ഒരിക്കൽ പ്രീ-സ്കൂളിനെക്കുറിച്ചും അവന് സഞ്ചരിക്കാൻ അനുവദിച്ച സ്ഥലങ്ങളെക്കുറിച്ചും മനസ്സിലാക്കി കഴിഞ്ഞപ്പോൾ പിന്നെ എന്നും രാവിലെ പാർക്കിംഗ് സ്ഥലത്ത് അവൻ ഹാജരാകുമായിരുന്നു. തുടർന്ന് ചായസമയത്തും ഉച്ചഭക്ഷണ സമയത്തും ഹെൻറി സ്റ്റാഫ് റൂമിൽ എത്തും.
ന്യൂസിലൻഡിലെ ന്യൂസ്റ്റെഡ് കൺട്രി പ്രീസ്കൂളിലെ ട്രാഫിക് ഓഫീസർ ഒരു കോഴിയാണ്. പേര് ഹെൻറി. വെളുക്കുമ്പോൾ തന്നെ തന്റെ ഫ്ലൂറസന്റ് നിറത്തിലുള്ള യൂണിഫോം ധരിച്ച് അവൻ ട്രാഫിക് പട്രോളിംഗ് ഓഫീസറായി പാർക്കിംഗ് ഏരിയയിൽ ചുറ്റിനടക്കും. രാവിലെ എട്ട് മണിക്ക് സ്കൂൾ ആരംഭിക്കും. അതിനുമുമ്പ് ഏകദേശം 15 മിനിറ്റ് വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യാൻ അവൻ എത്തും. അത് കഴിഞ്ഞാൽ പാർക്കിംഗ് ഏരിയയിലെ കാറുകൾ പരിശോധിക്കാൻ പോകും. കാണുന്നവർക്ക് ചിരിയാണെങ്കിലും, അവൻ തന്റെ ജോലിയെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, എങ്ങനെയാണ് ഒരു കോഴി അവിടത്തെ ട്രാഫിക് ഓഫീസറായി മാറിയത് എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകും.
പ്രീസ്‌കൂളിന്റെ പ്രിൻസിപ്പലായ ട്രിഗ് 1997 -ലാണ് കുടുംബത്തോടൊപ്പം ഈ പ്രീസ്‌കൂൾ ആരംഭിച്ചത്. ട്രിഗിന്റെ കൃഷിയിടത്തോട് ചേർന്നാണ് പ്രീസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് ട്രിഗിന്റെ ജീവിതത്തിലേക്ക് ഹെൻറി ആദ്യമായി കടന്നുവന്നത്. ഒരു സുപ്രഭാതത്തിൽ ട്രിഗിന്റെ സുഹൃത്തിന്റെ സ്വീകരണമുറിയിലേക്ക് പ്രതീക്ഷിക്കാതെ കയറിവന്ന അതിഥിയായിരുന്നു ഹെൻറി. "അവൻ വളരെ ക്ഷീണിതനായിരുന്നു. അവന്റെ കൊക്ക് ചെത്തിയ പോലെയായിരുന്നു. നടക്കാൻ പോലും പ്രയാസമായിരുന്ന അവന് എന്റെ സുഹൃത്ത് ആഹാരം നൽകി. അവന് ഞങ്ങൾ നൽകിയ വറ്റല് ചീസ് ശരിക്കും ഇഷ്ടപ്പെട്ടു" ട്രിഗ് ഓർത്തു. അവനെ കാണാൻ ഞാൻ ഇടക്കിടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമായിരുന്നു. ഒടുവിൽ ട്രിഗിന്റെ കൃഷിയിടത്തിൽ അവന് ഓടിനടക്കാൻ കൂടുതൽ സൗകര്യമുണ്ടാകുമെന്ന് ഓർത്ത് ട്രിഗ് അവനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. "ആ വാരാന്ത്യത്തിൽ ഞങ്ങൾ അവനെ മറ്റ് കോഴികളോടൊപ്പം കൂട്ടിലിട്ടു. എന്നാൽ, തിങ്കളാഴ്ച പ്രീസ്‌കൂൾ തുറന്നപ്പോൾ അവൻ താമസം കാർ പാർക്കിങ് ഏരിയയിലേക്ക് മാറ്റി" അവർ പറഞ്ഞു.
അവന് കറങ്ങാൻ ട്രിഗിന്റെ 15 ഏക്കർ കൃഷിയിടമുണ്ടായിട്ടും, പ്രീ-സ്കൂളിൽ സമയം ചിലവഴിക്കാനായിരുന്നു അവന് ഇഷ്ടം. ഒരിക്കൽ പ്രീ-സ്കൂളിനെക്കുറിച്ചും അവന് സഞ്ചരിക്കാൻ അനുവദിച്ച സ്ഥലങ്ങളെക്കുറിച്ചും മനസ്സിലാക്കി കഴിഞ്ഞപ്പോൾ പിന്നെ എന്നും രാവിലെ പാർക്കിംഗ് സ്ഥലത്ത് അവൻ ഹാജരാകുമായിരുന്നു. തുടർന്ന് ചായസമയത്തും ഉച്ചഭക്ഷണ സമയത്തും ഹെൻറി സ്റ്റാഫ് റൂമിൽ എത്തും. "മേശയ്ക്കടിയിൽ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കൊത്തി തിന്നാൻ അവനിഷ്ടമാണ്. അതിന് ശേഷം വീണ്ടും ഡ്യൂട്ടിയിലേയ്ക്ക്. ഒരു ദിവസം പോലും അവൻ ജോലിയിൽ നിന്ന് അവധിയെടുക്കാറില്ലെന്ന് ട്രിഗ് പറഞ്ഞു. ട്രാഫിക് പട്രോൾ ഓഫീസർ എന്ന നിലയിൽ ഹെൻറിയുടെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ച ട്രിഗ്, ട്രാഫിക് നിയന്ത്രിക്കാൻ അവൻ മിടുക്കനാണെന്നും കൂട്ടിച്ചേർത്തു.
ഈ അസാധാരണ കോഴി സെക്യൂരിറ്റിയെക്കുറിച്ച് കീ കിഡ്സ് ന്യൂസിൽ 9 വയസ്സുള്ള ഒരു കുട്ടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹെൻറി ഒറ്റരാത്രി കൊണ്ട് പ്രശസ്തനായി. എന്നിരുന്നാലും ഈ പേരും പ്രശസ്തിയുമൊന്നും അവനെ അഹങ്കാരിയാക്കിയിട്ടില്ല എന്ന് ചിരിച്ചുകൊണ്ട് ട്രിഗ് പറയുന്നു. സെക്യൂരിറ്റിയായി ഹെൻട്രിയെ നിയമിച്ചപ്പോൾ പ്രീസ്‌കൂളിലെ രക്ഷിതാക്കളും എതിർത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. "ചില പ്രീ -സ്ക്കൂളുകൾ കാർ പാർക്കിലെ ഒരു കോഴിയെ ഒരു ശല്യമായി കണ്ടേക്കാം, പക്ഷേ മോൾക്ക് ഈ പ്രീ -സ്ക്കൂൾ വളരെ ഇഷ്ടമാണ്. കാരണം അവർ ഇതുപോലുള്ള രസകരമായ കാര്യങ്ങൾ ചെയ്യുന്നു. ഹെൻറിയുടെ കഴിവുകൾ ജീവനക്കാർ തിരിച്ചറിഞ്ഞു. ഇത് അതിശയകരമാണെന്നേ ഞാൻ പറയൂ" അവിടെ പഠിക്കുന്ന ഒരു കുഞ്ഞിന്റെ അമ്മയായ എറിൻ മക്ൽമുറെ പറഞ്ഞു.
