ചിദംബരത്തിന് മേൽ കുരുക്കുകൾ മുറുകുകയാണ്. INX മീഡിയ കേസിൽ ഇന്നലെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു. ഇന്ന് സുപ്രീം കോടതിയും ജാമ്യഹർജി കേൾക്കാൻ വിസമ്മതിച്ചു. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥർ ദില്ലിയിലെ ചിദംബരത്തിന്റെ വസതിയിൽ അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ വേണ്ടി കയറിയിറങ്ങുകയാണ്.  2007 -ൽ ചിദംബരത്തിന്റെ മകന്റെ പേരിലുള്ള INX മീഡിയ എന്ന കമ്പനി സ്വീകരിച്ച ചില വിദേശ നിക്ഷേപങ്ങളിൽ അഴിമതിയും നിയമലംഘനവും കള്ളപ്പണം വെളുപ്പിക്കലും ഒക്കെ നടന്നിട്ടുണ്ട് എന്ന ആരോപണത്തിന്മേലാണ് ഇപ്പോൾ സിബിഐ ചിദംബരത്തെ വിടാതെ പിന്നാലെ കൂടിയിരിക്കുന്നത്. 

ജാമ്യം നിഷേധിക്കവേ ഹൈക്കോടതി ചിദംബരത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കുകൾ ഒട്ടും ആശാവഹമല്ല. 'കിംഗ് പിൻ', 'മുഖ്യ ഗൂഢാലോചനക്കാരൻ' എന്നൊക്കെയുള്ള പദങ്ങളാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കോടതി ഉപയോഗിച്ചത്. പത്തുവർഷക്കാലത്തെ യുപിഎ സർക്കാരുകളുടെ ഭരണകാലത്തെ ആഭ്യന്തര ധനകാര്യവകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന  ഉഗ്രപ്രതാപിയായ ഒരു മന്ത്രിയായിരുന്നു ചിദംബരം. അദ്ദേഹത്തിനെതിരെയുള്ള സിബിഐയുടെ ഈ വേട്ടയാടൽ, ബിജെപി നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് എന്നാണ് കോൺഗ്രസ് വാദിക്കുന്നത്.  സംഭവവശാൽ, ഇതേ ആരോപണങ്ങൾ തന്നെയാണ് പത്തുവർഷം മുമ്പ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി, രാജ്യം ഭരിച്ചിരുന്ന മൻമോഹൻ സിങ്ങ് സർക്കാരിനെതിരെയും ഉന്നയിച്ചിരുന്നത്. 


അന്ന് അമിത് ഷാ ഗുജറാത്ത് സർക്കാരിൽ മന്ത്രിയായിരുന്നു. അദ്ദേഹത്തിനെതിരെ സിബിഐ സൊഹ്റാബുദ്ദീൻ വധക്കേസിൽ കൊണ്ടുപിടിച്ച അന്വേഷണം നടത്തുന്ന കാലം. അറുപതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ പോലീസ് കസ്റ്റഡിയിൽ കഴിയവെ 2005-ലാണ് കൊല്ലപ്പെടുന്നത്. മന്ത്രിയായിരുന്ന അമിത് ഷായുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ കൊലപാതകം നടത്തിയത് എന്നായിരുന്നു ആക്ഷേപം. സുപ്രീം കോടതി ഈ കേസ് സിബിഐക്ക് വിടുന്നത് 2010-ലാണ്. അന്ന് പി ചിദംബരം കേന്ദ്രത്തിൽ മന്ത്രിയാണ്. 

അന്വേഷണം തുടങ്ങി വെറും ആറുമാസത്തിനകം. 2010 ജൂലൈയിൽ, അമിത് ഷായെ സിബിഐ അറസ്റ്റു ചെയ്യുന്നു അന്ന്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ അങ്ങനെ നാനാവിധ വകുപ്പുകളും അമിത് ഷായ്ക്കുമേൽ ചാർത്തപ്പെടുന്നു.  ഒരു കാരണവശാലും ജാമ്യം കിട്ടരുത് എന്ന വാശിയോടെ അന്ന് സിബിഐ അമിത് ഷായ്‌ക്കെതിരെ കോടതിയിൽ വാദിച്ചു. സംസ്ഥാനത്തെ അധികാരമുപയോഗിച്ച് ഷാ സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിക്കും എന്നായിരുന്നു ആരോപണം. 

അറസ്റ്റുചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ ബിജെപി ആസ്ഥാനത്ത് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി താൻ നിരപരാധിയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. തനിക്കുമേൽ ചാർത്തപ്പെട്ട ആരോപണങ്ങളൊക്കെയും കെട്ടിച്ചമച്ചതാണ്, ഒക്കെ ചിദംബരത്തിന്റെ ഗൂഢാലോചനകളാണ് എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് അന്ന് ഷാ ഉയർത്തിയത്. 

അറസ്റ്റുചെയ്ത് മൂന്നു മാസങ്ങൾക്കു ശേഷം, 2010  ഒക്ടോബർ 29-നാണ്, ഗുജറാത്ത് ഹൈക്കോടതി അമിത് ഷായ്ക്ക് ജാമ്യം അനുവദിക്കുന്നത്. തൊട്ടടുത്ത ദിവസം സിബിഐ വീണ്ടും ഹൈക്കോടതിയിൽ ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ ബെഞ്ചിനെ സമീപിക്കുന്നു. അന്നുതന്നെ ഗുജറാത്തിൽ പ്രവേശിക്കുന്നതിൽ നിന്നും അമിത് ഷായെ വിലക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് സമ്പാദിക്കുന്നു. ഒന്നും രണ്ടും ദിവസമല്ല, രണ്ടു വർഷത്തേക്ക്..! 

അന്ന് അമിത് ഷാ, കോൺഗ്രസ് പാർട്ടിക്കും വിശിഷ്യാ പി ചിദംബരത്തിനുമെതിരെ അധികാരം ദുർവിനിയോഗം നടത്തിയതിന്റെയും, സിബിഐയെ ഗവണ്മെന്റിന്റെ ചാട്ടവാറായി രാഷ്ട്രീയ വൈരം തീർക്കാൻ ഉപയോഗിക്കുന്നതിന്റെയും പേരിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. 2014-ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷമാണ്  കോടതി ആ കേസിൽ അമിത് ഷായെ കുറ്റവിമുക്തനാക്കുന്നത്. 

അന്ന് അമിത് ഷാ ആയിരുന്നു ഇരയുടെ സ്ഥാനത്ത്, വേട്ടക്കാരൻ പി ചിദംബരവും. ഇന്ന് ഇരയും വേട്ടക്കാരനും പരസ്പരം  ഇരിപ്പിടങ്ങൾ മാറിയിരിക്കുന്നു. വേട്ടയ്ക്കുള്ള ചാട്ടവാർ, അതുമാത്രം അന്നുമിന്നും സിബിഐ തന്നെ.