന് വേണ്ട വൈദ്യസഹായം നൽകുക എന്ന ക്ലേശകരമായ ദൗത്യം അവർ സ്തുത്യർഹമായിത്തന്നെ നിറവേറ്റി. 

ഹിമാലയയില്‍ ക്യാപ്റ്റന്‍ കല്‍പന കുണ്ടു ചുമതലയേറ്റെടുക്കുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട്. ആദ്യമായി ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഒരു വനിത 'ഹൈ ആൾട്ടിട്യൂഡ് പട്രോളി'നിറങ്ങി എന്നതാണത്. അതുവരെ പുരുഷന്മാര്‍ മാത്രം ഏറ്റെടുത്തിരുന്ന ചുമതലയാണ് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കല്‍പന ഏറ്റെടുത്തിരിക്കുന്നത്. 

ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കുറച്ചു കാലങ്ങളായി നടന്നു വരുന്നുണ്ട്. പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന പല സ്ഥാനങ്ങളിലേക്കും സ്ത്രീകള്‍ കൂടി കടന്നുവന്നു.

2017 -ല്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍ മെഡിക്കല്‍, ഡെന്‍റല്‍, നഴ്സിങ് സ്റ്റാഫ് ഒഴികെ 1548 സ്ത്രീകളുണ്ടായിരുന്നുവെന്നാണ് 2018 -ല്‍ പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ കണക്കില്‍ പറയുന്നത്. 2018 -ല്‍ Armed Forces Medical Services -ല്‍ സ്ത്രീകളുടെ എണ്ണം 3730 ആയിരുന്നു. 

2019 -ല്‍ ഇന്ത്യന്‍ ആര്‍മിയിലെ സ്ത്രീസാന്നിധ്യം ഒരുപടി കൂടി കടന്നു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മിലിറ്ററി പൊലീസിലേക്ക് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയായിരുന്നു ഇത്. പതിയെ പതിയെ അത് വര്‍ധിപ്പിക്കാനായിരുന്നു ലക്ഷ്യം. 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ മൂന്ന് സ്ത്രീകള്‍ കൂടി ഉണ്ടായി. മോഹന സിങ്, ആവണി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു അത്. അവര്‍ ആദ്യത്തെ ഫൈറ്റര്‍ പൈലറ്റുകളായി. ഇന്ത്യന്‍ നേവിയിലും 2016 -ഓട് കൂടി വനിതാ ഓഫീസര്‍മാര്‍ ചുമതലയേറ്റെടുത്തിരുന്നു.