കാറിന്‍റെ ബോണറ്റിനും ഡോറുകള്‍ക്കും വെളിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ വെള്ളവും മീനുകളെയും നിറച്ചാണ് കാര്‍ അക്വേറിയങ്ങൾ ഉണ്ടാക്കുന്നത്.
വാഹനങ്ങളിൽ പലതരത്തിലുള്ള മോഡിഫിക്കേഷൻ വരുത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. വളരെ ജനപ്രിയമായ ഒരു പ്രവണതയായി വാഹനങ്ങളുടെ ഈ മോഡിഫിക്കേഷനുകൾ മാറിക്കഴിഞ്ഞു. തങ്ങളുടെ വാഹനങ്ങൾ വേറിട്ട് നിർത്താൻ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് വാഹനപ്രേമികൾ നടത്താറുള്ളത്. എന്നാൽ, ചൈനയിലെ സമീപകാല പരീക്ഷണം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ ഒന്നാണ്. കാറിന്‍റെ മുൻവശത്തെ ഹുഡുകൾ മിനി അക്വേറിയങ്ങളാക്കി മാറ്റിയാണ് ഒരു ചൈനക്കാരന്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനമാണ് നേരിടുന്നത്.
ബോണറ്റിന് മുകളിൽ സുതാര്യമായ ഒരു പ്ലാസ്റ്റിക് പാളി സ്ഥാപിച്ച്, അതിനുള്ളിൽ വെള്ളവും ജീവനുള്ള മത്സ്യവും നിറച്ചാണ് അക്വേറിയം നിർമ്മിക്കുന്നത്. ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു ഈ ബോണറ്റ് അക്വേറിയം മോഡിഫിക്കേഷൻ. വീഡിയോ ദൃശ്യങ്ങളിൽ ആദ്യ കാഴ്ചയിൽ എഐ നിർമ്മിതമാണെന്ന് തോന്നാമെങ്കിലും അവ യാഥാർത്ഥ്യമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ അസാധാരണ കാർ മോഡിഫിക്കേഷൻ നടത്തിയത് ലിയു എന്ന വ്യക്തിയാണെന്ന് യുണൈറ്റഡ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം മീൻ പിടിക്കാൻ പോയപ്പോൾ മീൻ ശേഖരിക്കാൻ പാത്രങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് തനിക്ക് ഈ ആശയമുണ്ടായതെന്നാണ് ലിയു പറയുന്നത്. കാറിന്‍റെ ഹുഡിന് കീഴിലുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വെള്ളവും മീനും ഒഴിച്ച് ശേഖരിക്കുകയായിരുന്നുവെന്നും ലീയു കൂട്ടിച്ചേർത്തു. താൻ ഒരു രസത്തിന് വേണ്ടി ചെയ്തതാണെന്നും ആരും ഇത് അനുകരിക്കരുതെന്നും ലീയു വ്യക്തമാക്കി. മാത്രമല്ല താൻ ഇത്തരത്തിൽ മത്സ്യങ്ങളെ ബോണറ്റിനുള്ളിൽ ഇട്ട് വാഹനം ഓടിച്ചിട്ടില്ലെന്നും അത് അപകടകരമാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ ഇത്തരം മോഡിഫിക്കേഷന്‍ വരുത്തിയ നിരവധി ആഡംബര വാഹനങ്ങളുടെ വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സ്വന്തം സന്തോഷത്തിനും സോഷ്യൽ മീഡിയ പ്രശസ്തിക്കും വേണ്ടി ഇത്തരത്തിലുള്ള ക്രൂരതകൾ ജീവജാലങ്ങളോട് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ജീവനുള്ള മത്സ്യങ്ങളെ ഇത്തരത്തിൽ കാറിന്‍റെ ബോണറ്റിനുള്ളിൽ നിക്ഷേപിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും പ്രത്യേകിച്ച് ചൂട് കാലത്ത് ഇവ നേരിടുന്നത് വലിയ സമ്മർദ്ദമായിരിക്കുമെന്നും നെറ്റിസൻസ് ചൂണ്ടിക്കാണിച്ചു.


