''റോഡുകള്‍ കോണ്‍ക്രീറ്റ് ആയതിനാല്‍ ഞങ്ങള്‍ക്ക് അതിനെ കാലടിപ്പാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വനമേഖലയില്‍ ഒരു കൂട് സ്ഥാപിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്, ''ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ദിക്ഷ ഭണ്ഡാരി പറഞ്ഞു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീണ്ടും പുലി ഇറങ്ങി. രാജ് നഗര്‍ പ്രദേശത്താണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പുലി നിരത്തിലൂടെ നടന്ന് നീങ്ങിയത് പ്രദേശത്തുള്ള ക്യാമറയില്‍ പതിഞ്ഞത്. ഇതോടെ പ്രദേശവാസികള്‍ ഭയപ്പാടിലാണ്. രാജ് നഗറിലെ സെക്ടര്‍ 13 -ലുള്ള ഒരു വീടിന്റെ സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ബുധനാഴ്ച രാവിലെയാണ് വീട്ടുടമ അരിഹന്ത് ജെയിന്‍ അതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയും, റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനെ അറിയിക്കുകയും ചെയ്തു.

Scroll to load tweet…

സംഭവത്തെ തുടര്‍ന്ന്, വനം വകുപ്പ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ അതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വനം വകുപ്പ് ഇപ്പോള്‍ സമീപ പ്രദേശങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പ്രദേശത്ത് പുലിയെ കാണുന്നത്. പുലി ഇപ്പോഴും പരിസരത്ത് തന്നെ ഉണ്ടാകുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. ഇത് താമസക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ നിരവധി താമസക്കാര്‍ പുലിയെ നിരീക്ഷിക്കാനായി സ്വകാര്യ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, പുള്ളിപ്പുലി സ്ഥലം വിട്ടിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. ''റോഡുകള്‍ കോണ്‍ക്രീറ്റ് ആയതിനാല്‍ ഞങ്ങള്‍ക്ക് അതിനെ കാലടിപ്പാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വനമേഖലയില്‍ ഒരു കൂട് സ്ഥാപിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്, ''ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ദിക്ഷ ഭണ്ഡാരി പറഞ്ഞു. രാത്രിയില്‍ വീടിന് പുറത്തിറങ്ങരുതെന്നും വാതിലടച്ച് അകത്തിരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പുള്ളിപ്പുലിയുടെ നീക്കത്തെക്കുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കാത്തത് ആളുകളെ ആശങ്കയിലാഴ്ത്തുന്നു. പലരും കുട്ടികളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. പുലി പ്രദേശത്ത് നിന്ന് പോയെന്ന് ഉറപ്പുവരുത്തുന്നത് വരെ പ്രദേശത്ത് ജാഗ്രത തുടരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.