സിംഗപ്പൂരിലെ നാഷണൽ വാട്ടർ ഏജൻസിയായ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന്റെ കീഴിൽ പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന സ്ഥലത്തിനടുത്താണ് ഈ സിങ്ക്ഹോൾ രൂപപ്പെട്ടത് എന്നാണ് പറയുന്നത്.
വളരെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ ഉണ്ടായത്. തിരക്കേറിയ ഒരു റോഡിൽ പെട്ടെന്ന് ഒരു വൻഗർത്തം രൂപപ്പെടുകയും കാർ മറിയുകയും ചെയ്തു. വെള്ളം നിറഞ്ഞ സിങ്ക്ഹോളിൽ നിന്നും ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ടാൻജോങ് കടോങ് റോഡ് സൗത്തിലെ ഒരു റോഡിലാണ് സംഭവം നടന്നത്. പരിക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംഗപ്പൂരിലെ നാഷണൽ വാട്ടർ ഏജൻസിയായ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന്റെ കീഴിൽ പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന സ്ഥലത്തിനടുത്താണ് ഈ സിങ്ക്ഹോൾ രൂപപ്പെട്ടത് എന്നാണ് പറയുന്നത്. പിന്നാലെ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല, സ്ഥലം ഇപ്പോൾ മറച്ചിരിക്കയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വീഡിയോയിൽ റോഡിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന വെള്ളം നിറഞ്ഞ ഭീമൻ ഗർത്തവും അതിൽ വീണിരിക്കുന്ന കാറും കാണാം. തൊട്ടപ്പുറത്തായി പണി നടക്കുന്ന സ്ഥലവും കാണാം. ഒരു സ്ത്രീയെ സിങ്ക്‌ഹോളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഉടൻ തന്നെ റാഫിൾസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
'ഒരു വാഹനം കുഴിയിലേക്ക് വീണിട്ടുണ്ട്. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സ് വാഹനമോടിച്ചിരുന്ന സ്ത്രീയെ രക്ഷിച്ചു. ബോധരഹിതയായ അവരെ റാഫിൾസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്' എന്നാണ് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് അവരുടെ പ്രസ്താവനയിൽ പറഞ്ഞത്. സംഭവത്തിൽ രണ്ട് പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയുന്നു.
വീഡിയോയും ചിത്രവും കണ്ട പലരും ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല, ഇതെങ്ങനെ സംഭവിച്ചു എന്നൊക്കെയാണ് പ്രതികരിക്കുന്നത്.
