ഈ ജീവനക്കാരൻ ഓഫീസിലെത്തി അദ്ദേഹത്തിന് മുന്നിൽ മുട്ടുകുത്തി മാപ്പ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. തനിക്ക് വേറെ ജോലി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ, പെയ്ജുൻ തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, അയാളെ തിരിച്ചെടുത്തില്ല.
'ചൈനയിലെ ഏറ്റവും ഔദാര്യവാനായ ബോസ്' എന്ന് അറിയപ്പെടുന്നയാളാണ് ഹെനാൻ ഖ്വാങ്ഷാൻ ക്രെയിൻ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ചുയി പെയ്ജുൻ. ഇപ്പോഴിതാ, സ്വന്തം അമ്മയെ വിവാഹത്തിന് ക്ഷണിക്കാത്ത ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കയാണ് അദ്ദേഹം. അമ്മയെ ഓർത്ത് ലജ്ജ തോന്നിയതിനാലാണ് ജീവനക്കാരൻ അമ്മയെ കല്യാണത്തിന് വിളിക്കാതിരുന്നതത്രെ.
ഈ വർഷം ഫെബ്രുവരിയിൽ തൻ്റെ കമ്പനിയിലെ ജീവനക്കാർക്ക് വർഷാന്ത്യ ബോണസായി ചുയി പെയ്ജുൻ 180 ദശലക്ഷം യുവാൻ (ഏകദേശം 237 കോടി രൂപ) വിതരണം ചെയ്തിരുന്നു. ഇതോടെയാണ് അദ്ദേഹം 'ചൈനയിലെ ഏറ്റവും ഔദാര്യവാനായ ബോസ്' എന്ന പേര് നേടിയത്. വായ്പകൾ കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന യുവ ജീവനക്കാരെ സഹായിക്കാൻ ഉയർന്ന ബോണസുകൾക്ക് കഴിയുമെന്ന് പറഞ്ഞായിരുന്നു പെയ്ജുൻ ബോണസ് നൽകിയത്. അതുമാത്രമല്ല, കഴിഞ്ഞ 12 വർഷത്തിനിടെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള 4,800 -ലധികം സർവ്വകലാശാല വിദ്യാർത്ഥികൾക്കായി അദ്ദേഹം 35 ദശലക്ഷം യുവാൻ ഗ്രാന്റായി നൽകിയിട്ടുണ്ട്.
ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം
Daxiang News റിപ്പോർട്ട് അനുസരിച്ച്, കമ്പനി ജൂലൈ 21-ന് ഒരു സമ്മർ ഇന്റേൺഷിപ്പും പരിശീലന പരിപാടിയും ആരംഭിച്ചിരുന്നു. ജീവനക്കാരുടെ മക്കളായ 331 പേരാണ് ഈ പദ്ധതിയിൽ എൻറോൾ ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, പെയ്ജുൻ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണ് നല്ലൊരു മനുഷ്യനാകുന്നതിന്റെ അടിത്തറ എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, അമ്മയെ കാണാൻ ഭംഗിയില്ല എന്നതിൽ ലജ്ജ തോന്നി സ്വന്തം അമ്മയെ കല്യാണത്തിന് ക്ഷണിക്കാതിരുന്ന ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട കഥയും അദ്ദേഹം പങ്കുവെച്ചു.
പെയ്ജുൻ, ആ ജീവനക്കാരനോട്, 'നിനക്ക് രണ്ട് വയസ്സുള്ളപ്പോൾ നിന്റെ അച്ഛൻ മരിച്ചതാണ്, എന്നിട്ടാണോ നീ നിന്റെ അമ്മയോട് ഇങ്ങനെ പെരുമാറുന്നത്' എന്ന് ചോദിച്ചത്രെ. ഇതിനുശേഷമാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. പിന്നീട് ഈ ജീവനക്കാരൻ ഓഫീസിലെത്തി അദ്ദേഹത്തിന് മുന്നിൽ മുട്ടുകുത്തി മാപ്പ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. തനിക്ക് വേറെ ജോലി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ, പെയ്ജുൻ തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, അയാളെ തിരിച്ചെടുത്തില്ല.
ജീവനക്കാരന്റെ അമ്മ വിരമിച്ച ശേഷം, പെയ്ജുൻ അവർക്ക് കമ്പനിയുടെ ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി നൽകിയതായും പറയപ്പെടുന്നു. അവരുടെ മുൻ ജോലിയുടെ അതേ ശമ്പളമാണ് ഈ തസ്തികയ്ക്കും ലഭിച്ചത്. പ്രായമാകുമ്പോൾ മകൻ അവരെ സംരക്ഷിച്ചേക്കില്ല എന്ന് ആശങ്കപ്പെട്ടാണ് താൻ ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അമ്മ പരസ്യമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഈ വാർത്ത ചൈനീസ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയായിരുന്നു. പെയ്ജുന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് അനേകങ്ങളാണ് കമന്റുകൾ നൽകുന്നത്.
