ടെക് മേഖലയോടും ജോലിയോടുമുള്ള ഷോൺലെയുടെ ഇഷ്ടവും അഭിനിവേശവും എല്ലാം അവരുടെ പോസ്റ്റിൽ വ്യക്തമാണ്.
ഹ്യൂമൻവാന്റേജ് എഐയുടെ സ്ഥാപകയും സിഇഒയുമായ ഡാവിന ഷോൺലെയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തന്റെ കുഞ്ഞുമായി 'ലണ്ടൻ ടെക്ക് വീക്കി'ൽ പങ്കെടുക്കാൻ എത്തിയതിന്റെ അനുഭവമാണ് അവർ വിവരിക്കുന്നത്.
കുഞ്ഞുമായി ചെന്നതിന് തനിക്ക് ലണ്ടൻ ടെക് വീക്കിൽ പ്രവേശനം നിഷേധിച്ചു എന്നാണ് ഡാവിന ഷോൺലെ തന്റെ കുറിപ്പിൽ പറയുന്നത്. ടെക് ഇൻഡസ്ട്രിയിൽ എങ്ങനെയാണ് ആളുകളെ ഉൾക്കൊള്ളുന്നത്, ജോലി ചെയ്യുന്ന അമ്മമാരുടെ അനുഭവം എങ്ങനെയാണ് എന്നതിനെ കുറിച്ചെല്ലാം ചർച്ചകൾ ഉയരാൻ ഷോൺലെയുടെ പോസ്റ്റ് കാരണമായി തീർന്നു.
യുകെയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ലണ്ടൻ ടെക് വീക്കിൽ നിന്നും ഒരു കൈക്കുഞ്ഞുണ്ട് എന്ന കാരണം കൊണ്ട് തന്നെ മാറ്റിനിർത്തിയതിലുള്ള നിരാശയും അവർ തന്റെ പോസ്റ്റിൽ പങ്കുവയ്ക്കുന്നു.
'ഇത് എഴുതേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ഷോൺലെ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. 'ഇന്ന് ലണ്ടൻ ടെക് വീക്കിൽ എനിക്ക് പ്രവേശനം നിഷേധിച്ചു... കാരണം എന്റെ കുഞ്ഞ് എന്റെ കൂടെയുണ്ടായിരുന്നു. ലണ്ടനിലേക്ക് വരണമെങ്കിൽ എനിക്ക് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യണമെന്നും അവർ കുറിക്കുന്നു. ആ സമയത്ത് മകളുമായി അകന്നിരിക്കുക പ്രയാസമായതിനാലാണ് താനവളെ കൂടെ കൂട്ടിയതെന്നും അവളെ കൂടെ നിർത്തിത്തന്നെ തന്റെ കമ്പനി കെട്ടിപ്പടുക്കാൻ തനിക്ക് കഴിയേണ്ടതുണ്ട് എന്നും ഷോൺലെ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ടെക് മേഖലയോടും ജോലിയോടുമുള്ള ഷോൺലെയുടെ ഇഷ്ടവും അഭിനിവേശവും എല്ലാം അവരുടെ പോസ്റ്റിൽ വ്യക്തമാണ്. ഇത്തരം പരിപാടികളിൽ ഏറെ ആവേശത്തോടെയാണ് താൻ പങ്കെടുക്കാറുള്ളത് എന്നും അവർ പറയുന്നു. ടെക് രംഗം കുറച്ചുകൂടി ആളുകളെ ഉൾക്കൊള്ളുന്ന തരത്തിലുള്ളതായി മാറണം എന്നും അവർ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
മാതാപിതാക്കൾ ഈ എക്കോസിസ്റ്റത്തിന്റെ ഭാഗമാണ്. ലണ്ടൻ ടെക് വീക്ക് പോലുള്ള പ്രധാന പരിപാടികളിൽ ഞങ്ങൾക്ക് ഇടം നൽകാൻ കഴിയുന്നില്ലെങ്കിൽ, സാങ്കേതികവിദ്യയിൽ ആരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് എന്ത് സന്ദേശമാണ് അത് നൽകുന്നത് എന്നും പോസ്റ്റിൽ ഷോൺലെ ചോദിക്കുന്നു.
അനേകങ്ങളാണ് ഷോൺലെയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഷോൺലെയെ പിന്തുണച്ച് കൊണ്ട് അനേകങ്ങളാണ് പോസ്റ്റ് റീപോസ്റ്റ് ചെയ്തിരിക്കുന്നതും.


