സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഭൂകമ്പം ഉണ്ടായത്.

ഭൂകമ്പത്തിനിടയിൽ രക്ഷപ്പെടാനായി കുടുംബാംഗങ്ങൾ ഓടുന്നതിനിടയിൽ ഭക്ഷണമേശയ്ക്ക് അരികിലേക്ക് ഓടിയെത്തി ഭക്ഷണം കഴിക്കാൻ തിരക്കുകൂട്ടുന്ന ബാലന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

ജൂൺ 23 -നാണ് തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ക്വിങ്‌യുവാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ ഭൂകമ്പത്തിനിടയിൽ ഒരു ചൈനീസ് കുടുംബത്തിൽ നടന്ന രസകരമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം ശ്രദ്ധയിൽ പെട്ടതും ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ച് എല്ലാവരും രക്ഷപ്പെടുന്നതിനായി സുരക്ഷിതമായ ഇടത്തേക്ക് ഓടുന്നു. പെട്ടെന്ന് ഒരു കുട്ടി മാത്രം വീണ്ടും ഭക്ഷണമേശയ്ക്ക് അരികിലേക്ക് ഓടിയെത്തി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൻറെ ബാക്കി വേഗത്തിൽ കഴിക്കുന്നു.

Scroll to load tweet…

ശേഷം അവൻ ഒരു പാത്രത്തിലെ ഭക്ഷണവുമായി മറ്റു കുടുംബാംഗങ്ങൾക്ക് അരികിലേക്ക് ഓടുന്നു. എന്നാൽ അതേ വേഗത്തിൽ തന്നെ ആ ഭക്ഷണവുമായി തിരികെയെത്തിയ അവൻ പാത്രം മേശയിൽ വച്ച് അതുകൂടി വേഗത്തിൽ കഴിച്ച് തിരികെ ഓടുന്നതാണ് വീഡിയോയിൽ. ചുരുങ്ങിയ സമയം കൊണ്ട് തന്നെക്കൊണ്ട് കഴിക്കാൻ പറ്റുന്നതിന്റെ പരമാവധി കഴിച്ചിട്ടാണ് ആശാൻ ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെടാനായി സുരക്ഷിതസ്ഥാനത്തേക്ക് പോയത്.

ഒരു കുട്ടിക്കും അവൻറെ ഭക്ഷണത്തിനും ഇടയിൽ ഒരു ഭൂകമ്പത്തിനും സ്ഥാനമില്ല എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. @gunsnrosesgirl3 എന്ന എക്സ് അക്കൗണ്ട് ഹോൾഡറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ വേഗത്തിൽ വൈറലായ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചിരി പടർത്തി.