വൈദ്യുതി വിതരണം നിയന്ത്രിക്കുന്നതിന് പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്ന മാതൃകയില്‍ ജലവിതരണത്തിന് വാട്ടര്‍ കട്ട് ഏര്‍പ്പെടുത്തും. ഒരു ദിവസം ഒരു പ്രദേശത്ത് മാത്രം വെള്ളം നല്‍കുന്ന വിധമാണ് റേഷനിംഗ് ഏര്‍പ്പെടുത്തുക. 

കാലാവസ്ഥാ വ്യതിയാനം അതിന്റെ ഏറ്റവും രൂക്ഷമായ നാശം വിതയ്ക്കുന്ന ചിലിയില്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും (Climate Change പാരിസ്ഥിതിക ദുരന്തങ്ങളും (Environmental disasters) എന്തുവിലകൊടുത്തും കൈകാര്യം ചെയ്യുമെന്ന വാഗ്ദാനങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല്‍ ബോറിക്കിന്റെ (Gabriel Boric) മുന്‍കൈയിലാണ് പുതിയ നീക്കം. 

13 വര്‍ഷമായി ചിലിയില്‍ മഴ പെയ്തിട്ടില്ല. കടുത്ത വരള്‍ച്ച മൂലം കൃഷി പകുതിയായി കുറഞ്ഞു. നദികള്‍ വറ്റിവരണ്ടു. ജനങ്ങള്‍ കടുത്ത ദുരിതത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, വരള്‍ച്ചയുടെ പിടിയിലമര്‍ന്ന ചിലിയില്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതിന്റെ ആദ്യ പടിയായി തലസ്ഥാനമായ സാന്റിയാഗോയിലാണ് റേഷനിംഗ് ആരംഭിക്കുക. അറുപതു ലക്ഷം പേര്‍ താമസിക്കുന്ന സാന്റിയാഗോയില്‍ നാലു ഘട്ടങ്ങളിലായി റേഷനിംഗ് ഏര്‍പ്പെടുത്താനാണ് ആലോചനയെന്ന് മേയര്‍ ക്ലോഡിയോ ഒറേഗോ പറഞ്ഞു. 491 വര്‍ഷം നീണ്ട നഗരചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴ പെയ്യുകയോ മയിപോ, മപോച്ചോ നദികളില്‍ വെള്ളം ആവശ്യത്തിനുണ്ടാവുകയോ ചെയ്താലേ ഈ സാഹചര്യത്തിന് മാറ്റമുണ്ടാവൂ. കാലാവസ്ഥാ വ്യതിയാനം കാരണം അക്കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയാണെന്നും മേയര്‍ പറയുന്നു. 

നാല് ഘട്ടങ്ങളിലായാണ് റേഷനിംഗ് ഏര്‍പ്പെടുത്തുകയെന്ന് മേയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കും. ജലസംരക്ഷണത്തെക്കുറിച്ചും ഭൂഗര്‍ഭജലം വിനിയോഗിക്കേണ്ടതിന്റെ മുന്‍ഗണനകളെക്കുറിച്ചും ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തും. അതു കഴിഞ്ഞാല്‍, പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകളുടെ ഘട്ടമാണ്. അതു കഴിഞ്ഞ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കും. ഈ ഘട്ടത്തില്‍ ജലചൂഷണം തടയുന്നതിന് നടപടി അടക്കമുള്ളവ ഉണ്ടാവും. അടുത്ത ഘട്ടം റെഡ് അലര്‍ട്ട്. ഈ ഘട്ടത്തില്‍ ജലവിനിയോഗം സര്‍ക്കാറിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കും. വൈദ്യുതി വിതരണം നിയന്ത്രിക്കുന്നതിന് പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്ന മാതൃകയില്‍ ജലവിതരണത്തിന് വാട്ടര്‍ കട്ട് ഏര്‍പ്പെടുത്തും. ഒരു ദിവസം ഒരു പ്രദേശത്ത് മാത്രം വെള്ളം നല്‍കുന്ന വിധമാണ് റേഷനിംഗ് ഏര്‍പ്പെടുത്തുക. 

നിലവില്‍ മയിപോ, മപോച്ചോ നദികളില്‍നിന്നാണ് സാന്റിയാഗോ നദിയില്‍നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്. വരള്‍ച്ച കനത്തതിനെ തുടര്‍ന്ന് ഇവിടത്തെ വെള്ളം കുറഞ്ഞുവരികയാണ്. കൃഷി, ജലസേചനം, ചെടികള്‍ക്ക് വെള്ളമൊഴിക്കല്‍ തുടങ്ങിയവയെ നിലവിലുള്ള അവസ്ഥ സാരമായി ബാധിക്കുന്നുണ്ട്. ഇവിടെയുള്ള വിവിധ വ്യവസായങ്ങളെയും ജലക്ഷാമം ഗുരുതരമായി ബാധിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനകം രാജ്യത്തെ ജലഭ്യത 10 മുതല്‍ 37 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. 2060 ആവുമ്പോഴേക്കും ബാക്കിയുള്ള ജലലഭ്യതയും ഇല്ലാതാവുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ചിലിയുടെ 76 ശതമാനം മേഖലകളിലും വരള്‍ച്ച പിടിമുറുക്കിയതായാണ് ഗ്രീന്‍പീസിന്റെ പഠനം വ്യക്തമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വരണ്ട വര്‍ഷമായിരുന്നു ഇക്കഴിഞ്ഞത് എന്നാണ് ചിലിയന്‍ കാലവസ്ഥാ ഏജസിയുടെ കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലാ നിന അടക്കമുള്ള പ്രതിഭാസങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. വാണിജ്യ കൃഷി, ഖനനം, ഊര്‍ജം എന്നീ മേഖലകളിലുള്ള സ്വകാര്യ കമ്പനികള്‍ ഈ അവസ്ഥ വഷളാക്കിയിട്ടുണ്ട്. രാജ്യത്തെ ജലസമ്പത്തിന്റെ എണ്‍പതു ശതമാനത്തിന്റെയും നിയന്ത്രണം ഈ സ്വകാര്യ കമ്പനികള്‍ക്കാണ് . 

ചിലിയില്‍ മാത്രമല്ല, യുക്രൈന്‍ യുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ ലോകം ഉറ്റുനോക്കുന്ന ദക്ഷിണ അമേരിക്കയിലെ സതേണ്‍ കോണ്‍ മേഖലയിലാകെ കാലാവസ്ഥാ വ്യതിയാനം കാരണം കൃഷിനാശം വന്‍തോതില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ച കാരണം, ഇവിടങ്ങളില്‍ കൃഷിനാശം രൂക്ഷമാണ്. ചിലിയുടെ അയല്‍രാജ്യമായ അര്‍ജന്റീനയിലാണ് ഇതിലേറ്റവും ഭീകര കൃഷിനാശം സംഭവിച്ചത്. ബ്രസീല്‍, പരാഗ്വേ, യുറുഗ്വേ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അര്‍ജന്റീനയിലെ കെറിയാന്റ്‌സ് പ്രവിശ്യയില്‍ മാത്രം 19 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷിയാണ് കാട്ടുതീമൂലം ഇല്ലാതായത്. എല്‍നിനോ, ലാ നാനാ കാലാവസ്ഥാ പ്രതിഭാസങ്ങളും കനത്ത വനനശീകരണവുമാണ് അര്‍ജന്റീനയിലെ വരള്‍ച്ചയെ രൂക്ഷമാക്കിയത്.