ഓരോ വര്‍ഷം കഴിയുന്തോറും വിദ്യാഭ്യാസത്തിന് ചെലവ് കൂടുകയാണ്. പ്രതിവര്‍ഷം 50 ലക്ഷം രൂപയോളം വരുമാനമുള്ളവര്‍ക്ക് മാത്രമേ അന്താരാഷ്ട്രാ നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാന്‍ കഴിയൂവെന്ന് യുവാവിന്‍റെ വെളിപ്പെടുത്തല്‍. 

ഗരപ്രദേശങ്ങളിൽ ഒരു കുഞ്ഞിനെ വളർത്താൻ പ്രതിവർഷം ലക്ഷങ്ങൾ ചെലവാകുന്നുവെന്ന മുംബൈ സ്വദേശിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു. അങ്കുർ ജാവേരി എന്ന വ്യക്തിയാണ് തന്‍റെ ലിങ്ക്ഡിൻ കുറിപ്പിലൂടെ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. ഒരു ഇൻറർനാഷണൽ സ്കൂളിൽ പഠിപ്പിക്കുന്ന തന്‍റെ ബന്ധുവിൽ നിന്ന് കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മെട്രോപൊളിറ്റൻ നഗരത്തിൽ ഒരു കുട്ടിയെ വളർത്തുന്നതിന്‍റെ ചെലവ് 13 ലക്ഷത്തോളം രൂപയാണെന്ന് ഇദ്ദേഹം സമൂഹ മാധ്യമത്തിലെഴുതിയത്.

ഒരു അന്താരാഷ്ട്ര സ്കൂളിലെ പഠന ചെലവ് മാത്രം പ്രതിവർഷം 7 മുതൽ 9 ലക്ഷം രൂപ വരെയാകുമെന്ന് ജാവേരിയുടെ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ യൂണിഫോമുകൾ, പുസ്തകങ്ങൾ, സ്വകാര്യ ട്യൂഷനുകൾ, സ്കൂൾ ബസ് ഫീസ് എന്നിവയുടെ ചെലവ് കണക്കാക്കിയാൽ പ്രതിവർഷം 2 മുതൽ 4 ലക്ഷം വരെ ആകുമെന്നും ഇദ്ദേഹം പറയുന്നു. ഇങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവ് മാത്രം 12 ലക്ഷം രൂപ ആകുമെന്നാണ് ജാവേരിയുടെ അഭിപ്രായം.

കൂടാതെ അധികമായി വരുന്ന മറ്റ് ചിലവുകളെ കുറിച്ചും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ, വസ്ത്രങ്ങൾ, ജന്മദിന പാർട്ടികൾ, വിനോദ ചെലവുകൾ മുതലായവയും കൂടി ചേർത്താൽ പ്രതിവർഷം ഒരു ലക്ഷം രൂപ ഈ കാര്യങ്ങൾക്ക് ചെലവാകും. ഇങ്ങനെ ഒരു വർഷം ഒരു കുട്ടിക്ക് മൊത്തം 13 ലക്ഷം രൂപ വരുമെന്ന് കണക്കുകൾ നിരത്തി അങ്കുർ ജാവേരി വിശദീകരിക്കുന്നു.

ഒരു രക്ഷിതാവ് അവരുടെ വരുമാനത്തിന്‍റെ ഏകദേശം 30 % കുട്ടിക്കായി ചെലവഴിക്കുകയാണെങ്കിൽ, പ്രതിവർഷം മൊത്തം ശമ്പളം ഏകദേശം 43 - 44 ലക്ഷം രൂപയായിരിക്കണമെന്നും ജാവേരി ചൂണ്ടിക്കാണിക്കുന്നു. നികുതികൾ കൂടി ഉൾപ്പെടുത്തുമ്പോൾ, ഈ കണക്ക് കൂടുതൽ വർദ്ധിക്കും. ഇത് ഒരു കുട്ടിയുടെ മാത്രം ചെലവാണെന്നും ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർ പ്രതിവർഷം ചെലവഴിക്കേണ്ടി വരുന്ന തുക ഇതിന്‍റെ ഇരട്ടികൾ ആയിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ഈ കാലത്ത് ആളുകൾ കുട്ടികളെയുണ്ടാകാൻ ഇഷ്ടപ്പെടാത്തതെന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ഇപ്പോൾ അതിന്‍റെ ഉത്തരം തനിക്ക് കിട്ടിയെന്നും പറഞ്ഞു കൊണ്ടാണ് ജാവേരി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത് താൻ കണ്ടെത്തിയ ഏകദേശം കണക്കാണെന്നും കുട്ടികൾ ഉള്ളവർ അവരുടെ വിദ്യാഭ്യാസത്തിനായി പ്രതിവർഷം എത്ര രൂപ ചെലവാകുമെന്ന് പറയാമോയെന്നും അങ്കൂർ അഭ്യാര്‍ത്ഥിച്ചു. കുറിപ്പ് കണ്ട നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളും നിരീക്ഷണവും പങ്കുവച്ചു. ഇതോടെ കുറിപ്പ് നിരവധി പേര്‍ കാണുകയും അത് വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിടുകയും ചെയ്തു. നിരവധി മാതാപിതാക്കൾ അങ്കൂറിനെ നിരീക്ഷണത്തെ പിന്താങ്ങി. എന്നാല്‍, മെട്രോ നഗരങ്ങളിലെ പ്രീമിയം വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കാണ് വിദ്യാഭ്യാസത്തിന് അത്രയും വലിയ തുക ചെലവാക്കേണ്ടി വരുന്നത് മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു.