ലോകമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒന്നാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെയും അനുകൂലികളുടെയും പ്രതീക്ഷ അസ്ഥാനത്താക്കി ബൈഡന്‍ വിജയമുറപ്പിച്ചതോടെ ആകെ കൈവിട്ട നിലയിലാണ് നിലവിലെ പ്രസിഡന്‍റ്. അതിനൊപ്പമാണ് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്ത ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ ട്വീറ്റ്. ഏകദേശം ഒരു വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് തന്നെ കളിയാക്കിക്കൊണ്ട് കുറിച്ച അതേ വാക്കുകള്‍ തന്നെയായിരുന്നു ഗ്രേറ്റയും അദ്ദേഹത്തെ പരിഹസിക്കാനുപയോഗിച്ചത്. 

ടൈം മാഗസിന്‍റെ 'പേഴ്സൺ ഓഫ് ദി ഇയർ'‌ ആയി ഗ്രേറ്റയെ തിരഞ്ഞെടുത്ത സമയത്താണ് ഗ്രേറ്റയെ ട്രംപ് പരിഹസിക്കുന്നത്. പതിനേഴുകാരിയായ ഗ്രേറ്റയെ അന്ന് ട്വീറ്റിലൂടെ പരസ്യമായി അവഹേളിക്കുക കൂടിയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്. എന്നാലിപ്പോഴിതാ തന്നെ പരിഹസിച്ച അതേപോലെ തന്നെ അദ്ദേഹത്തിനും മറുപടി കൊടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്. 

'എന്തൊരു പരിഹാസ്യമാണിത്, ദേഷ്യം നിയന്ത്രിക്കാൻ പഠിക്കൂ, എന്നിട്ട് സുഹൃത്തിനൊപ്പം പോയി ഒരു സിനിമയൊക്കെ കാണൂ. ചിൽ ഗ്രേറ്റ, ചിൽ!' എന്നായിരുന്നു അന്നത്തെ ട്രംപിന്‍റെ ട്വീറ്റ്.

ഒരു വര്‍ഷത്തിനുശേഷം ഗ്രേറ്റ അതിന് പകരം വീട്ടിയിരിക്കുകയാണ്. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ട്രംപിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് ഗ്രേറ്റ ഇപ്പോള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: 'എന്തൊരു പരിഹാസ്യമാണിത്, ദേഷ്യം നിയന്ത്രിക്കാൻ പഠിക്കൂ. പോയി ഒരു സുഹൃത്തിനൊപ്പം സിനിമയൊക്കെ കാണൂ, ചിൽ ഡൊണാൾഡ്, ചിൽ' 

ഏതായാലും നിരവധി പേരാണ് ഗ്രേറ്റയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.