അതേസമയം വെറും കൈകൊണ്ട് കുട്ടികൾക്ക് പോലും ഊരിക്കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണോ ഇതിന്റെ നിർമ്മാണം, ഇതിന് എന്ത് സുരക്ഷയുണ്ട് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
പട്നയിലെ ഡബിൾ ഡെക്കർ ഫ്ലൈഓവർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെ ആശങ്ക ജനിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. പുതുതായി നിർമ്മിച്ച പാലത്തിൽ ഒരുകൂട്ടം കുട്ടികൾ ചെയ്യുന്ന വികൃതിത്തരങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഫ്ലൈ ഓവറിന്റെ കൈവരിയിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള നട്ടും ബോൾട്ടും കുട്ടികൾ ഊരി മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കാര്യത്തിന്റെ ഗൗരവം അറിയാതെ കുട്ടികൾ ചെയ്യുന്ന ഈ പ്രവൃത്തി വലിയ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് വീഡിയോയിൽ പറയുന്നത്.
പൊതു സുരക്ഷയെയും അടിസ്ഥാന സൗകര്യ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്ന ഒരു കാര്യം എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഒരു ഇൻസ്റ്റഗ്രാം യൂസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വീഡിയോയിൽ പാലത്തിലൂടെ നടന്നു പോകുന്ന ഒരുകൂട്ടം കുട്ടികൾ പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള നട്ടും ബോട്ടും ഇളക്കി മാറ്റുന്നതാണ് ദൃശ്യങ്ങളിൽ. വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ കുട്ടികൾ അവിടെ നിന്നും ഓടിപ്പോകുന്നു. തുടർന്ന് വീഡിയോയിൽ ഇവർ ഇളക്കിമാറ്റിയ നട്ടിന്റെയും ബോൾട്ടിന്റെയും ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പൊതു അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രവൃത്തികൾ കൂടിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ഞെട്ടലും നിരാശയും ആണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ യൂസർമാർ പ്രകടിപ്പിച്ചത്. ബീഹാറിൽ ഇത്തരം കാര്യങ്ങൾ സ്ഥിരം ആണെന്നായിരുന്നു ചിലർ കുറിച്ചത്. നല്ല രീതിയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തതു കൊണ്ടാണ് കുട്ടികൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. അല്പം കൂടി കഴിഞ്ഞാൽ അവർ ആ പാലം കൂടി മോഷ്ടിച്ചുകൊണ്ട് പോകുമെന്നും ഒരാൾ തമാശ രൂപേണ കുറിച്ചു. അതേസമയം വെറും കൈകൊണ്ട് കുട്ടികൾക്ക് പോലും ഊരിക്കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണോ ഇതിന്റെ നിർമ്മാണം, ഇതിന് എന്ത് സുരക്ഷയുണ്ട് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് , തദ്ദേശ ഭരണകൂടവും നിയമ നിർവ്വഹണ ഏജൻസികളും ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.


