വിവാഹ ആഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് ഉത്തരാഖണ്ഡിലെ പൊലീസ് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമിത മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനായിട്ടാണ് ഇത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസാണ് ഈ വ്യത്യസ്‍തമായ ആശയം മുന്നോട്ട് വച്ചത്. 'ഭുലി' (ഗർവാലിയിലെ സഹോദരി) കന്യദാൻ പദ്ധതിയുടെ കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ മദ്യപാനവും അനുബന്ധ കുറ്റകൃത്യങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

വധുക്കൾക്ക് നൽകുന്ന പണം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പിരിച്ചെടുക്കും. ഇപ്പോൾ ഇരുപത്തിരണ്ടോളം ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷനാണ് അത്. ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥൻ മഹിപാൽ റാവത്ത് പ്രദേശവാസികളുമായി ആലോചിച്ച ശേഷമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. "ഈ നീക്കം വിവാഹ ചടങ്ങിനെ മദ്യ വിമുക്തമാകുമെന്ന് വിശ്വസിക്കുന്നു” ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് മഹിപാൽ റാവത്ത് പറഞ്ഞു. കഴിഞ്ഞ വർഷം, സംസ്ഥാനത്തെ താരോളി ബ്ലോക്കിലെ ചമോലിയിലെയും, പിത്തോറഗർഹിലെ ദിദിഹാത്ത് ഡിവിഷനിലെയും വനിതകൾ അവരുടെ ഗ്രാമങ്ങളിലെ മദ്യ ഉപഭോഗം നിരോധിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടിരുന്നു. ഇത്തരം മദ്യ വിരുദ്ധ പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് പതിവായി നടക്കുന്നുണ്ട്.  

സംസ്ഥാനത്തെ മലയോരമേഖലകളിൽ മദ്യപാനം ഒരിക്കലും ഒരു പതിവായിരുന്നില്ല. എന്നാൽ നഗരവൽക്കരണം കാരണം ഇന്ന് ഗ്രാമീണ ആഘോഷങ്ങളിൽ അത് ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നായി മാറുകയാണ്. ഇത് പലപ്പോഴും കലഹത്തിനും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിനും ഇടയാക്കുന്നുവെന്ന് റാവത്ത് പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയുമെന്നും, ആചാരങ്ങളിലും സംസ്കാരത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർഹിക പീഡനം, സ്ത്രീകളോട് മോശമായി പെരുമാറുക, ശത്രുത തുടങ്ങിയ കേസുകൾ വർദ്ധിച്ചുവരികയാണെന്ന് റാവത്ത് ചൂണ്ടിക്കാട്ടി.  

ഇത് പാവപ്പെട്ട കുടുംബങ്ങൾക്കുമേൽ ഒരുതരം സാമൂഹിക സമ്മർദ്ദമായി മാറുകയാണ്. ഗ്രാമത്തിലെ മറ്റുള്ളവർ അത് ചെയ്യുമ്പോൾ, തങ്ങളുടെ പെൺമക്കളുടെ വിവാഹത്തിനും അത്തരം പാർട്ടികൾ നടത്തണം എന്നവർ ചിന്തിക്കുന്നു. ഈ നീക്കം തടയാനാണ് പൊലീസുകാർ ശ്രമിക്കുന്നത്. വധുക്കൾക്ക് പാരിതോഷികം നൽകുന്നത് ഒരു മാതൃകയാക്കുകയും, ആ പ്രതിഫലം ലഭിക്കാൻ അത്തരം പാർട്ടികൾ വേണ്ടെന്ന് വയ്ക്കാൻ ആളുകൾ തീരുമാനിക്കുകയും ചെയ്യുമെന്ന് റാവത്ത് പറഞ്ഞു.

(ചിത്രം: പ്രതീകാത്മകം)