കൈയേറ്റം മാത്രമല്ല, നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ലാലുങ്‌ജോംഗിലെ മതപരമായ ചടങ്ങുകള്‍ക്കു ചൈന നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കളും ബുദ്ധമതക്കാരും വിശുദ്ധമായി കരുതുന്ന കൈലാസ പര്‍വതത്തിനടുത്തുള്ള ഈ പ്രദേശം വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. 

അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരാനും വികസിക്കാനുമുള്ള അത്യാര്‍ത്തിയാണ് എല്ലാ കാലത്തും ചൈനീസ് ഭരണകൂടത്തിന്റെ മുഖമുദ്ര. തിബത്തിലും ഹോങ്കോംഗിലും ഏറ്റവുമൊടുവില്‍ തായ്‌വാനിലും കണ്ടതും ആ അത്യാര്‍ത്തിയാണ്. ഭൂട്ടാനിലും നേപ്പാളിലും ശ്രീലങ്കയിലും മാലദ്വീപിലുമടക്കം അവര്‍ ഇടമുറപ്പിക്കുന്നതും അതിര്‍ത്തിവ്യാപന തന്ത്രങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ്്. ഇന്ത്യന്‍ മണ്ണു കൈയേറാനുള്ള അവരുടെ ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി ഇന്ത്യയുമായി അവര്‍ക്കുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ കാതല്‍. യുദ്ധവും സംഘര്‍ഷങ്ങളുമൊക്കെ കഴിഞ്ഞിട്ടും അവര്‍ നമ്മുടെ രാജ്യത്തേക്ക് കണ്ണുനട്ടിരിക്കുന്നത്, സ്ഥലം കൈയേറുക എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെതാണ്. ഈ സാഹചര്യത്തിലാണ്, ഇന്ന് ബിബിസി പുറത്തുവിട്ട പുതിയ വാര്‍ത്ത ശ്രദ്ധേയമാവുന്നത്. ചൈനയുടെ അത്യാര്‍ത്തിയുടെ മുഖം ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവരികയാണ് ഈ റിപ്പോര്‍ട്ട്. സായുധ സൈന്യത്തെ ഉപയോഗിച്ച് ചൈന നേപ്പാള്‍ അതിര്‍ത്തി കൈയേറുകയും അധികാരം സ്ഥാപിക്കുകയും ചെയ്തതായാണ് പുതിയ വിവരം. നേപ്പാളീസ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 

നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തുന്നതായി രണ്ടു വര്‍ഷമായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇവയ്‌ക്കൊന്നും നേപ്പാളിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചൈനയോടുള്ള ഭയവും ആ രാജ്യവുമായുള്ള വാണിജ്യ ബന്ധങ്ങളുമായിരുന്നു അതിനുള്ള പ്രധാന കാരണം. ചൈനയാണെങ്കില്‍, എല്ലാ കാലത്തും ഇക്കാര്യം നിഷേധിക്കുകയുമാണ്. അതിനിടെയാണ് ഇപ്പോഴാദ്യമായി നേപ്പാളീസ് ഭരണകൂടം തന്നെ ചൈനീസ് കൈയേറ്റം സ്ഥിരീകരിക്കുന്നത്. കൈയേറ്റം രൂക്ഷമായെന്ന ഉന്നതതല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബിബിസി ചോര്‍ത്തുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പതിവുപോലെ കാഠ്മണ്ഡുവിലുള്ള ചൈനീസ് എംബസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

നേപ്പാളിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഹുംല മേഖലയില്‍ ചൈന വ്യാപകമായി കൈയേറ്റം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഉന്നത തല സമിതിയെ നിയോഗിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തുടര്‍ന്ന് ഹുംല മേഖല സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ചൈനയുടെ കൈയേറ്റങ്ങള്‍ അക്കമിടുന്ന റിപ്പോര്‍ട്ട് ഇവര്‍ സര്‍ക്കാറിനു സമര്‍പ്പിച്ചത്. 

കൈയേറ്റം മാത്രമല്ല, നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ലാലുങ്‌ജോംഗിലെ മതപരമായ ചടങ്ങുകള്‍ക്കു ചൈന നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കളും ബുദ്ധമതക്കാരും വിശുദ്ധമായി കരുതുന്ന കൈലാസ പര്‍വതത്തിനടുത്തുള്ള ഈ പ്രദേശം വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെ പുറത്തുള്ളവര്‍ വന്ന് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേ പ്രദേശത്തുതന്നെ ചൈന ഒരു അനധികൃത മതില്‍ പണിതതായും കനാലും റോഡും പണിയുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിര്‍ത്തി കടന്ന് ചൈനീസ് മാര്‍ക്കറ്റുകളില്‍നിന്നും അനധികൃതമായി സാധനങ്ങള്‍ വാങ്ങാന്‍ ചൈനീസ് സൈന്യം അനുവദിക്കുന്നതിനാല്‍, ഗ്രാമവാസികളില്‍ പലരും ചൈനയ്‌ക്കെതിരെ സംസാരിക്കാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ നേപ്പാള്‍ സൈന്യത്തെ ഇവിടെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍, നേപ്പാള്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് ചോര്‍ന്നതോടെ, നടപടി എടുക്കാമെന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. തങ്ങള്‍ ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് നേപ്പാളിലെ ചൈനീസം എംബസിയും വ്യക്തമാക്കിയിട്ടുണ്ട്. 

നേപ്പാളും ചൈനയും ഹിമാലയ സാനുക്കളോട് ചേര്‍ന്ന 1400 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. 1960-കളില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളെ തുടര്‍ന്നാണ് ഇന്നീ കാണുന്ന അതിര്‍ത്തികള്‍ ഉണ്ടായിവന്നത്. ഈ അതിര്‍ത്തികള്‍ വ്യക്തമാക്കാന്‍ കിലോ മീറ്ററുകള്‍ക്കിടയിലായി വെറും തൂണുകള്‍ മാത്രമാണുള്ളത്. ഇതാണ് ചൈനയ്ക്ക് എളുപ്പമാവുന്നത്. വര്‍ഷങ്ങളായി നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറി ചൈന റോഡും കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രശ്‌നങ്ങള്‍.