Asianet News MalayalamAsianet News Malayalam

വൈഫൈ, എ സി, മൂത്രം സംസ്‌കരിക്കാനുള്ള ഉപകരണം,  ബഹിരാകാശത്തെത്തിയ ചൈനക്കാര്‍ സര്‍വ്വസജ്ജം

ഇന്ന് രാവിലെ ബഹിരാകാശനിലയത്തില്‍വെച്ച് ഇവര്‍ പ്രഭാതഭക്ഷണം കഴിച്ചു. കുളിക്കാനും കഴിക്കാനും കിടന്നുറങ്ങാനും വീട്ടുകാരുമായി സംസാരിക്കാനും ഔദ്യോഗിക ചുമതലകള്‍ നിറവേറ്റാനുമൊക്കെയുള്ള സര്‍വ്വ സജ്ജീകരണങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. 
 

Chinese  astronauts  busy with smart home facilities
Author
Beijing, First Published Jun 19, 2021, 8:21 PM IST

ഭൂമിയില്‍നിന്നും 400 കിലോ മീറ്റര്‍ ഉയരെ ബഹിരാകാശത്തെ ചൈനീസ് നിലയത്തില്‍ ഇപ്പോള്‍ പുതിയ വീട്ടില്‍ താമസമാക്കിയ തിരക്കാണ്. കഴിഞ്ഞ ദിവസം മൂന്ന് ചൈനീസ് സഞ്ചാരികളാണ് ഇവിടെ എത്തിയത്. അത്യാധുനിക സൗകര്യത്തോടെ സ്മാര്‍ട്ട് ഹോം ഒരുക്കാനുള്ള തിരക്കുകളിലാണ് ഇവരിപ്പോള്‍. ഭൂമിയുമായി ആശയവിനിമയം സുഗമമാക്കുന്നതിനായി വൈഫെ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ചൈനയില്‍നിന്നും ഇവര്‍ക്കായി റോക്കറ്റില്‍ അയച്ച പെട്ടികള്‍ പൊട്ടിച്ച് സാധനങ്ങള്‍ എടുത്തുവെക്കാന്‍ തുടങ്ങി. ഇന്ന് രാവിലെ ബഹിരാകാശനിലയത്തില്‍വെച്ച് ഇവര്‍ പ്രഭാതഭക്ഷണം കഴിച്ചു. കുളിക്കാനും കഴിക്കാനും കിടന്നുറങ്ങാനും വീട്ടുകാരുമായി സംസാരിക്കാനും ഔദ്യോഗിക ചുമതലകള്‍ നിറവേറ്റാനുമൊക്കെയുള്ള സര്‍വ്വ സജ്ജീകരണങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. 

ഇവരുടെ ബഹിരാകാശ നിലയത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ സിസിടിവി ചാനല്‍ പുറത്തുവിട്ടു. ബഹിരാകാശ നിലയത്തില്‍ ഇവര്‍ ഒഴുകിനീങ്ങുന്നതും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമടങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Chinese  astronauts  busy with smart home facilities

 

ആ മൂന്നുപേര്‍ ഇവരാണ്

ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന് ചൈനീസ് സഞ്ചാരികളുമായി ലോങ് മാര്‍ച്ച് 2 എഫ് റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് ഏഴ് മണിക്കൂറിനു ശേഷം ഇവര്‍ ബഹിരാകാശത്ത് സ്ഥാപിച്ച ടിയാങ്ഗോങ് ബഹിരാകാശ നിലയത്തില്‍ എത്തി.  ഇവരില്‍ രണ്ടു പേര്‍ മുന്‍ സൈനികരാണ്. നീയ് ഹെയ്ഷെങ്, ലിയു ബോമിങ്,  ടാങ് ഹോങ് ബോ എന്നിവരാണ് ബഹിരാകാശനിലയത്തില്‍ എത്തിയത്. 

നീയ് ഹെയ്ഷെങ് ആണ് സംഘത്തലവന്‍. പ്രായം കൂടിയ ആളും ഇദ്ദേഹമാണ്. 56 വയസ്സുള്ള നീയ് നേരത്തെ രണ്ടു തവണ ബഹിരാകാശത്ത് പോയിട്ടുണ്ട്.  ഹുബെയ് പ്രവിശ്യയിലെ  ഗ്രാമത്തില്‍ ആറ് മക്കളില്‍ ഒരാളായി ജനിച്ച നീയ് കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുവന്നത്. ചൈനീസ് വ്യോമസേനാ അംഗമായിരുന്ന അദ്ദേഹം വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നീട് ചൈനീസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമായി. 1998-ല്‍ ആദ്യമായി ബഹിരകാശത്തുപോയ ചൈനീസ് സംഘത്തില്‍ ഒരാളായിരുന്നു നീയ്. 

54 -കാരനായ ലിയു ബോമിങ് ആണ് സംഘത്തിലെ രണ്ടാമന്‍ ഹെയിലോങ്ജിയാങില്‍ ദരിദ്രകുടുംബത്തില്‍ ജനനനം. ദാരിദ്ര്യം അതിജീവിച്ചാണ് വളര്‍ന്നത്. ചൈനയുടെ 2008ലെ ഷെന്‍സു 7 ബഹിരാകാശ സംഘത്തിലും ലിയു ഉണ്ടായിരുന്നു. 45കാരനായ ടാങ് ഹോങ് ബോ ആണ് മൂന്നാമന്‍. മറ്റുള്ളവരെ പോലെ ദരിദ്രകുടുംബത്തില്‍നിന്നും ഉയര്‍ന്നുവന്നതാണ് ഇദ്ദേഹവും. വ്യോമസേനയിലെ 15 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം 2010-ല്‍ ബഹിരാകാശ ദൗത്യത്തിന് എത്തിയത്.  

 

Chinese  astronauts  busy with smart home facilities

 

ചൈനയ്ക്ക് അഭിമാന നിമിഷം

ചൈനയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ നേട്ടം. അമേരിക്കയും റഷ്യയും കാനഡയും യൂറോപും ജപ്പാനും ചേര്‍ന്ന് 1998-ല്‍ ബഹിരാകാശത്ത് സ്ഥാപിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഇടപെടുന്നതിന് ചൈനയെ അമേരിക്ക സമ്മതിച്ചിരുന്നില്ല. അതോടെയാണ് സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യവുമായി ചൈന മുന്നോട്ടുപോയത്.  

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കാലാവധി 2024 -ല്‍ കഴിയുകയാണ്.  ഇതോടെ ചൈനീസ് നിലയം നിര്‍ണായകമായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ നോക്കുകുത്തിയാക്കിയാണ് ചൈന ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളെ അയച്ചത്. ഇവര്‍ മൂന്നു മുതല്‍ ആറു മാസം വരെ ഇവിടെ താമസിക്കുമെന്നാണ് കരുതുന്നത്. 33 ദിവസമായിരുന്നു നേരത്തെ ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശത്ത്് കഴിഞ്ഞിരുന്നത്. അതില്‍നിന്നും ഏറെ മുന്നോട്ടുപോയിരിക്കുകയാണ് ഇപ്പോള്‍ ചൈനീസ് സംഘം. ബഹിരാകാശത്തേക്ക് കൂടുതല്‍ ദൗത്യങ്ങള്‍ എത്തിക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശ്യം. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും ഇവിടെ വരാനാവുന്ന രീതിയിലാണ് ചൈന ഇക്കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 

 

Chinese  astronauts  busy with smart home facilities

 

വൈഫൈ സംവിധാനം

ബാന്‍ഡ് വിഡ്ത് കൂടിയ വൈ ഫൈ സംവിധാനം ഇവിടെ സജ്ജമാക്കിക്കഴിഞ്ഞു. ബ്‌ളൂ ടൂത്ത് വഴിയും വൈ ഫൈ വഴിയും വയര്‍ലസ് ആശയവിനിമയം നടത്താന്‍ ഇവര്‍ക്കാവും. സ്വകാര്യ വോയിസ് കോള്‍ ചാനലും ഇവിടെ ഉണ്ടാവും. ഒപ്പം ഭൂമിയില്‍നിന്നും ചെയ്യുന്ന അതേ വേഗതയില്‍ ബ്രൗസിംഗ് നടത്താനും ഇവര്‍ക്കാവും. 

ഇവരുടെ വരവിനു തൊട്ടുമുമ്പായി 6.8 ടണ്‍ സാധനങ്ങളുമായി രണ്ട് കാര്‍ഗോ ബഹിരാകാശ വാഹനങ്ങള്‍ ഇവിടെ എത്തിയിരുന്നു. സാധനങ്ങള്‍ അടങ്ങിയ 160 പാര്‍സലുകള്‍ ഇതിലുണ്ട്. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഈ പാര്‍സലുകളിലെ സാധനങ്ങള്‍ കണ്ടെത്താം. 120 ഇനം ബഹിരാകാശ ഭക്ഷണ വസ്തുക്കള്‍ നിലയത്തിലുണ്ടാവും. ചൈനയിലെ പ്രശസ്തമായ ഭക്ഷണ ഇനങ്ങളും പോഷകാഹാരങ്ങളും സമീകൃത ആഹാരങ്ങളും  ഇതിലുണ്ടാവും. ബഹിരാകാശ അടുക്കള, ബഹിരാകാശ ആശുപത്രി, എയര്‍ കണ്ടിഷനിംഗ് സിസ്റ്റം എന്നിവയും സജ്ജമായിട്ടുണ്ട്. ഭക്ഷണം ചൂടാക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടാവുമെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ശരീര താപനില, ഹൃദയമിടിപ്പ്, ശ്വാസഗതി എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ സിഗരറ്റ്് പാക്കിന്റെ വലിപ്പമുള്ള ഉപകരണങ്ങള്‍ ഇവര്‍ കൊണ്ടുനടക്കുന്നുണ്ട്. ഇവരുടെ ശരീരത്തിന്റെ പരിശോധനാ ഫലങ്ങള്‍ യഥാസമയം ഭൂമിയിലെ സ്‌റ്റേഷനിലെത്തും. 

മൂത്രം സംസ്‌കരിക്കാനും പുനരുല്‍പ്പാദനം നടത്താനുമുള്ള സംവിധാനമാണ് ഇതിലേറ്റവും പ്രധാനം. ജലവിഭവങ്ങള്‍ പുനരുല്‍പ്പാദനം നടത്താനുള്ള സൗകര്യം എന്നത് ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്. ആറു ലിറ്റര്‍ മൂത്രത്തില്‍ നിന്ന് അഞ്ച് ലിറ്റര്‍ ജലം ഉല്‍പ്പാദിപ്പിക്കാനാവുന്ന സംവിധാനമാണ് ഇവിടെ ആവിഷ്‌കരിച്ചത്. 

 

Follow Us:
Download App:
  • android
  • ios