രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനുമേൽ ഇസ്ലാം മതത്തിനുള്ള സ്വാധീനം കുറച്ചു കൊണ്ടുവരിക എന്ന ലക്‌ഷ്യം മുൻ നിർത്തി ചൈനീസ് സർക്കാർ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമായി നിങ്ഷ്യ പ്രവിശ്യയിലെ, യിങ്ച്വാനിൽ ഉള്ള നങ്ഗ്വാൻ മുസ്ലിം പള്ളിയുടെ മിനാരങ്ങൾ ഇടിച്ചുനിരത്തപ്പെട്ടു. പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും, സ്വർണവർണ്ണമാർന്ന മിനാരങ്ങളും അറബി ലിപിയിലുള്ള ചുവരെഴുത്തുകളും ഒക്കെ ഇനി പ്രദേശവാസികളായ വിശ്വാസികളുടെ മനസ്സിൽ ഓർമ്മ മാത്രമായി അവശേഷിക്കും. അവയ്ക്കു പകരം പ്രദേശത്തെ മറ്റുള്ള കെട്ടിടങ്ങളുടെ യോജിച്ചു നിൽക്കുന്ന സാധാരണമായ ഒരു രൂപകല്പനയിലേക്ക് ആ ആരാധനാലയത്തിന്റെ പുറംകാഴ്ച ഒതുങ്ങിയിട്ടുണ്ട്. ആ പള്ളിയുടെ പേര്, നങ്ഗ്വാൻ എന്നത്, അതുമാത്രം പുതിയ കെട്ടിടത്തിന്റെ ചുവരിൽ ബാക്കി വെച്ചിട്ടുണ്ട്. അതും, ചൈനീസ് ഭാഷയിൽ ആണെന്നുമാത്രം. ചൈനയിലെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ അവരുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്ന ഒരു ആരാധനാലയമാണ് നിർദാക്ഷിണ്യം ഇടിച്ചു നിരത്തി, വിശ്വാസികളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പുനർ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്.  അവിടേക്കുള്ള സന്ദർശനങ്ങളും തീർത്ഥാടനവും എല്ലാം തന്നെ ഒപ്പം വിലക്കപ്പെട്ടിരിക്കുന്നു. 

 

 

ഇതാദ്യമായിട്ടല്ല ചൈന ഇങ്ങനെ തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ മതവിശ്വാസങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത്. ഓഗസ്റ്റ് മാസത്തിൽ സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഗർ ജമാ മസ്ജിദ്  സർക്കാർ ഇടിച്ചു നിരത്തി, ആ പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരുന്നു.  

ആതുഷ് സുണ്ടാഗ് ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുൾ മോസ്‌ക് ആണ് അന്ന് സർക്കാർ ഇടിച്ചു നിരത്തിയത്. പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, പള്ളിയുടെ മുൻ വശത്ത് മാൻഡറിൻ ഭാഷയിൽ "രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക " എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചിരുന്നു. ഷി ജിൻപിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ 2016 -ൽ തുടങ്ങിയ 'മോസ്‌ക് റെക്റ്റിഫിക്കേഷൻ' നയത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. 2017 മുതൽക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷൻ ക്യാമ്പുകളിൽ നിർബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷൻ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. 

പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, അന്ന് പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയ്‌ഗർ മുസ്ലിം പൗരന്മാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്‌ക് ഉണ്ടായിരുന്നതിന്റെയും, അവർ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോൾ ഇങ്ങനെയൊരു നിർമാണത്തിന് പിന്നിൽ".  "ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവർ, ഹാൻ സഖാക്കൾ, ഇസ്ലാമിൽ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കൺവീനിയൻസ് സ്റ്റോർ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്" മറ്റൊരു ഉയ്‌ഗർ പൗരൻ പറഞ്ഞു.