ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷിന്റോ എസ്  എഴുതിയ കഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


'മധുപന്‍ മേം രാധിക നാചേരെ...
മധുപന്‍ മേം രാധിക നാചേ'

തകരഷീറ്റുകള്‍ കൊണ്ട് പാതി മറച്ച് കെട്ടിപ്പൊക്കിയ ടെന്റുകളില്‍ ഒന്നില്‍ കൃഷ്ണപ്രതിമകള്‍ക്ക് നടുവിലായി സ്ഥാനം പിടിച്ച പഴയൊരു റേഡിയോയില്‍ നിന്നും ശ്രവണസുന്ദരമായൊരു ഹിന്ദുസ്ഥാനി രാഗം ഒഴുകിവന്നു. കണ്ണന്റെ പുല്ലാങ്കുഴല്‍ കേട്ടു ആനന്ദനൃത്തമാടുന്ന പൈക്കിടങ്ങളെ പോലെ ചുറ്റുമുള്ള കൃഷ്ണപ്രതിമകള്‍ ആ പാട്ടിനൊത്ത് താളം പിടിച്ചു.
പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ പണിത പല രൂപത്തിലും ഭാവത്തിലുമുള്ള കൃഷ്ണപ്രതിമകള്‍. ചുണ്ടില്‍ ഒളിപ്പിച്ചു വച്ച മൃദുമന്ദഹാസവുമയി ഏകനായി നിന്ന് പുല്ലാങ്കുഴല്‍ വായിച്ച് ഏതോ രാധയുടെ സ്വപ്നങ്ങളിലേക്ക് ചേക്കേറാന്‍ വെമ്പുന്ന, കാമുകഭാവം ഉള്‍കൊണ്ട കൃഷ്ണന്‍, പ്രണയത്തിന്റെ തീവ്രത ആവാഹിച്ച് നറുനൃത്തമാടുന്ന രാധാകൃഷ്ണന്മാര്‍, ചാപല്യമില്ലാത്ത കുരുന്നു മനസ്സിന്റെ നേര്‍ക്കാഴ്ചയെന്നോണം കൈകളിലൂടെ ഒലിച്ചിറങ്ങുന്ന വെണ്ണയുമായ് മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണന്‍. അങ്ങനെ കാമരൂപിയായ കൃഷ്ണന്റെ സര്‍വഭാവങ്ങളും സ്ഫുരിക്കുന്ന നൂറുകണക്കിന് പ്രതിമകള്‍. 

ടെന്റിനൊരുവശത്ത് കാലുപൊട്ടിയ ചകിരിക്കട്ടിലില്‍ പാട്ടില്‍ ലയിച്ച് കിടക്കുന്ന റാം. തകരഷീറ്റിന്റെ സുഷിരങ്ങളില്‍ കൂടെ ഊര്‍ന്നിറങ്ങുന്ന നേര്‍ത്ത സൂര്യപ്രകാശത്തില്‍ ക്ഷീണിച്ചവശനായ റാമിന്റെ മുഖം തെളിഞ്ഞു കാണാം. ടെന്റിന്റെ ഇരുണ്ട മൂലകളിലേക്ക് അലക്ഷ്യമായി നോക്കുന്ന കണ്ണുകളില്‍ ദൈന്യത നിഴലിക്കുന്നുണ്ടായിരുന്നു. തലയോട്ടിക്കുള്ളിലേക്ക് ചൂഴ്ന്നിറങ്ങിയ, രക്തം വറ്റിയ ആ കണ്ണുകള്‍ക്കും, അയാള്‍ക്കും, ചുറ്റുമുള്ള പ്രതിമകളുടെ വര്‍ണശോഭയൊന്നും ഉണ്ടായിരുന്നില്ല. 

റേഡിയോയില്‍ പല്ലവി ആവര്‍ത്തിച്ചപ്പോള്‍ ടെന്റിനു വെളിയില്‍ കൃഷ്ണപ്രതിമകള്‍ക്കു ചായം പൂശുകയായിരുന്ന മാനസി തന്റെ മധുരാധരങ്ങളാല്‍ അത് ഏറ്റുപാടി.

'മധുപന്‍ മേം രാധിക നാചേരെ.'

കയ്യില്‍ പിടിച്ച ബ്രഷ് ചലിക്കുന്നതിനനുസരിച്ച് കിലുങ്ങിയ കുപ്പിവളകള്‍ അതിനു വാദ്യത്തിന്റെ അകമ്പടിയേകി. കാറ്റത്ത് ഇളകിയാടിയ ചെമ്പന്‍ മുടിയിഴകള്‍ അതിനു നൃത്തത്തിന്റെ ചാരുതയേകി.

കത്തിയെരിയുന്ന സൂര്യന്റെ കിരണങ്ങളും, വീശിയടിക്കുന്ന പൊടിക്കാറ്റും, ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പലുകളും മാറി മാറി ആലിംഗനം ചെയ്തതിന്റെ വിവശത അവളില്‍ പ്രതിഫലിച്ചിരുന്നു.

കരുവാളിച്ച മുഖത്ത് നിറയെ വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞു നില്‍ക്കുന്നു. ചിലത് മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് ഊര്‍ന്നിറങ്ങി. ഒട്ടിയ കവിളും കൂര്‍ത്ത താടിയും കടന്നു അവ താഴേക്ക് പതിച്ചു. ചില ചെമ്പന്‍ കണങ്ങള്‍ മുഷിഞ്ഞ ബ്ലൗസിനുള്ളില്‍ പതിച്ച് അവളുടെ മാറിടത്തെ ഈറനണിയിച്ച് ആലിംഗനം ചെയ്തു. ഇക്കിളികൂട്ടുന്ന വിയര്‍പ്പുകണങ്ങളെ പാവടതുമ്പാല്‍ തുടച്ച് അവള്‍ ജോലി തുടര്‍ന്നു.

സസൂക്ഷ്മം പ്രതിമകള്‍ക്കവള്‍ ജീവന്‍ നല്‍കി. മഞ്ഞ ഉടയാടകളും, ആടയാഭരണങ്ങളും, മയില്‍പീലിയും, തിളക്കമാര്‍ന്ന കണ്ണുകളും, ചെഞ്ചുണ്ടും നല്‍കിയപ്പോള്‍ പ്രതിമകള്‍ അവളെ നോക്കി പുഞ്ചിരി തൂകി.

പുല്ലാങ്കുഴലിനു നിറം കൊടുത്തുകൊണ്ടിരിക്കവേ ഒരു കാര്‍ ഹോണ്‍ മുഴക്കിക്കൊണ്ട് അവള്‍ക്കരികില്‍ വന്നു നിര്‍ത്തി.
സുമുഖനായ ഒരു ചെറുപ്പക്കാരന്‍. ചുണ്ടിലമര്‍ത്തിവച്ച പാല്‍ക്കുപ്പി നുണയുന്ന കുരുന്നിനെ കയ്യിലെടുത്ത് ഒരു യുവസുന്ദരി. ഇരുവരും കാറില്‍ നിന്നിറങ്ങി. ചായം മുക്കിയ ബ്രഷ് മുടിക്കുത്തില്‍ തിരുകിവച്ച് മാനസി അവര്‍ക്കരികിലേക്ക് നടന്നു.

മനസിയുടെ ഏല്ലിച്ച രൂപവും മുഷിഞ്ഞ വസ്ത്രങ്ങളും അയാളെ അലോസരപ്പെടുത്തിയിട്ടുണ്ടാകണം. തികഞ്ഞ അറപ്പോടെ അയാള്‍ അവളെ നോക്കി. അയാള്‍ക്കൊപ്പം വന്ന സുന്ദരി പ്രതിമകള്‍ക്കിടയിലൂടെ നടന്നു. പ്രതിമകളുടെ ലാളിത്യവും ഒപ്പിയെടുത്ത ചായങ്ങളും അവളെ ആകര്‍ഷിച്ചു. ഏറെ നേരത്തിനു ശേഷം, രാധയെ ചേര്‍ത്ത് നിര്‍ത്തി പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണനെ അവള്‍ തിരഞ്ഞെടുത്തു. ആ പ്രതിമ ഭര്‍ത്താവിന്റെ കൈകളില്‍ വച്ചുകൊടുത്തപ്പോള്‍ മനസിയോടു തോന്നിയ അവജ്ഞ അയാളുടെ മുഖത്തുണ്ടായിരുന്നില്ല. പ്രതിമയില്‍ തലങ്ങും വിലങ്ങും വിശദമായി പരിശോധിച്ച് അയാള്‍ മനസിയോടു ചോദിച്ചു 

'കിത് നാ?' (ഏത്രയാ)

'സാബ്, അഞ്ഞൂറ്'

മുറിമലയാളത്തില്‍ മാനസി മറുപടി പറഞ്ഞു.

'ഓ, മലയാളം അറിയാമല്ലേ!, അഞ്ഞൂറ് വളരെ കൂടുതലാണ്, അതൊന്നും പറ്റില്ല'

'അഞ്ഞൂറില്ലാതെ പറ്റില്ല സാബ്'

'ഞാനൊരു നൂറു രൂപ തരും'

'നൂറു പോര സാബ്, മുന്നൂറെങ്കിലും വേണം.'

'മുന്നൂറോ?'- അയാള്‍ ഒരു പുച്ഛത്തോടെ ചോദിച്ചു. 'നിനക്കുണ്ടോടി മുന്നൂറ് രൂപ! അപ്പോഴാണ് ഒരു പ്രതിമക്ക്'

അയാള്‍ ദേഷ്യത്തോടെ വലിച്ചെറിഞ്ഞ നൂറു രൂപ നോട്ട് കയ്യിലെടുത്തപ്പോള്‍ മാനസിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ നോട്ടിന് വിയര്‍പ്പിന്റെ നനവും കണ്ണുനീരിന്റെ കയ്പ്പും ചോരയുടെ ഗന്ധവും ഉണ്ടായിരുന്നു. തുച്ഛമായ വിലയ്ക്ക് പ്രതിമ കിട്ടിയ നിര്‍വൃതിയില്‍ അവര്‍ കാറില്‍ കയറി പോയി. സങ്കടങ്ങളും വേദനകളും ഉള്ളിലോളിപ്പിച്ച് മാനസി വീണ്ടും ബ്രഷ് കയ്യിലെടുത്തു. 

വിശപ്പും ക്ഷീണവും അവളെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു. അവളെ മാത്രമല്ല, കൂടെയുള്ളവരേയും. റാമിന്റെ ചികിത്സ മുടങ്ങി. മരുന്നിന് പണമില്ല. വിശപ്പ് മാറ്റാനും ഒന്നുമില്ല. എത്രയോ നാളുകള്‍ക്ക് ശേഷം വിറ്റുപോയ ഏക പ്രതിമയ്ക്കാണ് അയാള്‍ നൂറു രൂപ വിലയിട്ടത്.

ടെന്റിനു വെളിയില്‍ കെട്ടിയ തുണിത്തൊട്ടിലില്‍ കിടന്ന കുഞ്ഞു കരയാന്‍ തുടങ്ങി. വിശപ്പാണ് ശത്രു. കുഞ്ഞിനെ എടുത്തു വന്നു മുല കൊടുത്തു കൊണ്ട് മാനസി ജോലി തുടര്‍ന്നു. പട്ടിണിയും ദാരിദ്ര്യവും ചുക്കിച്ച മുല കുഞ്ഞിന്റെ വായില്‍ തിരുകിയപ്പോള്‍ വിയര്‍പ്പിന്റെ ഗന്ധവും രുചിയും കലര്‍ന്ന മുലപ്പാല്‍ കിനിഞ്ഞു.

വിശപ്പണഞ്ഞെന്ന് ബോധ്യമായപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി മാനസി റാമിനരികില്‍ വന്നിരുന്നു. റാമിന്റെ കൈകളെ ചേര്‍ത്ത് പിടിച്ചപ്പോള്‍ അതിന്റെ ശീതളത മാനസിയുടെ സര്‍വ നാഡീഞരമ്പുകളെയും മരവിപ്പിച്ചു. ആ കരങ്ങളുടെ ചൂടും മാറിടത്തിന്റെ ഊഷ്മളതയും അവളെ ഏറെ ഹരം കൊള്ളിച്ചതാണ്. അതിപ്പോള്‍ നിര്‍ജീവമായി കിടക്കുന്നു.

മൂന്ന് വര്‍ഷം മുന്നെയാണ് മാനസി റാമിനെ പരിചയപ്പെടുന്നത്. അത് യാദൃച്ഛികമായിരുന്നോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ദൈവഹിതമെന്നു വേണം കരുതാന്‍.

ഗോത്ര സമൂഹത്തിന്റെ ഭാഗമായിരുന്നു അവള്‍. നൃത്തവും പാട്ടുമായ് നാട് നീളെ അലയുന്ന ഒരു ജനത. സ്ഥിരമായ കൂരകളില്ല. ഇടത്താവളങ്ങളില്‍ അന്തിയുറങ്ങും. കനികള്‍ ഭക്ഷിക്കും. ചെറുഗ്രാമങ്ങളുടെ തെരുവോരങ്ങളില്‍ നൃത്തമാടിയും പാട്ടുപാടിയും ജീവിതം. ഗോത്രത്തിനു പുറത്തേക്കു അനങ്ങാന്‍ പറ്റാത്തത്ര കാര്‍ക്കശ്യമുണ്ടായിരുന്നു അവരുടെ നിയമങ്ങള്‍ക്ക്. 


ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള പ്രയാണത്തിനിടയിലാണ് ഒരു മണ്ണടിപ്പാതയുടെ ഓരത്ത് തമ്പടിച്ചിരിക്കുന്ന പ്രതിമ വില്‍പനക്കാരെ കണ്ടത്. നഗരപ്രാന്തമായതിനാലും ഊര്‍ജ്ജസ്വലമായ സായാഹ്നങ്ങളുടെ ഇടമാണെന്ന അറിവിലും ആ പ്രദേശത്ത് തമ്പടിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ണടിപ്പാതയുടെ ഇരുവശങ്ങളും കൂരകളാല്‍ സമ്പന്നമായി.
സായാഹ്നങ്ങള്‍ പാട്ടും നൃത്തവും കൊണ്ട് ആഘോഷഭരിതമാക്കി ദിവസങ്ങള്‍ കടന്നുപോയി. അതിനിടയില്‍ എപ്പോഴോ അച്ചില്‍ വാര്‍ത്തെടുത്ത പ്രതിമകളെ മിനുക്കി രൂപവും ഭംഗിയും നല്‍കുന്ന ഒരു ചെറുപ്പക്കാരന്‍ മാനസിയുടെ ശ്രദ്ധയില്‍ പെട്ടു. ഒരു ദൃഢഗാത്രന്‍, ഇരുണ്ട നിറം. പിന്നീടുള്ള ദിവസങ്ങളില്‍ മാനസി അയാളെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. അവള്‍ നൃത്തം ചവിട്ടിയതും പാട്ട് പാടിയതും അയാളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമായി. അവളുടെ നിറം മങ്ങിയ സ്വപ്നങ്ങള്‍ക്ക് അയാള്‍ ചായം പൂശി. അയാളുടെ പുഞ്ചിരി അവളുടെ ഹൃദയത്തിന്റെ ഇരുണ്ട മൂലകളില്‍ ഒരു നിലാവെട്ടം കണക്കെ മിന്നി.

ഒരു മാസത്തോളം അവിടെ തമ്പടിച്ചു. അക്കാലമത്രയും അവര്‍ ഒന്നും മിണ്ടിയില്ല. മണ്ണടിപ്പാത തീര്‍ത്ത അതിര്‍വരമ്പുകള്‍ അവര്‍ ഭേദിച്ചില്ല. കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞ്ഞു, സ്വപ്നങ്ങള്‍ പങ്കുവെച്ചു.

തമ്പ് പൊളിക്കുന്നതിന്റെ തലേന്ന് മാനസി ഉറങ്ങിയില്ല. പല ആകുലതകളും അവളുടെ മനസ്സിനെ അലട്ടി. പാതയ്‌ക്കെതിര്‍വശത്ത് നിലാവെട്ടത് തിളങ്ങി നില്‍ക്കുന്ന പ്രതിമകളെ നോക്കി കുറെ നേരം നിന്നു. പല വികാരങ്ങളും ഒരേ സമയം അവളില്‍ വന്നു ചേര്‍ന്നു. അവളുടെ രക്തം വറ്റി. ശരീരമാകെ മരവിച്ചു. അന്നവള്‍ ഉറങ്ങിയതേയില്ല.

അടുത്ത ദിവസം അവള്‍ മണ്ണടിപ്പാത കടന്നു അയാള്‍ക്കരികിലെത്തി. പതിവ് പോലെ അയാള്‍ പ്രതിമകള്‍ മിനുക്കുകയായിരുന്നു. മാനസി അയാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചും. അതവളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പതിച്ചു. പ്രണയഹര്‍ഷത്താല്‍ അവള്‍ അയാളെ ആലിംഗനം ചെയ്ത് ചുംബനങ്ങളാല്‍ മൂടി. അവളുടെ ഹൃദയത്തിന്റെ നെരിപ്പോടില്‍ അതൊരു വര്‍ഷമായി ചൊരിഞ്ഞു. 

അത് പക്ഷേ അവള്‍ക്ക് ചുറ്റും മറ്റൊരു അഗ്‌നിയെ ആളിക്കത്തിച്ചു. അ അഗ്‌നിയില്‍ മണ്ണടിപ്പാതയ്ക്ക് ഇരുവശത്തും കൂരകള്‍ കത്തി. അണപൊട്ടിയൊഴുകിയ ചോരച്ചാലുകള്‍ പുതിയ അതിര്‍ത്തികള്‍ തീര്‍ത്തു. ജാതീയ വിദ്വേഷത്തിന്റെ പുഴുവരിച്ച വ്രണത്തില്‍ നിന്നും ഒഴുകിവന്ന ചലത്തില്‍ മനസിയും റാമും മുങ്ങി. ആ യുവമിഥുനങ്ങള്‍ പലായനത്തിന്റെ മാര്‍ഗങ്ങള്‍ തേടി അലഞ്ഞു.

ദേശങ്ങള്‍ കടന്നു, നാഴികകള്‍ താണ്ടി, ഇവിടെയെത്തി. പ്രതിമകള്‍ നിര്‍മ്മിച്ചു. റാമിന്റെ കൈത്തഴക്കത്തില്‍ അഴകാര്‍ന്ന പ്രതിമകള്‍ രൂപം കൊണ്ടു. മാനസിയുടെ കരങ്ങള്‍ ചായം നല്‍കിയപ്പോള്‍ അവയില്‍ ജീവന്‍ തുടിച്ചു.

പുതു സൂര്യോദയങ്ങള്‍ വന്നു. ഋതുക്കള്‍ വന്നു പോയി. ഇരുണ്ട ഭൂതകാലത്തെ ഓര്‍ക്കാതെ പുത്തന്‍ പ്രതിമകള്‍ക്കിടയില്‍ അവര്‍ ജീവിച്ചു. സന്തോഷത്തിന്റെ നാളുകള്‍ അവര്‍ക്കൊരു കുരുന്നിനെയും സമ്മാനിച്ചു. ആ നല്ല നാളുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് റാം കിടപ്പിലായത്. ശരീരം തളര്‍ന്നു ജീവച്ഛവമായി വീണപ്പോള്‍ അവരുടെ സ്വപ്നങ്ങളും ക്ഷയിച്ചു. പ്രതിസന്ധികളെ ഏകയായി നിന്ന് വെല്ലുവിളിച്ച് അവളും ക്ഷീണിച്ചു. 

മാനസിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ ചുടുബാഷ്പം റാമിന്റെ കൈകളില്‍ പതിച്ചു. റാം കൈയ്യനക്കിയില്ല. അവന്റെ കണ്ണുകള്‍ ചുവന്നു. അവ ഈറനണിഞ്ഞു. 

പുറത്ത് ഒരു കാര്‍ ഹോണ്‍ മുഴക്കുന്ന ശബ്ദം കേട്ട് മാനസി എഴുന്നേറ്റു. നേരത്തെ വന്ന അതേ കാര്‍. ആ ചെറുപ്പക്കാരന്‍ കാറിനു പുറത്തിറങ്ങി നില്‍ക്കുന്നു. ആ സുന്ദരി കൂടെയില്ല. പകരം മൂന്ന് നാല് ചെറുപ്പക്കാര്‍. 

മാനസിയുടെ കാലുകള്‍ മരവിച്ചു. ഹൃദയമിടിപ്പിനു വേഗം കൂടി. ഒരായിരം ചിന്തകള്‍ അവളുടെ മനസ്സില്‍ അലയടിച്ചു. പ്രതിമകള്‍ക്കു വേണ്ടിയാവരുതെ എന്നവള്‍ പ്രാര്‍ത്ഥിച്ചു. മരവിച്ച കാലുകളും ഭാരിച്ച ചിന്തകളുമായി അവള്‍ നടന്നു. 

'പ്രതിമ വേണം'

അയാള്‍ പറഞ്ഞു.

'പ്രതിമ ഇല്ല'

'പിന്നെ ഈ കാണുന്നതൊക്കെ എന്താടീ?'


'നിങ്ങള്‍ക്ക് തരാന്‍ പ്രതിമ ഇല്ല'

'ഞങ്ങള്‍ക്ക് തരാതെ നി ഇവിടെ പ്രതിമ വില്‍ക്കുമോ?'

അവള്‍ മറുപടി നല്‍കിയില്ല. നിറമൗനത്തോടെ അവള്‍ തിരിഞ്ഞു നടന്നു. അയാള്‍ അവളുടെ കൈകളില്‍ പിടിച്ചു. അവള്‍ ഞെട്ടി. ഹൃദയത്തെ കീറിമുറിച്ചു കൊണ്ട് ഒരു മിന്നല്‍പ്പിണര്‍ അവളുടെ ഉള്ളിലൂടെ പാഞ്ഞു പോയി. കൈകള്‍ കുടഞ്ഞെറിഞ്ഞ് അവള്‍ അയാളെ നോക്കി. 

'ഞങ്ങള്‍ അഞ്ച് പ്രതിമകള്‍ വാങ്ങും. നി പറഞ്ഞ വിലയ്ക്ക്. ഒന്നിന് അഞ്ഞൂറ് വെച്ച്.'

സ്തബ്ദയായി നിന്ന മാനസിയോട് അയാള്‍ പറഞ്ഞു. 

' പക്ഷേ നി ഞങ്ങളുടെ കൂടെ വരണം'

അയാളുടെ മുഖത്ത് തുപ്പി അവള്‍ പ്രതികരിച്ചു. ജല്പനങ്ങളിലെ ആണത്തത്തെ കീറിമുറിച്ച് അത് അയാളുടെ മുഖത്ത് കൂടെ ഒലിച്ചിറങ്ങി. അയാളുടെ കൈകള്‍ ഒരു പാമ്പിനെ പോലെ അവളുടെ അരക്കെട്ടിനെ വരിഞ്ഞു. തൊട്ടിലില്‍ കിടന്ന കുഞ്ഞു കരഞ്ഞു. അവള്‍ക്ക് ശ്വാസം മുട്ടി. കണ്ണുകളില്‍ ഇരുട്ട് കയറി. കുഞ്ഞിന്റെ കരച്ചില്‍ പതിയെ കേള്‍ക്കാതെയായി.
ബോധം വന്നപ്പോള്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. തൊട്ടിലില്‍ കിടന്ന കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കാലുകള്‍ക്ക് ശക്തിയില്ലാതായിരിക്കുന്നു. തുടകള്‍ കല്ലുകളാലെന്ന പോലെ ഭാരിച്ചു. എല്ലുകള്‍ നുറുങ്ങുന്ന വേദന അവള്‍ അറിഞ്ഞു. അടിവയറ്റിലൂടെ അനേകായിരം ഖഡ്ഗങ്ങള്‍ ഒരുമിച്ച് കുത്തിയിറക്കുന്നത് അവളറിഞ്ഞു. ശരീരമാസകലം വരിഞ്ഞു മുറുകുന്നു. അതി കഠിനമായ ഒരു വ്യസനം അവളുടെ മനസ്സിനെ ഭാരിച്ചതാക്കി. പേറ്റുനോവിനേക്കാള്‍ വലിയ വേദന ലോകത്തുണ്ടെന്ന് അവള്‍ മനസ്സിലാക്കി. വളരെ വൈകിയാണ് അവള്‍ക്കൊരു കാര്യം ബോധ്യമായത്.

അവള്‍ക്ക് വസ്ത്രങ്ങളുണ്ടായിരുന്നില്ല

കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല. ഇടറുന്ന കാലടികളോടെ അവള്‍ കുഞ്ഞിനരികിലേക്ക് നടന്നു. അവള്‍ നഗ്‌നത മറച്ചില്ല. മേലാടകള്‍ അവള്‍ക്ക് അതിഭാരമയി തോന്നി. കുഞ്ഞ് അപ്പോഴും കരയുന്നു. അവള്‍ കുഞ്ഞിന് മുല കൊടുത്തു. അവള്‍ക്ക് നീറ്റല്‍ അനുഭവപ്പെട്ടു. നോക്കിയപ്പോള്‍ മുലമൊട്ടുകള്‍ കാണാനില്ല. അത് കടിച്ചെടുത്തിരിക്കുന്നു. അവിടെ ചോര കല്ലിച്ച് നില്‍ക്കുന്നു. പാതി ഛേദിക്കപ്പെട്ട മൂലകള്‍ അവള്‍ കുഞ്ഞിന്റെ വായില്‍ തിരുകി. മുലകള്‍ ചോര കിനിഞ്ഞു. ആര്‍ത്തിയോടെ കുഞ്ഞത് കുടിച്ചു. അത് കരച്ചില്‍ നിര്‍ത്തി. അവളെ നോക്കി ചിരിച്ചു.

മാനസി ബ്രഷ് കയ്യിലെടുത്തു. കൃഷ്ണപ്രതിമകള്‍ക്ക് ചായം പൂശി. നല്ല കടുംചായം. പ്രതിമകള്‍ അവളെ നോക്കി നിര്‍വികാരതയോടെ നിലകൊണ്ടു. കടും ചായങ്ങള്‍ ഒപ്പിയെടുക്കാന്‍ പ്രതിമകള്‍ മടിച്ചു. അവളുടെ മനസ്സ് കൂടുതല്‍ ഭാരിച്ചതായി. അവള്‍ കരഞ്ഞില്ല. അവള്‍ മുലകള്‍ മുറിച്ചെറിഞ്ഞു. ആ ചോരയില്‍ പ്രതിമകള്‍ ചെഞ്ചായമണിഞ്ഞു. ചെഞ്ചോരയില്‍ ആറാടി, രൗദ്ര ഭാവം ആവാഹിച്ച് അവ മാനസിയെ നോക്കി.