Asianet News MalayalamAsianet News Malayalam

പത്രപ്രവർത്തകനെ മാവോയിസ്റ്റെന്ന് ചാപ്പകുത്തി, യുഎപിഎ ചുമത്തി ഛത്തീസ്ഗഢ് പൊലീസ്, നാലുവർഷത്തിനിപ്പുറം മോചനം

ഈ വ്യാജകേസുകൾക്കൊക്കെയും ഒരേ പാറ്റേൺ ആണുള്ളത്. ജാമ്യംപോലും കിട്ടാത്ത കരിനിയമങ്ങളും ചുമത്തി നിരപരാധികളായവരെ അറസ്റ്റു ചെയ്യുക, അവരെ ജയിലിലിട്ട് കൊടിയ മർദ്ദനങ്ങൾക്കും, അപമാനങ്ങൾക്കും വിധേയരാക്കുക. 

Chathisgarh police frames journalist in a Maoist ambush, charges UAPA, he gets acquitted by court after four years
Author
Bastar, First Published Jan 4, 2020, 6:45 PM IST

നാലു വർഷം. മൂന്നുമാസം. ഇത്രയും കാലമാണ് സന്തോഷ് യാദവ് എന്ന പത്രപ്രവർത്തകന് താനൊരു മാവോയിസ്റ്റല്ല എന്ന് തെളിയിക്കാൻ, തന്റെ നിഷ്കളങ്കത്വം പൊലീസിനെയും നാട്ടിലെ ഗവൺമെന്റിന്റെയും കോടതിയെയും ബോധ്യപ്പെടുത്താൻ എടുത്തത്. നാട്ടിൽ അദ്ദേഹത്തിന് മാവോയിസ്റ്റ് എന്ന ചാപ്പ കുത്തപ്പെട്ടുകഴിഞ്ഞു. ഒരു മാവോയിസ്റ്റ് ആക്രമണത്തിൽ പങ്കെടുത്തു എന്ന കുറ്റം ചുമത്തി 2015 -ൽ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റു ചെയ്ത സന്തോഷ് യാദവ്,  ഇത്രയും കാലം നീണ്ടുനിന്ന വിചാരണക്കൊടുവിൽ, കഴിഞ്ഞ ദിവസമാണ് ജഗ്ദൽപൂർ കോടതിയിൽ നിന്ന് കുറ്റവിമുക്തനായി പുറത്തിറങ്ങിയത്. 

" ഒടുക്കം, ഇപ്പോഴെങ്കിലും ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞുവല്ലോ. എനിക്ക് അതിൽ വലിയ സന്തോഷം തോന്നുന്നുണ്ട്. കഴിഞ്ഞ നാലുവർഷം കൊടിയപീഡനങ്ങളിലൂടെയാണ് എനിക്ക് കടന്നുപോകേണ്ടി വന്നതെങ്കിലും..! " ജഡ്ജിയിൽ നിന്ന് വാക്കാലുള്ള ഉത്തരവ് കിട്ടിയപ്പോൾ തന്നെ സന്തോഷ് പറഞ്ഞു." ഞാൻ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത് ദർഭയിൽ നിന്നാണ്. എന്റെ വാർത്തകൾ പലർക്കും അലോസരം സൃഷ്ടിച്ചിരുന്നു. അസൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ആ അസൗകര്യങ്ങൾ എന്നെന്നേക്കുമായി ഒഴിവാക്കാനും, എന്റെ പത്രപ്രവർത്തന കരിയർ കുളം തോണ്ടാനും വേണ്ടിയാണ് പൊലീസ് എന്റെ മേൽ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അറസ്റ്റു ചെയ്യുന്നത്" യാദവ് സ്ക്രോള്‍ ഡോട്ട് ഇന്‍(scroll.in) നോട് പറഞ്ഞു

നവഭാരത് എന്ന പത്രത്തിന്റെ സ്ട്രിങ്ങർ ആയിരുന്നു യാദവ്. മാവോയിസ്റ്റുകൾക്ക് സ്വാധീനം ഏറെയുള്ള ബസ്തർ ജില്ലയിലായിരുന്നു ദർഭ. ഇവിടെ മാവോയിസ്റ്റ് ഗറില്ലകളും സർക്കാരിന്റെ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സും തമ്മിലുള്ള നിരന്തര പോരാട്ടങ്ങൾക്കിടയിലേക്ക് സാധാരണക്കാർ വലിച്ചിഴക്കപ്പെടുക പതിവാണ്. ഗ്രാമത്തിലെ അഞ്ചു കുട്ടികളെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഗ്രാമീണർക്ക് പറയാനുള്ളത് കേട്ട്, അത് റിപ്പോർട്ട് ചെയ്തതാണ് പൊലീസിനെ ചൊടിപ്പിച്ചത്.  അതോടെ യാദവിനെ കുടുക്കാൻ ഒരു അവസരം പാർത്തിരിപ്പായി അവർ. അധികം താമസിയാതെ അവർ തങ്ങളുടെ ഗൂഢാലോചന നടപ്പിലാക്കി, യാദവിനെ അറസ്റ്റുചെയ്തു. 

Chathisgarh police frames journalist in a Maoist ambush, charges UAPA, he gets acquitted by court after four years

2015  ഓഗസ്റ്റ് 21 -ന് നടന്ന ഒരു മാവോയിസ്റ്റ് ആക്രമണത്തിൽ യാദവും പങ്കുചേർന്നു എന്നായിരുന്നു പൊലീസിന്റെ ആരോപണം. ആ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എഫ്‌ഐആറിൽ സന്തോഷ് യാദവിന്റെ പേര് ചേർത്ത പൊലീസ് അതീവ ഗുരുതരമായ കുറ്റങ്ങളും ചുമത്തി. മാരകായുധങ്ങളുമായി കലാപമുണ്ടാക്കാൻ ശ്രമിച്ചു, നിയമവിരുദ്ധമായി സംഘം ചേർന്നു, ആളുകളെ തടഞ്ഞു വെക്കാൻ ശ്രമിച്ചു, കൊലപാതകം നടത്താൻ ശ്രമിച്ചു, പൊതുജനമധ്യേ ബഹളം വെച്ചു, ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുചേർന്നു എന്നിങ്ങനെ പലതും. എന്നാൽ പൊലീസ് ചെയ്ത മറ്റൊരു അക്രമമാണ് സന്തോഷ് യാദവിന്റെ വിചാരണത്തടവിൽ നിന്നുള്ള റിലീസ് ഇത്രയും വൈകിച്ചത്. അവർ യാതൊരു തെളിവും കൂടാതെ തന്നെ യാദവിനുമേൽ യുഎപിഎ അഥവാ അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്റ്റ് (UAPA) എന്ന കരിനിയമം ചുമത്തി. അതിനുപുറമെ ഛത്തീസ്ഗഢ് സ്‌പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന മറ്റൊരു വിശേഷനിയമവും. 

എന്നാൽ സന്തോഷ് യാദവിനെതിരെ പരാതി നൽകിയ സെക്യൂരിറ്റി ഓഫീസർക്ക് പിന്നീടുനടന്ന തിരിച്ചറിയൽ പരേഡിൽ യാദവിനെ തിരിച്ചറിയാനായില്ല. ആ ഒരൊറ്റ പരാതിയുടെ പിൻബലത്തിലായിരുന്നു എഫ്‌ഐആർ ഇട്ടതും യാദവിനെ ഇത്രയും കാലം വിചാരണയ്ക്കായി ജയിലിൽ പാർപ്പിച്ചതും. പൊലീസ് ഹാജരാക്കിയ സാക്ഷികളിൽ തൊണ്ണൂറു ശതമാനവും പൊലീസ് പാർട്ടി തന്നെയായിരുന്നു എന്നതുകൊണ്ട് അവയൊക്കെ കോടതിയിൽ തള്ളിപ്പോയി. ആ കേസുമായി ബന്ധപ്പെട്ട പൊലീസ് കുറ്റം ചുമത്തിയിരുന്ന യാദവ് അടക്കമുള്ള പതിനെട്ടുപേർ തെളിവുകൾ യാതൊന്നും ഹാജരാക്കാൻ പൊലീസിന് കഴിയാത്തതിന്റെ പേരിൽ കോടതിയിൽ കുറ്റവിമുക്തരാക്കപ്പെട്ടു. 

വിചാരണ എന്ന ദുരിതകാലം 

ഒരു വർഷമെടുത്തു പൊലീസിന് ഈ കേസിൽ യാദവിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ. ജഗ്ദൽപൂർ ജയിലിൽ കഴിയവേ പൊലീസിന് യാദവിനോടുണ്ടായിരുന്ന സകല വിരോധവും അവർ തീർത്തു. ദിവസങ്ങളോളം രാപ്പകൽ യാദവ് കൊടിയ മർദ്ദനങ്ങൾക്ക് വിധേയനാക്കപ്പെട്ടു. ജയിലിലെ ഭക്ഷണം മെച്ചപ്പെടുത്തണം എന്നും വായിക്കാൻ വല്ലതും തരണം എന്നും ആവശ്യപ്പെട്ടതിന്റെ പേരിൽ, ദിവസങ്ങളോളം ഒറ്റയ്ക്ക് ഒരു സെല്ലിൽ വെട്ടവും വെളിച്ചവുമില്ലാതെ പാർപ്പിച്ച് അദ്ദേഹത്തിനെ അവർ മാനസികമായി പീഡിപ്പിച്ചു. സ്വന്തം വീട്ടിനടുത്തുള്ള ജയിലിൽ നിന്ന് പൊലീസ് യാദവിനെ 160 കിലോമീറ്റർ അകലെയുള്ള കങ്കർ ജയിലിലേക്ക് മാറ്റി. ഭാര്യയും മൂന്നുകുട്ടികളും ഒക്കെ യാദവിനെ കാണാൻ വേണ്ടി പരമാവധി ബുദ്ധിമുട്ടട്ടെ എന്ന ഒരൊറ്റ വാശി മാത്രമായിരുന്നു കാരണം. 

Chathisgarh police frames journalist in a Maoist ambush, charges UAPA, he gets acquitted by court after four years

ജഗ്ദൽപൂർ എൻഐഎ കോടതിയിൽ രണ്ടുതവണ യാദവിന്റെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു. ഒരിക്കൽ ബിലാസ്പുർ ഹൈക്കോടതിയിലും അതുതന്നെ സംഭവിച്ചു. ഒടുവിൽ 2017 -ൽ സുപ്രീം കോടതിയിൽ നിന്നാണ് അദ്ദേഹത്തിന് ജാമ്യം കിട്ടിയത്. എല്ലാ ദിവസവും ദർഭ സ്റ്റേഷനിൽ ചെന്ന് ഒപ്പിടണം എന്നതാണ് ജാമ്യത്തിന്റെ വ്യവസ്ഥ. എന്നും പൊലീസ് സ്റ്റേഷനിൽ ചെന്ന് അവിടത്തെ പൊലീസുകാരുടെ പരിഹാസം ഏറ്റുവാങ്ങുകയായിരുന്നു ഇതുവരെ അദ്ദേഹം. ഈ ഒരു ജാമ്യവ്യവസ്ഥ പാലിച്ചുകൊണ്ട് ഒരിക്കലും ഒരു ഫുൾടൈം ജേർണലിസ്റ്റ് ആയി പ്രവർത്തിക്കാൻ തനിക്ക് സാധിക്കുമായിരുന്നില്ല എന്നദ്ദേഹം പറഞ്ഞു. 

മാവോയിസ്റ്റുകളും പൊലീസും  പരസ്പരം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പോരാടിക്കൊണ്ടിരിക്കുന്ന ബസ്തറിൽ ആ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ജേർണലിസ്റ്റുകൾ ഇരുപക്ഷത്തിന്റെയും കണ്ണിലെ കരടായിരുന്നു എന്നും. എസ്ആർപി കല്ലൂരി എന്ന പൊലീസ് ഓഫീസർ ഐജിയായി ചാർജെടുത്ത വന്നപ്പോഴാണ് ജേർണലിസ്റ്റുകൾക്കെതിരെ പൊലീസ് തുടർച്ചയായ കള്ളക്കേസുകൾ ചുമത്താൻ തുടങ്ങിയത്. അക്കൊല്ലം യാദവിന്‌ പുറമെ, സോമാരു നാഗ്, പ്രഭാത് സിംഗ്, ദീപക് ജയ്‌സ്വാൾ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അവർക്കു എംഎൽഎയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്. 

Chathisgarh police frames journalist in a Maoist ambush, charges UAPA, he gets acquitted by court after four years

 

ഛത്തീസ്ഗഢിൽ നിന്ന് റിപ്പോർട്ടുചെയ്യപ്പെടുന്ന ഈ വ്യാജകേസുകൾക്കൊക്കെയും ഒരേ പാറ്റേൺ ആണുള്ളത്. കൊട്ടിഘോഷിക്കപ്പെട്ട ചാർജുകളുമായി, ജാമ്യംപോലും കിട്ടാത്ത കരിനിയമങ്ങളും ചുമത്തി നിരപരാധികളായവരെ അറസ്റ്റു ചെയ്യുക, കുറ്റപത്രവും വിചാരണയും പരമാവധി വൈകിക്കുക. ജാമ്യം കഴിയുന്നത്രകാലം നിഷേധിച്ച് അവരെ ജയിലിലിട്ട് കൊടിയ മർദ്ദനങ്ങൾക്കും, അപമാനങ്ങൾക്കും വിധേയരാക്കുക. എന്നിട്ട് ഒരു തെളിവുപോലും ഹാജരാക്കാനാകാതെ കോടതിയിൽ കേസ് നിലനിൽക്കാതെ വരുമ്പോൾ അത് അവിടെ വെച്ച് അവസാനിപ്പിക്കുക. തങ്ങൾ നിഷ്കളങ്കരാണ് എന്ന് തെളിയിക്കേണ്ട ബാധ്യത എന്നും കുറ്റം ചുമത്തപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്നവരുടേത് മാത്രമാകും. അത് ചെയ്തുവരുമ്പോഴേക്കും തങ്ങളുടെ ജീവിതങ്ങളിൽ നിന്ന് അവർ പടിയിറക്കപ്പെട്ടിട്ടുണ്ടാകും, കുടുംബ ജീവിതത്തിലെ വിലപ്പെട്ട എത്രയോ വർഷങ്ങൾ  അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നുമാത്രം.  അവർക്ക് ഒരിക്കലും പിന്നെ പഴയപോലെയാകാൻ സാധിച്ചെന്നുവരില്ല..! 

 

Follow Us:
Download App:
  • android
  • ios